amit-pangal-

എക്കാ​റ്റരിൻബർഗ് (റഷ്യ):. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെന്ന അമിത് പംഗലിന്റെ സ്വപ്നം വെള്ളിയിൽ ഒതുങ്ങി. ഫൈനലിൽ ഉസ്‌ബെകിസ്താന്റെ ഷാഖോബിദീൻ സൈറോവിനോട് അമിത് പരാജയപ്പെട്ടു. എങ്കിലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കോഡ് അമിത് സ്വന്തമാക്കി.

നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സൈറോവിനോട് 5- 0ത്തിനാണ് അമിത് പരാജയപ്പെട്ടത്. റഷ്യയിലെ എക്കാ​റ്റരിൻബർഗിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം ഫ്ലൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിത് മത്സരിച്ചത്. നേരത്ത വനിതാ വിഭാഗത്തിൽ മേരികോം ലോകചാമ്പ്യൻഷിപ്പ് സ്വർണം നേടിയിരുന്നു. എന്നാൽ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിട്ടില്ല.

സെമി ഫൈനലിൽ കസാഖിസ്താന്റെ സാകെൻ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് അമിത് ഫൈനലിൽ കടന്നത്. അതിനൊപ്പം ഒളിമ്പിക്സ് ബർത്തും അമിത് സ്വന്തമാക്കിയിരുന്നു. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഇതുവരെ വെങ്കലം മാത്രമേ ഇന്ത്യക്ക് നേടാനായിട്ടുള്ളൂ.