തൃശ്ശൂർ: ജർമൻ ഷെപ്പേർഡ് നായകളും വടിവാളുമായെത്തി യുവാക്കൾ ബാർ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂർ പഴയന്നൂർ രാജ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ബാറിൽ എത്തി മദ്യപിച്ച് പണം നൽകാത്തതിനെ തുടർന്ന് തൃശ്ശൂർ സ്വദേശിയായ വൈശാഖിന്റെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ ബാർ ജീവനക്കാർ വാങ്ങി വച്ചിരുന്നു. ബാറിലെ സപ്ലയർ 2 യുവാക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് ആക്രമണത്തിനു പ്രകോപനമായത്. സ്ഥലംവിട്ട യുവാക്കൾ രാത്രി നായ്ക്കളുമായി തിരിച്ചെത്തി വൻഅക്രമം അഴിച്ചുവിടുകയായിരുന്നു.
ഇന്നലെ വൈകിട്ടു നാലരയോടെയാണ് പഴയന്നൂർ സ്വദേശികളായ യുവാക്കൾ ബാറിലെത്തിയത്. രാത്രി 9 മണി വരെ മദ്യപാനം തുടർന്നു. 950 രൂപയായിരുന്നു ബിൽ തുക. പണമാവശ്യപ്പെട്ടപ്പോൾ കയ്യിലില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സപ്ലയർ ഇവരുടെ ഫോൺ വാങ്ങിയ ശേഷം പണം തന്നാലേ തിരികെ നൽകൂ എന്നു നിലപാടെടുത്തു. ഒന്നും മിണ്ടാതെ പുറത്തേക്കുപോയ യുവാക്കൾ പത്തേമുക്കാലോടെ തിരിച്ചെത്തി. 4 ജർമൻ ഷെപ്പേർഡ് നായ്ക്കളുമായിട്ടായിരുന്നു വരവ്. കയ്യിൽ വടിവാളുകളും ഉണ്ടായിരുന്നു. റസ്റ്ററന്റിന്റെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ലോക്കൽ ബാറിനുള്ളിൽ വടിവാൾ വീശി ആൾക്കാരെ ഓടിച്ചു. കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത് വധഭീഷണി മുഴക്കി
അക്രമം നടത്തിയവർ നായകൾക്ക് പ്രത്യേക പരിശീലനം നൽകിയവരാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും കേസ് അന്വേഷിക്കുന്ന പഴയന്നൂർ എസ്.ഐ ബാബു അറിയിച്ചു.