കൊല്ലം: തിരുവനന്തപുരം പള്ളിക്കലിൽ സർക്കാർ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന കേസിലെ പ്രതികളെ തിരക്കിയെത്തിയ പൊലീസ് പരവൂരിലെ വീട്ടിൽ മൂന്ന് രാത്രികളിൽ തുടർച്ചയായി അതിക്രമം കാട്ടി. കേസിൽ പ്രതിയായ സുഗതകുമാറിന്റെ മകളുടെ വീട്ടിലാണ് അതിക്രമം നടന്നത്.
ചൊവ്വാഴ്‌ച രാത്രി പൊലീസിന്റെ പരാക്രമം കണ്ട് സുഗതകുമാറിന്റെ കാൻസർ രോഗിയായ ഭാര്യ തളർന്ന് വീണു. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടുകാർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്ത് വിട്ടതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. പ്രതികളെ കിട്ടിയില്ലെങ്കിൽ സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് സംഘത്തിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. അതിക്രമം മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ സ്ത്രീകളിൽ ഒരാളുടെ കൈയിൽ പൊലീസ് ഉദ്യോഗസ്ഥൻ കടന്ന് പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സുഗതകുമാറിന്റെ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ചെന്ന തർക്കമാണ് കേസിന് ഇടയാക്കിയ സംഭവങ്ങളിലേക്ക് നയിച്ചത്. സുഗതകുമാറും എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകനായ മകൻ രഞ്ജീഷും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. ഇത് പരിഗണിക്കാതെയാണ് പൊലീസ് ഇടപെടൽ. അതിക്രമത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.