atm

മുംബയ്: എ.ടി.എം ഇടപാട് പരാജയപ്പെട്ടാൽ, അക്കൗണ്ടിൽ നിന്ന് പോയ പണം ബാങ്കിൽ നിന്ന് തിരികെ ലഭിക്കാൻ റിസർവ് ബാങ്ക് പുതിയ സമയപരിധി (ടേൺ എറൗണ്ട് ടൈം - ടി.എ.ടി) നിശ്‌ചയിച്ചു. എ.ടി.എം ഇടപാട് നടത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോകുകയും എന്നാൽ, മെഷീനിൽ നിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉപഭോക്താവിന്റെ പരാതിക്കായി കാത്തുനിൽക്കാതെ തന്നെ ബന്ധപ്പെട്ട ബാങ്ക് പണം തിരികെ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു.

എ.ടി.എമ്മുകൾക്ക് പുറമേ ഡെബിറ്ര്/ക്രെഡിറ്റ് കാർഡ് ഇടപാട്, ഐ.എം.പി.എസ്., യു.പി.ഐ., പ്രീപെയ്ഡ് കാർഡ് ഇടപാട് എന്നിവയ്ക്കും പുതിയ ചട്ടം ബാധകമാണ്. പരാജയപ്പെട്ട ഇടപാടിന്റെ പിറ്റേന്ന് മുതൽ അഞ്ചുദിവസത്തിനകം പണം ഉപഭോക്താവിന് തിരികെ നൽകണം (ഓട്ടോ-റിവേഴ്‌സൽ). സമയപരിധി ലംഘിച്ചാൽ തുടർന്നുള്ള ഓരോ ദിവസവും ബാങ്ക് 100 രൂപ വീതം പിഴയായി ഉപഭോക്താവിന് നൽകണം. നിലവിൽ, ഇത്തരം പരാതികളിന്മേൽ പണം തിരികെ നൽകാൻ ബാങ്കുകൾ കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും എടുക്കാറുണ്ട്.

ഇടപാടിലൂടെ നഷ്‌ടമായ പണം ബാങ്ക് തിരിച്ചുനൽകിയില്ലെങ്കിൽ ഉപഭോക്താവ് ബാങ്കിംഗ് ഓംബുഡ്‌സ്‌മാന് പരാതി നൽകണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. ഉപഭോക്താവിന്റെ ആത്‌മവിശ്വാസം ഉയർത്തുക, പരാജയപ്പെട്ട ഇടപാടുകൾ പരിഹരിക്കുന്ന നടപടി കൂടുതൽ സുതാര്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം റിസർവ് ബാങ്ക് കൊണ്ടുവന്നത്.

ചട്ടം 1.

എ.ടി.എം., ഐ.എം.പി.എസ്., യു.പി.ഐ., കാർഡ് ഇടപാടുകൾ എന്നിവ നടത്തുമ്പോൾ ഉപഭോക്താവിന് പണം നഷ്‌ടമായാൽ അഞ്ചുദിവസത്തിനകം ബന്ധപ്പെട്ട ബാങ്ക് പണം തിരികെ നൽകണം.

ചട്ടം 2.

നിശ്‌ചിത സമയപരിധിക്കകം ഉപഭോക്താവിന് പണം തിരികെ നൽകാൻ ബാങ്കിന് കഴിഞ്ഞില്ലെങ്കിൽ, പ്രശ്‌നം പരിഹരിക്കാൻ തുട‌ർന്നെടുക്കുന്ന ഓരോ ദിവസവും 100 രൂപ വീതം പിഴയായി ബാങ്ക് ഉപഭോക്താവിന് നൽകണം.

പരാതിക്കായി കാക്കേണ്ട

പണം നഷ്‌ടമായെന്ന ഉപഭോക്താവിന്റെ പരാതിക്കായി കാത്തുനിൽക്കാതെ തന്നെ ബാങ്കുകൾ നടപടി എടുക്കണമെന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നിർദേശം.