ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അമിത് ഫംഗലിന് വെള്ളി
ഏക്തരിൻബർഗ്(റഷ്യ): ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് ഫംഗലിന് വെള്ളി. ഇന്നലെ 52 കിലോഗ്രാം ഫ്ലൈവെയ്റ്ര് ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ ഉസ്ബക്കിസ്ഥാന്റെ ഷാഖോബിദീൻ സൊയ്റോവിനോട് തോറ്രതോടെയാണ് അമിതിന്റെ സുവർണ സ്വപ്നം പൊലിഞ്ഞത്. എങ്കിലും ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടവുമായാണ് ഫംഗലിന്റെ മടക്കം.വനിതാ വിഭാഗത്തിൽ മേരി കോം ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പുരുഷതാരങ്ങൾക്ക് ഇപ്പോഴും ലോകചാമ്പ്യൻഷിപ്പിലെ സ്വർണം കിട്ടാക്കനിയായി തുടരുകയാണ്. ഫൈനലിൽ 0-5നായിരുന്നു ഫംഗലിന്റെ തോൽവി. എന്നാൽ സ്കോർ സൂചിപ്പിക്കും വിധം ഏകപക്ഷീയമായിരുന്നില്ല ഉസ്ബക്ക് താരത്തിന്റെ വിജയം. തന്നെക്കാൾ ഉയരക്കാരനും ശാരീരികമായി കരുത്തനുമായ എതിരാളിക്കെതിരെ പൊരുതി തന്നെയായിരുന്നു ഫംഗൽ കീഴടങ്ങിയത്.
നേരത്തേ കടുത്ത പോരാട്ടം തന്നെ നടന്ന സെമി ഫൈനലിൽ കസാഖ്‌സ്ഥാന്റെ സാകെൻ ബിബോസ്സിനോവിനെ പരാജയപ്പെടുത്തിയാണ് (3-2) ഫംഗൽ ഫൈനലിൽ എത്തിയത്.
അമിതിനെക്കൂടാതെ മനീഷ് കൗശിക്ക് കഴിഞ്ഞ ദിവസം 63 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. ആദ്യമായാണ് പുരുഷൻമാരുടെ ലോകബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ട് മെഡലുകൾ നേടുന്നത്.
ലോകചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ചതോടെ ഫംഗലിനും കൗശിക്കിനും ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ സെലക്ഷൻ ട്രയൽസ് കൂടാതെ പങ്കെടുക്കാൻ ഇന്ത്യൻ ബോക്സിംഗ് അസോസിയേഷൻ അനുമതി നൽകിയിരുന്നു.
വിജേന്ദർ സിംഗ് (2009), വികാസ് കൃഷ്ണൻ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017), മനീഷ് കൗശിക് (2019) എന്നിവരാണ് മുൻ വർഷങ്ങളിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങൾ.
2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ അമിത് വെങ്കലം നേടി.
2017ൽ തന്നെ തന്നെ ലോക ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ എത്തി.
2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി.
2018ൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായി.
ഈ വർഷം നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അമിത് സ്വർണം സ്വന്തമാക്കി.
ഹരിയാണയിലെ റോത്തക് ജില്ലയിലെ മെയ്‌ന വില്ലേജിൽ 1995 ഒകേ്ടാബർ 16-നാണ് അമിത്തിന്റെ ജനനം. പിതാവ് ചൗധരി വിജേന്ദർ സിംഗ് പംഗൽ കർഷകനാണ്. മൂത്ത സഹോദരൻ അജയ് ഫംഗലിന്റെ നേട്ടങ്ങളിൽ ആകൃഷ്ടനായാണ് അമിതും ബോക്സിംഗിലെത്തുന്നത്.