kummanam-

തിരുവനന്തപുരം : കേരളത്തിലെ അഞ്ചുമണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി ചർച്ചകൾക്കും ചൂടുപിടിച്ചു.തലസ്ഥാനത്തെ നിർണായക മണ്ഡലമായ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എത്തുമോ എന്നതാണ് രാഷ്ട്രീയചർച്ചകളിൽ മുന്നിട്ടുനിൽക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വവും കുമ്മനവും ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച കുമ്മനം രാജശേഖരൻ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ. സീമയെ മൂന്നാംസ്ഥാനത്ത് പിന്തള്ളി കുമ്മനം കെ മുരളീധരനു പിന്നിൽ രണ്ടാമത് എത്തിയിരുന്നു. ടിഎൻ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സി.പി.എമ്മിൽ വലിയ വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവർണറായി നിയമിതനായ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.


ഗവർണർ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കുമ്മനത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിരുന്നു. എന്നാൽ വിജയിക്കുമെന്ന പ്രതീതി ഉയർത്തിയ ശേഷം ശശി തരൂരിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താനേ കുമ്മനത്തിന് ഇത്തവണയും കഴിഞ്ഞുള്ളൂ. പക്ഷേ പ്രചാരണ രംഗത്ത് കുമ്മനം ഉണ്ടാക്കിയ മുന്നേ​റ്റം പാർട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ

വട്ടിയൂർകാവിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഒരു വിഭാഗം കുമ്മനത്തിന്റെ പേര് ഉയർത്തിക്കാട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവായിരം വോട്ടിന് മാത്രമാണ് കുമ്മനം വട്ടിയൂർക്കാവിൽ തരൂരിനു പിന്നിലേക്കു പോയത്. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം സ്ഥാനാർഥിയായാൽ ജയ സാദ്ധ്യത തന്നെയുണ്ടെന്നും നേതാക്കൾ മനസു തുറക്കുന്നു. അതേസമയം കുമ്മനം ഇല്ലെങ്കിൽ ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെയും ജില്ലാപ്രസിഡന്റ് അഡ്വ. സുരേഷിന്റെയും വി.വി. രാജേഷിന്റെയും പേരുകളും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

കൂടാതെ അടുത്തിടെ നടന്ന ഗവർണർ നിയമനത്തിൽ കേന്ദ്രനേതൃത്വം കുമ്മനത്തെ പരിഗണിക്കാതിരുന്നത് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വം കണ്ടാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കുമ്മനം മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മാദ്ധ്യമങ്ങളോടു പറഞ്ഞത്.