മുംബയ്:ബി. ജെ. പി - ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെട്ടിപ്പിടിച്ച വലിയ വിജയത്തിന്റെ തിളക്കത്തിലാണ് ഇരു പാർട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ലോക്‌സഭാ തിരഞെെടുപ്പിൽ അമ്പേ തകർന്ന എൻ.സി.പി - കോൺഗ്രസ് സഖ്യമാണ് മറുപക്ഷത്ത്.
മോദിയുടെ രണ്ടാം വരവിന്റെ പ്രഭാവത്തിൽ നിൽക്കുന്ന ബി. ജെ. പിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസ് മുന്നണിക്ക് കഴിയുമെന്ന് കരുതുന്നില്ല. ബി. ജെ. പിയും ശിവസേനയും തമ്മിലുള്ള ഉരസലിൽ നിന്ന് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 സീറ്റുകളിൽ 41എണ്ണവും ബി. ജെ. പി - ശിവസേന സഖ്യമാണ് നേടിയത്. ( ബി. ജെ. പി 23, ശിവസേന 18 ).
2014ലെ പൊതു തിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ച ഇരുകക്ഷികളും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിച്ചത്. കോൺഗ്രസ് - എൻ. സി. പി സഖ്യത്തെ പുറത്താക്കാനായി ഇരു കക്ഷികളും സഖ്യമുണ്ടാക്കുകയും ബി. ജെ. പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി മുന്നണി സർക്കാർ അധികാരത്തിലേറുകയുമായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മോദിയുടെ പ്രഭാവമാണ് സംസ്ഥാനത്ത് ബി. ജെ.പിക്ക് നേട്ടം സമ്മാനിച്ചത്. ഇത്തവണയും പൊതുതിരഞ്ഞെടുപ്പിൽ മോദി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതിന് പിന്നാലെ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ആ മാജിക് ആവർത്തിക്കാനാണ് സാദ്ധ്യത. എങ്കിലും രാമക്ഷേത്ര നിർമ്മാണവും സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഉൾപ്പെടെ പല വിഷയങ്ങളിലും ശിവസേനയും ബി. ജെ. പിയും തമ്മിൽ ഉരസലുകൾ നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഇരു കക്ഷികളും തമ്മിൽ സീറ്റ് ധാരണയായിട്ടില്ല. കഴിഞ്ഞ തവണത്തെ പോലെ മത്സരം ഒറ്റയ്ക്കാവുമോ എന്ന് വ്യക്തമായിട്ടില്ല. കോൺഗ്രസ് - എൻ. സി. പി സഖ്യത്തിന് ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ മാത്രമാണ് കിട്ടിയത്. അതിൽ നാലും എൻ. സി. പിക്കാണ്. ഇരു പാർട്ടികളും 125 സീറ്റുകളിൽ വീതം മത്സരിക്കാൻ ധാരണയായിട്ടുണ്ട്.
2014 നിയമസഭ തിരഞ്ഞെടുപ്പ്
ആകെസീറ്റ്: 282
ഭൂരിപക്ഷത്തിന് വേണ്ടത്:145 സീറ്റ്
ശിവസേന: 63
ബി.ജെ.പി: 122
കോൺഗ്രസ് : 42
എൻ.സി.പി: 41
മറ്റ് കക്ഷികൾ: 20
ബി.ജെ.പിക്ക് അനുകൂലം:
1, 2019 ലോക്സഭാ വിജയം
2, മോദിയുടെ പ്രചാരണം
3. ദളിത് വോട്ടുകൾ പിളർത്തുന്ന പ്രകാശ് അംബേദ്കറുടെ പാർട്ടിയുടെ സാന്നിദ്ധ്യം
കോൺഗ്രസിന് അനുകൂലം:
1, ബി.ജെ.പി - ശിവസേന തർക്കങ്ങൾ
2, തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും
ആകെ വോട്ടർമാർ: 8.9 കോടി
വനിതാ വോട്ടർമാർ: 4.27 കോടി
ട്രാൻസ്ജെൻഡറുകൾ: 2593