ബംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ യെദിയൂരപ്പ സർക്കാരിനിത് നിർണായകം. ഭരണപക്ഷത്തെ 17 എം.എൽ.എമാർ കാലുമാറി ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിന് താഴെയിറങ്ങേണ്ടി വന്നത്. അതേസമയം, കോൺഗ്രസിനൊപ്പം സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ് വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാ സീറ്റിലും ജെ.ഡി.എസ് സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും കോൺഗ്രസുമായുള്ള സഖ്യത്തിൽനിന്ന് പാഠംപഠിച്ചെന്നും ജെ.ഡി.എസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
എം.എൽ.എമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന 17 സീറ്റുകളിൽ 15 എണ്ണത്തിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. മസ്കി, ആർ.ആർ നഗർ എന്നീ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളുമായും ബന്ധപ്പെട്ട് പ്രത്യേക തിരഞ്ഞെടുപ്പ് കേസ് കർണാടക ഹൈക്കോടതിയിൽ നടക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്. അതേസമയം, പിന്തുണ പിൻവലിച്ച എം.എൽ.എമാരെ മുൻ സ്പീക്കർ അയോഗ്യരായി പ്രഖ്യാപിച്ചതിനാൽ ഇവർക്ക് ഇത്തവണ മത്സരിക്കാനാകില്ല.
വിശ്വാസവോട്ടെടുപ്പിനായി എം.എൽ.എമാരെ വിലയ്ക്ക് വാങ്ങിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുത്ത് ശക്തിതെളിയിക്കുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. അതേസമയം, ജെ.ഡി.എസും കോൺഗ്രസും സഖ്യമായി മത്സരിക്കില്ലെന്നത് ബി.ജെ.പിക്ക് ആശ്വാസം പകരുന്നതാണ്. ജയമായാലും പരാജയമായാലും കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചുകഴിഞ്ഞു. യെദിയൂരപ്പ സർക്കാരിന് അധികം ആയുസില്ലെന്നും ഉടൻ വീഴുമെന്നാണ് തന്റെ പ്രവചനമെന്നും കഴിഞ്ഞ സഖ്യസർക്കാരിലെ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വെള്ളിയാഴ്ച പറഞ്ഞിരുന്നു. 225 അംഗ കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ 105 അംഗങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. സഖ്യ സർക്കാരിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 20 പേർ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.