chimpanzee-

കൊൽക്കത്ത: വന്യജീവി കള്ളക്കടത്തുകാരനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊൽക്കത്ത എൻഫോഴ്സ് ഡയറക്ടറേറ്റ് മൂന്നു ചിമ്പാൻസികളെയും നാല് വളർത്തുകുരങ്ങുകളെയും (സൗത്ത് അമേരിക്കൻ മാർമോസെറ്റുകൾ) കണ്ടുകെട്ടി. ഏഴു മൃഗങ്ങൾക്കും കൂടി 81 ലക്ഷം രൂപയാണ് ഇ.ഡി മതിപ്പുവില കണക്കാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പി.എം.എൽ.എ) നിയമപ്രകാരമാണ് നടപടി. അതീവ ഗൗരവതരമായ കള്ളപ്പണ കേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കണ്ടുകെട്ടൽ.
കൊൽക്കത്ത എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണ് വിചിത്രമായ ഈ നടപടിക്ക് പിന്നിൽ. വന്യജീവികളെ അനധികൃതമായി കൈവശം വച്ചുവെന്നാരോപിച്ച് പശ്ചിമബംഗാൾ സർക്കാരാണ് വന്യജീവി കള്ളക്കടത്തുക്കാരനായ സുപ്രദിപ് ഗുഹയ്‌ക്കെതിരെ പരാതി നൽകിയത്. വനംവകുപ്പിന്റേതടക്കം വ്യാജരേഖയുണ്ടാക്കി വന്യജീവികളെയും പക്ഷികളെയും കടത്തിയതിന് ഇയാൾക്കെതിരെ പശ്ചിബംഗാൾ പൊലീസും കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആറിൽ കള്ളപ്പണം വെളുപ്പിച്ചെന്ന വകുപ്പ് കൂടി ചേർത്തതോടെയാണ് കേസ് ഇ.ഡിയുടെ കയ്യിലെത്തുന്നത്. വൻതോതിലുള്ള വന്യജീവി കള്ളക്കടത്ത് റാക്കറ്റിന്റെ ഭാഗമാണ് ഗുഹയെന്ന് ഇ.ഡി. വൃത്തങ്ങൾ വെളിപ്പെടുത്തി.
'ബുദ്ധിരാക്ഷസനായ കുറ്റവാളിയാണ് ഗുഹ. കസ്റ്റംസ് അധികൃതർക്ക് മുന്നിലും വനം വന്യജീവി അധികൃതർക്ക് മുന്നിലും പരസ്പരവിരുദ്ധ മൊഴിയാണ് ഗുഹ നൽകിയിട്ടുള്ളത്. വ്യാജരേഖയുണ്ടാക്കിയാണ് ഗുഹ ചിമ്പാൻസികളെ ഇന്ത്യയിലേക്ക് കടത്തിയത്. ഇവരെ കണ്ടുകെട്ടി മൃഗശാലയിലെത്തിച്ചത് അനധികൃതമായി വന്യജീവികളെ കടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്"- ഇ.ഡി. വൃത്തങ്ങൾ വ്യക്തമാക്കി.

 ചിമ്പാൻസിക്ക് 25 ലക്ഷവും സൗത്ത് അമേരിക്കൻ വളർത്തു കുരങ്ങുകൾക്ക് 1.5 ലക്ഷവുമാണ് മതിപ്പുവില. മൂന്നു ചിമ്പാൻസികളും കൊൽക്കത്ത അലിപോരെ സുവോളജിക്കൽ ഗാർഡനിലെ പ്രധാന ആകർഷണവും വരുമാന സ്രോതസുമാകുമെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. വന്യജീവി കള്ളക്കടത്തുകാരൻ സുപ്രദീപ് ഗുഹ ഇവയെ കടത്തിക്കൊണ്ടുപോകാൻ സാദ്ധ്യതയുള്ളതിനാൽ കൊൽക്കത്ത മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ചിമ്പാൻസിക്കും കൂട്ടർക്കും കനത്ത സുരക്ഷയാണ് ഇ.ഡി ഏർപ്പെടുത്തിയിരിക്കുന്നത്.