ചെന്നൈ: എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ (സിംസ്) അയോട്ടിക് അന്യൂറിസം ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. രക്തധമനി വീക്കവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ചികിത്സ ഇവിടെ ലഭ്യമാകും. മലയാളിയായ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.വി.വി. ബാഷിയാണ് സെന്ററിന്റെ പ്രവർത്തന നേതൃത്വം വഹിക്കുന്നത്.
രക്തധമനി രോഗത്തിന് മാത്രമായുള്ള രാജ്യത്തെ ആദ്യ ചികിത്സാ കേന്ദ്രമാണിതെന്ന് ഡോ.വി.വി. ബാഷി പറഞ്ഞു. രക്തധമനി രോഗ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സെന്ററിന്റെ ഉദ്ഘാടനം ദ ഹിന്ദു പബ്ളിഷിംഗ് ഗ്രൂപ്പ് ചെയർമാൻ എൻ. റാം നിവഹിച്ചു. പ്രതിവർഷം നാലുലക്ഷത്തോളം പേർക്ക് ഇന്ത്യയിൽ ധമനിവീക്കം കണ്ടെത്താറുണ്ടെങ്കിലും ആയിരത്തോളം പേർക്ക് മാത്രമാണ് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നത്.
ധമനിവീക്കം സംബന്ധിച്ച് ഏവരെയും ബോധവത്കരിക്കുകയും രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയുമാണ് അയോട്ടിക് അന്യൂറിസം ചികിത്സാ കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഡോ.വി.വി. ബാഷി പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൗജന്യ പരിശോധന ലഭ്യമാണ്. സിംസ് വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസാമി, ഡോ.കെ. മുരളി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ചെന്നൈയിൽ പ്രവർത്തിക്കുന്ന 345 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സിംസ്. ഹൃദ്രോഗ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്, 1500ലേറെ ധമനി ശസ്‌ത്രക്രിയകൾ നടത്തിയിട്ടുള്ള ഡോ.വി.വി. ബാഷി നയിക്കുന്ന സംഘമാണ്.