panth

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്

പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ

ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് ബംഗളൂരുവിലെ ചിന്നസ്വമി സ്‌റ്റേഡിയത്തിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർന്ന് മൊഹാലിയിൽ നടന്ന രണ്ടാം മത്സരത്തിൽ 7 വിക്കറ്രിന്റെ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.

ഇന്നത്തെ മത്‌സരത്തിൽ തോറ്രാലും പരമ്പര സമനിലയിലാകും എന്നതിനാൽ സമ്മർദ്ദം അധികമില്ലാതെയാണ് വിരാട് കൊഹ്‌ലിയും സംഘവും ചിന്നസ്വാമിയിൽ ഇറങ്ങുന്നത്. മറുവശത്ത് ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിൽ നിന്നൊരു തിരിച്ചുവരവിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്ക വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.

ലക്ഷ്യം ലോകകപ്പ്

അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കമാണ് ഇരുടീമുകൾക്കും ഈ പരമ്പര. മാറ്രത്തിന്റെ പാതയിലാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. പരിചയസമ്പന്നരായ പ്രമുഖരുടെ വിരമിക്കലിനും പിൻമാറ്രത്തിനും ശേഷം പുതുമുഖങ്ങളെയും യുവതാരങ്ങളെയും ഉൾപ്പെടുത്തി പുതിയൊരു ടീമിനെക്കെട്ടിപ്പെടുക്കുകയാണവർ.

മറുവശത്ത് ഇന്ത്യയും ലോകകപ്പിനുള്ള സംഘത്തെ വളർത്തിക്കൊണ്ടു വരികയാണ്. ബാറ്രിംഗ് ഓർഡറിൽ നാലാം നമ്പറിൽ ആരെന്നുള്ളതാണ് ടീം ഇന്ത്യയുടെ പ്രധാന വെല്ലുവിളി. പന്തിന്റെ ഫോമും പ്രശ്‌നമാണ്.

പന്തിന്റെ പതർച്ചയും

നാലാം നമ്പറും

ടീം ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദമില്ലെങ്കിലും വിക്കറ്ര് കീപ്പർ റിഷഭ് പന്ത് വലിയ ടെൻഷനിൽ തന്നെയാണ്. ധോണിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കുമ്പോഴും ബാറ്രിംഗിൽ തുടർച്ചയായി പരാജയപ്പെടുന്നത് പന്തിന് പാരയായിരിക്കുകയാണ്. കഴിഞ്ഞ പത്ത് ട്വന്റി-20 ഇന്നിംഗ്സുകളിൽ ഏഴിലും പന്ത് രണ്ടക്കം കാണാതെ പുറത്തായിരുന്നു. മോശം ഷോട്ട് കളിച്ച് പുറത്താകുന്ന പന്തിന്റെ പതിവ് രീത് പരിശീലകൻ രവി ശാസ്ത്രിയേയും ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിനെയുമെല്ലാം ചൊടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ശാസ്‌ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പന്തിന് പകരക്കാരായി മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ റെഡിയായി അണിയറയിലുണ്ടെന്ന് പ്രസാദും വ്യക്തമാക്കിയിരുന്നു. ഇനിയും താളം കണ്ടെത്തിയില്ലെങ്കിൽ പന്ത് പുറത്ത് പോകേണ്ടിവരുമെന്ന വ്യക്തമായ സന്ദേശമാണിത്. കഴിഞ്ഞ മത്സരത്തിലും നാല് റൺസ് മാത്രമെടുത്ത് പന്ത് പുറത്തായിരുന്നു.

നാലാം നമ്പറിൽ തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ ബാറ്റിംഗ് നമ്പറിൽ താഴേക്കിറക്കണമെന്നാണ് വിദഗദ്ധർ പറയുന്നത്. തലവേദനയായ നാലാം നമ്പറിൽ ശ്രേയസ് അയ്യറെ പരീക്ഷിക്കണമെന്നാണ് പരക്കെ അഭിപ്രായമുയരുന്നത്. നാലാം നമ്പറിന് യോജിച്ച രീതിയിലുള്ള ബാറ്രിംഗ് ശൈലിയാണ് ശ്രേയസിന്റേതെന്നാണ് വിലയിരുത്തൽ. തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന പന്തിന് ഫിനിഷറുടെ റോളാകും കൂടുതൽ ഇണങ്ങുകയെന്നും അഭിപ്രായമുണ്ട്.

ജയിക്കാൻ ഇന്ത്യ

തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായ ചിന്നസ്വാമിയിൽ തകർപ്പൻ ജയം തന്നെയാണ് വിരാട് കൊഹ്‌ലി സ്വപ്‌നം കാണുന്നത്. കഴിഞ്ഞ കളിയിൽ ഇന്ത്യയെ വിജയതീരത്തെത്തിച്ച ഫോം ഇവിടെയും തുടരാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഐ.പി.എല്ലിൽ കൊഹ്‌ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായതിനാൽ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയുകയും ചെയ്യാം. ഇവിടത്തെ ബൗണ്ടറി ചെറുതായതിനാൽ ഒരു പേസ് ബൗളറെക്കൂടി ഇന്ത്യ അധികമായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ഖലീൽ അഹമ്മദിന് നറുക്ക് വീഴും. ക്രുനാൽ പാണ്ഡ്യയ്ക്ക് പകരം രാഹുൽ ചഹറിന് അവസരം കിട്ടാനും സാധ്യതയുണ്ട്.

സാധ്യതാ ടീം: രോഹിത്, ശിഖർ, വിരാട്, ശ്രേയസ്, പന്ത്, ഹാർദ്ദിക്, ക്രുനാൽ/രാഹുൽ ചഹർ, ജഡേജ, സുന്ദർ, ദീപക് ചഹർ, നവദീപ് സെയ്നി.

തിരിച്ചടിക്കാൻ ദക്ഷിണാഫ്രിക്ക

കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നത്. നോർട്ട്‌ജെയ്ക്ക് പകരം ജൂനിയർ ഡാല ആദ്യ ഇലവനിൽ ഇടംനേടാൻ സാധ്യതയുണ്ട്. നായകൻ ഡി കോക്കും എ ടീം നായകനായിരുന്ന ബവുമയും ഫോമിലാണെന്നത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

സാധ്യതാ ടീം: ഡി കോക്ക്, റീസ്സ ഹെൻഡ്രിക്കസ്, ഡുസ്സൻ, ബവുമ, മില്ലർ, ആൻഡിലെ പെഹുൽക്വായോ, പ്രിറ്രോറിയസ്, ഫോർറ്റുയിൻ, റബാഡ, ഡാല, ഷംസി.

ഓർമ്മിക്കാൻ

മുഖാമുഖം വന്ന 7 മത്സരങ്ങളിൽ 3 തവണ രോഹിത് ശർമ്മയെ ജൂനിയർ ഡാല പുറത്താക്കിയിട്ടുണ്ട്.

ഐ.പി.എല്ലിലെ ഡൽഹി ക്യാപിറ്രൽസ് താരമായ ഡി കോക്ക് ചിന്നസ്വാമിയിൽ 10 ട്വന്റി-20 ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 384 റൺസ് നേടിയിട്ടുണ്ട്