കൊച്ചി: ലോകത്തെ ഏറ്റവും മികച്ച സ്‌ത്രീശാക്‌തീകരണ പദ്ധതിയാണ് കുടുംബശ്രീ എന്നും സമൂഹത്തെ സമ്പന്നമാക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്ന ഇത്തരം പദ്ധതികൾ നമുക്ക് വലിയ മാതൃകകൾ ആകണമെന്നും മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. വനിതാ സംരംഭകരുടെ സംസ്ഥാന സമ്മേളനം 'വിമൻ ഇൻ ബിസിനസ്" ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടൈ കേരളയും വിമൻ എന്റർപ്രണേഴ്‌സ് നെറ്റ്‌വർക്കും (വെൻ) സംയുക്തമായി കൊച്ചിയിലാണ് 'ഡെയർ ടു ഡ്രീം" എന്ന പ്രമേയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും പുരോഗമന സമൂഹങ്ങളിലൊന്നാണ് കേരളം. ഈ വസ്തുത നിലനിൽക്കേ, വനിതാ സംരംഭകത്വത്തിന്റെ പാതയിൽ നമുക്ക് വളരെയധികം മുന്നേറാനുണ്ട്. നമ്മുടെ സാമൂഹിക വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സംരംഭകത്വത്തിന് പുതിയ നിർവചനം ആവശ്യമാണെന്നും അവർ പറഞ്ഞു. ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, വിമൻ ഇൻ ബിസിനസ് പ്രോഗ്രാം ചെയർപേഴ്‌സൺ ഷീല കൊച്ചൗസേപ്പ്, മരിയ എബ്രഹാം എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ബിസിനസിൽ ഉയർന്ന പ്രകടനം കാഴ്‌ചവയ്ക്കുന്ന വ്യക്തികളുടെ സവിശേഷതകളെക്കുറിച്ച് കെ.പി.എം.ജി ഇന്ത്യ മാനേജിംഗ് പാർട്ണർ ശാലിനി പിള്ള മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായിക അഞ്ജലി മേനോൻ സ്ത്രീകളുടെ ജന്മസിദ്ധമായ മാനേജ്‌മെന്റ് കഴിവുകൾ, ലിംഗ നീതി എന്നിവയെക്കുറിച്ച് സംസാരിച്ചു.
ആമ്പിയർ വെഹിക്കിൾസ് സി.ഇ.ഒ ഹേമലത അണ്ണാമലൈ, ചെന്നൈ ഏഞ്ചൽസിലെ ഏഞ്ചൽ നിക്ഷേപകയായ പത്മ ചന്ദ്രശേഖരൻ, ബ്ലൂബീൻസ് സ്ഥാപക നികിത ബർമൻ, കാസറോ ക്രീമറി സഹസ്ഥാപക അനു ജോസഫ്, ട്രാഷ്‌കോൺ ലാബ്‌സ് സി.ഇ.ഒ ആർ.എം. നിവേദ, യു.പി.എം അഡ്വർടൈസിംഗിന്റെ മേരി ജോർജ്, ഉഷ ഉതുപ്പ്, അഞ്ജലി ഉതുപ് കുര്യൻ, ആയിഷ എലിസബത്ത് ജോൺ തുടങ്ങിയവർ പങ്കെടുത്തു.