kauthukam-

ഡെൻവർ(അമേരിക്ക): അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിൽ ഇനി സ്ത്രീകൾക്ക് നിയമപരമായി തന്നെ പൊതു സ്ഥലങ്ങളിൽ 'ടോപ് ലെസ്' ആയി സ‍ഞ്ചരിക്കാം. അമേരിക്കയിലെ ടെൻത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ആണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ഉട്ടാ, കൊളറാഡോ, വ്യോമിംഗ്, ന്യൂ മെക്സിക്കോ, കൻസാസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലാണ് വിധി ബാധകമാകുന്നത്.


കൊളറാഡോയിലെ ഫോർട്ട് കോളിൻസിൽ സ്ത്രീകൾ ഷർട്ട് ധരിക്കാതെ പുറത്തിറങ്ങരുത് എന്ന ഓർഡിനൻസിനെതിരെ തുടങ്ങിയ പോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. മാറിടം പ്രദർശിപ്പിക്കുക എന്നതല്ല, തങ്ങളുടെ ശരീരം എങ്ങനെ പ്രദർശിപ്പിക്കണം എന്നതിൽ സ്ത്രീകളുടെ അവകാശത്തെ ആണ് ഫ്രീ ദ നിപ്പിൾ മുന്നേ​റ്റം പ്രതിനിധാനം ചെയ്യുന്നത്.

ഫോർട്ട് കോളിൻസ് അധികൃതർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കേസിൽ ശക്തമായ തിരിച്ചടി ലഭിച്ചിരുന്നു. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി കണ്ടെത്തിയത്. സ്ത്രീകളുടെ മാറിടങ്ങൾ ലൈംഗികാവയവങ്ങളായും പുരുഷൻമാരുടേത് അങ്ങനെ അല്ലെന്നും ഉള്ള നിഷേധാത്മക സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഓർഡനൻസ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

സ്ത്രീകളെ ടോപ്‌ലെസ് ആയി നടക്കാൻ അനുവദിച്ചാൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകും എന്നായിരുന്നു ഫോർട്ട് കോളിൻസ് അധികൃതരുടെ വാദം.സമീപ നഗരങ്ങളായ ഡെൻവറിലും ബൗൾഡറിലും നിലവിൽ സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ ടോപ് ലെസ് ആകാം. അവിടങ്ങളിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

കോടതി വിധിയ്‌ക്കെതിരെ ഫോർട്ട് കോളിൻസ് അധികൃതർക്ക് സുപ്രിം കോടതിയെ സമീപിക്കാം. എന്നാൽ അത്തരമൊരു നീക്കത്തിന് തങ്ങളില്ലെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു. ഈ കേസിന് വേണ്ടി രണ്ട് കോടിയിൽ അധികം രൂപയാണ് നഗരത്തിന് ചെലവഴിക്കേണ്ടി വന്നത് (മൂന്ന് ലക്ഷം അമേരിക്കൻ ഡോളർ).

ടെൻത് സർക്യൂട്ട് അപ്പീൽ കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചെങ്കിലും അമേരിക്കയിൽ എല്ലായിടത്തും ഇങ്ങനെയല്ല കാര്യങ്ങൾ. ഫോർട്ട് കോളിൻസ് പുറത്തിറക്കിയതുപോലുള്ള ഓർഡിനൻസിനെ ഈ വർഷം തുടക്കത്തിൽ ന്യൂ ഹാംപ്‌ഷെയറിലെ കോടതി പിന്തുണയ്ക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.