pakistan-

ന്യൂയോർക്ക് : നൂറുകണക്കിന് പഷ്തൂൺ സ്ത്രീകളെ പാകിസ്ഥാൻ സൈനികർ ലൈംഗിക അടിമകളാക്കുകയും വിൽക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് പാകിസ്ഥാൻ സർക്കാരിന്റെ കണ്ണിലെ കരടായ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഗുലാലായ് ഇസ്മായിൽ(32) അമേരിക്കയിലേക്ക് പലായനം ചെയ്തു. രാജ്യം മുഴുവൻ പാകിസ്ഥാൻ സൈന്യം ഗുലാലായ് ഇസ്മായിലിനായി പഴുതടച്ച് തെരച്ചിൽ നടത്തുമ്പോഴാണ് അവരുടെ പലായനം.

രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവൻ അപകടത്തിൽപെട്ടേക്കാം എന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു പറയുന്നില്ലെന്ന് വിദേശമാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഗുലാലായ് പറഞ്ഞു.

പതിനാറാമത്തെ വയസ്സിൽ 'അവെയർ ഗേൾസ്' എന്ന പേരിൽ എൻ.ജി.ഒ സ്ഥാപിച്ചായിരുന്നു ഗുലാലായുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് തുടക്കം. പാകിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ഗുലാലായ് പോരാടാൻ തുടങ്ങിയതോടെയാണ് അവർക്കെതിരെ ഭരണകൂടം തിരിഞ്ഞത്. നൂറുകണക്കിനു സ്ത്രീകൾ ദിവസംതോറും പാകിസ്ഥാൻ സൈന്യത്തിന്റെ ലൈംഗിക പീഡനങ്ങൾക്കു ഇരയാകുന്നുണ്ട്. ഭയപ്പെടുത്തിയും വേദനിപ്പിച്ചും പഷ്തൂൺ വിഭാഗത്തിൽപെട്ടവരെ പാകിസ്ഥാനിൽ നിന്നു തുടച്ചു നീക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്– ഗുലാലായ് പറഞ്ഞു,

പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂൺ. എന്നാൽ സൈന്യത്തിന്റെ പീഡനങ്ങളെ ഭയന്ന് പാകിസ്ഥാനിലെ പഷ്തൂൺ കുടുംബങ്ങൾ അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്യുകയാണെന്നും ഗുലാലായി പറയുന്നു. പഷ്തൂണുകളുടെ വീടുകൾ ആക്രമിക്കുന്ന പാക്ക് സൈന്യം, സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം പട്ടാള ക്യാംപുകളിൽ ലൈംഗിക അടിമകളാക്കുകയാണ്. ഈ സ്ത്രീകളെ സൈന്യം ഭീകര പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നുണ്ടെന്നും ഗുലാലായി പറയുന്നു.

പഷ്തൂൺ സംരക്ഷണ മുന്നേ​റ്റം എന്ന ഗുലാലായിയുടെ പ്രതിഷേധത്തിന് വൻ പ്രചാരമാണ് പാകിസ്ഥാനിൽ ലഭിച്ചത്. പതിനായിരങ്ങൾ അവർക്ക് പിന്തുണയുമായി വന്നു. പാകിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയുള്ള ഗുലാലായുടെ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ തുടർന്ന് പാക് ഭരണകൂടവും പട്ടാളവും തീരുമാനമെടുക്കുകയായിരുന്നു.


രാജ്യാന്തര തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗുലാലായിയെ എക്സി​റ്റ് കൺട്രോൾ ലിസ്​റ്റിൽപെടുത്തി രാജ്യം വിടുന്നത് പാക്കിസ്ഥാൻ വിലക്കിയിരുന്നു. ശ്രീലങ്ക വഴിയാണ് ഇവർ യുഎസിൽ എത്തിയതെന്നാണ് നിഗമനം. പാക്കിസ്ഥാൻ പൗരന്മാർക്ക് ആ വഴി പാസ്‌പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ അനുമതിയുണ്ട്. മാസങ്ങളായി ഒളിവിലായിരുന്നുവെന്നും ഭീകരമായ ദിനങ്ങളാണു കഴിഞ്ഞു പോയതെന്നും ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യമായാണ് കരുതുന്നതെന്നും ഗുലാലായ് പറഞ്ഞു

ഗുലാലായ് ഇപ്പോൾ സഹോദരിക്കൊപ്പം ന്യൂയോർക്കിലാണെന്നും രാഷ്ട്രീയ അഭയം നൽകണമെന്ന് യു.എസിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഭരണകൂട വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്നായിരുന്നു ഗുലാലായ്‌ക്കെതിരെ പാക് ഭരണകൂടം ഉയർത്തിയ പ്രധാന ആരോപണം. ഭീകരർക്കു സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് ഗുലാലായിയുടെ കുടുംബത്തിനു മേൽ പാക് ഭരണകൂടം ഉന്നയിക്കുന്ന മ​റ്റൊരു ആരോപണം. ഗുലാലായ് രാജ്യം വിട്ടതായി സംശയിക്കുന്നതായും പാക് സുരക്ഷാസേന നിഴൽ പോലെ പുറകെയുണ്ടെന്നും പാകിസ്ഥാൻ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. എന്നാൽ എല്ലാ സുരക്ഷാസംവിധാനങ്ങളെയും മറികടന്നു ഗുലാലായ് യു.എസിലെത്തിയത് പാകിസ്ഥാനെ പ്രതിരോധത്തിലാക്കി.

ി
ജീവനും കൊണ്ടാണ് പാകസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടതെന്നും ജയിലിൽ അടച്ചു തന്നെയും തനിക്കൊപ്പം നിൽക്കുന്നവരെയും നിശബ്ദമാക്കാനാണ് ഇമ്രാൻഖാൻ ഭരണകൂടം ശ്രമിക്കുന്നതെന്നും ഗുലാലായ് പറഞ്ഞു. പാക്കിസ്ഥാൻ കോടതിയിൽ ആറുകേസുകളോളം ഗുലാലായിയുടെ പേരിലുണ്ട്. ജീവൻ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞതോടെയാണ് മകൾ രാജ്യം വിടാൻ തീരുമാനിച്ചതെന്നു പിതാവ് മുഹമ്മദ് ഇസ്മയിൽ പറഞ്ഞു.