manchester-city

മാഞ്ചസ്റ്രർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്രർ സിറ്റിയുടെ വക ഗോൾമഴ. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്രി മറുപടിയില്ലാത്ത എട്ട് ഗോളുകൾക്ക് വാറ്റ്ഫോർ‌ഡിനെ കീഴടക്കി. ഹാട്രിക്കുമായി ബെർണാഡോ സിൽവ മിന്നിത്തിളങ്ങിയ മത്സരത്തിൽ ഡേവിഡ് സിൽവ, സെർജിയോ അഗ്യൂറോ (പെനാൽറ്രി), കെവിൻ ഡി ബ്രൂയിനെ, റിയാദ് മെഹ്‌രസ്, നിക്കോളാസ് ഒട്ടമെൻഡി എന്നിവരും സിറ്രിക്കായി ഓരോ തവണ വീതം ലക്ഷ്യം കണ്ടു.

ജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. ഒന്നാം സ്ഥാനത്തുള്ള ലിവർ പൂളുമായുള്ള അകലം രണ്ട് പോയിന്റായി കുറയ്‌ക്കാനും അവർക്കായി. സിറ്രിയോട് നാണംകെട്ട തോൽവി വഴങ്ങിയ വാറ്റ്ഫോർഡ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

കഴിഞ്ഞ മത്സരത്തിൽ നോർവിച്ച് സിറ്റിക്കെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന്റെ കളങ്കം മായ്ച്ചുകളയുന്ന പ്രകടനമായിരുന്നു സിറ്റിയുടെ.

ഒന്നാം മിനിറ്രിൽ തന്നെ സിറ്രി ഡേവിഡ് സിൽവയിലൂടെ ലീഡ് നേടി. ഏഴാം മിനിറ്റിൽ പെനാൽറ്രി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് അഗ്യൂറോ ലീഡുയർത്തി. പിന്നാലെ മെഹ്‌രസും ബെർണാഡോ സിൽവയും ഓട്ടോമെൻഡിയും വലകുലുക്കിയതോടെ 18 മിനിട്ടിനുള്ളിൽ സിറ്രി 5-0ത്തിന്റെ ലീഡ് നേടി. ഇത്രയും പ്രിമിയർലീഗിൽ 5-0ത്തിന്റെ ലീഡ് നേടുന്ന ആദ്യ ടീമാണ് സിറ്റി. രണ്ടാം പകുതിയിൽ 48, 60 മിനിട്ടുകളിൽ ഗോൾ നേടി ബെർണാഡോ സിൽവ ഹാട്രിക്ക് തികച്ചു. 85-ാം മിനിറ്റിൽ ഡി ബ്രൂയിനെ സിറ്രിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മറ്രൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്പറിനെ ലെസ്റ്രർ സിറ്റി ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് കീഴടക്കി. ആദ്യ പകുതിയിൽ കേനിന്റെ ഗോളിൽ ലീഡെടുത്ത ടോട്ടനത്തെ രണ്ടാം പകുതിയിൽ റിക്കാർഡോ പെരേയ്‌രയും മാഡിസണും നേടിയ ഗോളുകളിലാണ് ലെസ്റ്റർ കീഴടക്കിയത്. എവർട്ടണിനെ ഷെഫീൽഡും നോർവിച്ചിനെ ബേൺലിയും 2-0ത്തിന് തോൽപ്പിച്ചു.