തിരുവനന്തപുരം: ശമ്പള വർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു മാസക്കാലമായി തൊഴിലാളി യൂണിയൻ സമരം നടക്കുന്ന മുത്തൂറ്റ് മാനേജ്മെന്റിനെ വിമർശിച്ച് വി.എസ് അച്യുതാനന്ദൻ രംഗത്ത്. 'കളി തന്നോട് വേണ്ടെന്നും, കളിച്ചാൽ കട പൂട്ടി കേരളത്തിനു പുറത്തേക്ക് മാനേജ്മെന്റിന്റെ പോകുമെന്നുമാണ് ഭീഷണി. ഈ ഭീഷണി കേട്ടാൽ കേരള സർക്കാർ ഞെട്ടി വിറയ്ക്കുമെന്നും, കാലിൽ വീഴുമെന്നുമാണ് അയാളുടെ വിചാരമെന്നും വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.
മുത്തൂറ്റിന്റെ ഭീഷണി കേരള ജനതയോടും തൊഴിലാളി വർഗത്തോടുമാണ്. ഇത്തരം ഊറ്റ് കമ്പനികൾ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണമെന്നും വി.എസ് അവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു ചിട്ടിക്കമ്പനിക്കാരന്‍ തന്‍റെ സ്ഥാപനത്തില്‍ തൊഴിലാളി യൂണിയനുകള്‍ അനുവദിക്കില്ലെന്നും മിനിമം വേതന നിയമം തനിക്ക് ബാധകമല്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കളി തന്നോട് വേണ്ടെന്നും, കളിച്ചാല്‍ കട പൂട്ടി കേരളത്തിനു പുറത്തേക്ക് പോകുമെന്നുമാണ് ഭീഷണി. ഈ ഭീഷണി കേട്ടാല്‍ കേരള സര്‍ക്കാര്‍ ഞെട്ടി വിറയ്ക്കുമെന്നും, കാലില്‍ വീഴുമെന്നുമാണ് അയാളുടെ വിചാരം എന്ന് തോന്നുന്നു.
മുത്തൂറ്റിന്‍റെ ഭീഷണി കേരള ജനതയോടും തൊഴിലാളി വര്‍ഗത്തോടുമാണ്. നിയമവും നീതിപീഠവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകളും എന്തിന്, ഇന്ത്യന്‍ പ്രധാനമന്ത്രി പോലും തനിക്കു മുന്നില്‍ ഒന്നുമല്ല എന്ന ഈ ധാര്‍ഷ്ട്യത്തെ കയറൂരി വിട്ടുകൂട. ഈ ബ്ലേഡ് കമ്പനിയുടെ ഊറ്റ് അവസാനിപ്പിച്ചാല്‍ കേരളം ഒലിച്ചു പോവുകയൊന്നുമില്ല. ഇത്തരം ഊറ്റ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം.
കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ സ്ഥാപനം പൂട്ടിയാല്‍ കേരളത്തില്‍ത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ ആ പണമെടുത്ത് കേരളത്തില്‍ മറ്റെന്തെങ്കിലും സംരംഭം തുടങ്ങും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും കേരളത്തില്‍നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ല.
കേരളത്തിലെ പണമിടപാട് അവസാനിപ്പിച്ചാലും, മുത്തൂറ്റിനെ അങ്ങനെ നാടുവിടാന്‍ അനുവദിച്ചുകൂട. രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവാത്ത ഈ സ്ഥാപനത്തെ സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം. സ്വര്‍ണ നിക്ഷേപങ്ങളുടെയും പണയത്തിന്‍റെയും കാര്യത്തില്‍ ഉള്‍പ്പെടെ ഈ സ്ഥാപനത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കുകയും വേണം.