നുർ സുൽത്താൻ: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി ദീപക് പൂനിയ ഫൈനലിൽ കടന്നു. 86 കിലോഗ്രാം വിഭാഗം സെമിയിൽ സ്വിറ്റ്സർലൻഡിന്റെ സ്റ്റെഫാൻ റെയ്ച്ച്മുത്തിനെ 8-2ന് കീഴടക്കിയാണ് ഇരുപത്കാരനായ ദീപക് ഫൈനലിൽ എത്തിയത്. ജൂനിയർ വിഭാഗത്തിലെ ലോകചാമ്പ്യനായ ദീപക്കിന്റെ ആദ്യ സീനിയർ ലോകചാമ്പ്യൻഷിപ്പാണിത്.
സെമിയിൽ പതിഞ്ഞ തുടക്കത്തിന് ശേഷം ആഞ്ഞടിക്കുകയായിരുന്നു ദീപക്. ആദ്യ മൂന്ന് മിനിട്ടിൽ 1-0ത്തിന് ലീഡുണ്ടായിരുന്ന ദീപക് ഇടവേളയ്ക്ക് ശേഷം മിന്നിക്കയറി. തുടർന്ന് സമ്പൂർണ ആധിപത്യത്തോടെ ഫൈനൽ ബർത്ത് സ്വന്തമാക്കുകയായിരുന്നു.
ഇതോടെ ഇത്തവണത്തെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി. ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്രവും മികച്ച പ്രകടനമാണിത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങളായ ബജ്രംഗ് പൂനിയയും രവി ദഹിയയും വിനേഷും വെങ്കലം നേടിയിരുന്നു. സെമിയിൽ തോറ്റ ബജ്‌രംഗും രവിയും പക്ഷേ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ വിജയം നേടുകയായിരുന്നു.
65 കിലോ ഗ്രാം ഫ്രീസ്റ്റൈലിൽ മംഗോളിയയുടെ അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻ തുൾഗ തുമുർ ഓഖിറിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 8-7ന് കീഴടക്കിയാണ് ബജ്രംഗ് വെങ്കലം നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ പൂനിയയുടെ മൂന്നാമത്തെ മെഡലാണിത്.
57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ നിലവിലെ ഏഷ്യൻ ചാമ്പ്യൻ ഇറാന്റെ റെസ അഹമ്മദലി അർട്രിനാഗാർഷിയെ 6-3ന് കീഴടക്കിയാണ് രവി ദഹിയ തന്റെ ആദ്യ ലോകചാമ്പ്യൻഷിപ്പിൽ തന്നെ വെങ്കലം നേടിയത്. വനിതാവിഭാഗത്തിൽ വിനേഷ് ഫോഗാട്ടും റെപ്പാഷേ റൗണ്ടിൽ വിജയിച്ചാണ് വെങ്കലം നേടിയത്.
ദീപകിനും ബജ്രംഗിനും രവിക്കും വിനേഷിനും ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചിട്ടുണ്ട്.
അതേസമയം ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ ആദ്യ റൗണ്ടിൽ അപ്രതീക്ഷിതമായി തോറ്റു. അസർബൈജാന്റെ കാഡ്ഷിമുറാദ് ഗാദ്ഷിയേവിനെതിരെ 9-11നാണ് സുശീലിന്റെ തോൽവി. 61 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ അവ്‌റെ സെമിയിൽ തോറ്രു. 6-10ന് ജോർജിയയുടെ ലോംടാഡ്സെയോടാണ് രാഹുൽ തോൽവി വഴങ്ങിയത്.