വീടിനകത്ത് സ്ഥിരം കണ്ടുവരുന്ന പല്ലിയെ എങ്ങനെ തുരത്താം എന്ന് ഇനി ആലോചിത്ത് തല പുണ്ണാക്കേണ്ട. വീട്ടിനകം വൃത്തിയായി സൂക്ഷിച്ചാൽതന്നെ ഇവയെ വീട്ടിൽ നിന്ന് അകറ്റാൻ കഴിയും. വീട്ടിൽ തന്നെകിട്ടുന്ന ചില്ലറസാധനങ്ങൾ ഉപയോഗിച്ച് പല്ലിയെ പമ്പ കടത്താനാവും,
പാറ്റഗുളികകൾ പല്ലികളെ അകറ്റുന്നതിനും ഉപയോഗിക്കാം. കബോർഡിലും വീടിന്റെ മൂലകളിലും വാതിലിന്റെയും ജനലിന്റെയും കോണുകളിലുമൊക്കെ പാറ്റഗുളികകൾ വയ്ക്കുന്നത് പല്ലിയെ അകറ്റും. ബാത്റൂമിന്റെ സിങ്കിലും അടുക്കളയിലെ സിങ്കിലും ഇവയിടാം. തണുത്ത വെള്ളംപല്ലിയെ ചലിക്കുന്നതിൽ നിന്ന് തടസപ്പെടുത്തും. അപ്പോൾ അവയെ പുറത്തെടുത്ത് കളയാനാവും. കുരുമുളകും പല്ലിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അൽപം കുരുമുളകെടുത്ത് ചതച്ച് വെള്ളത്തിൽ കലർത്തി പല്ലി വരാനിടയുള്ള ഭാഗങ്ങളിൽ തളിക്കുന്നത് പ്രയോജനം ചെയ്യും.
ഉള്ളി പല കഷണങ്ങളാക്കി വാതിലിനും ജനലിനും മുകളിലുമൊക്കെ വയ്ക്കുന്നതും ഉള്ളി നീര് തളിക്കുന്നതും നല്ലതാണ്.
മുട്ടത്തോടിന്റെ ഗന്ധവും വീട്ടിൽ നിന്ന് പല്ലിയെ അകറ്റും. പല്ലിയെ സ്ഥിരം കാണുന്നയിടങ്ങളിൽ മുട്ടത്തോടുകൾ വെക്കാം. അൽപം വെളുത്തുള്ളി അല്ലികളെടുത്ത് വീടിന്റെ പല ഭാഗങ്ങളിലായി വയ്ക്കുന്നതും വെളുത്തുള്ളി ജ്യൂസ് സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.
ഇവ കൂടാതെ വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതും പല്ലിയെ അകറ്റും. ബാക്ടീരിയയെ തുരത്താൻ കഴിവുള്ള മിശ്രിതങ്ങളുപയോഗിച്ച് നിലം തുടയ്ക്കാം. ചുവരുകളും ജനലുകളും സദാ വൃത്തിയായി സൂക്ഷിക്കാം. വെളിച്ചം കൂടുതലുള്ള ഇടങ്ങളിലേക്കാണ് പല്ലികൾ കൂടുതലെത്തുക. ആവശ്യമില്ലാത്തപ്പോഴെല്ലാം ലൈറ്റുകൾ ഓഫ് ചെയ്തിടാം. പല്ലിശല്യം കൂടുതലാണെങ്കിൽ അധികനേരം വാതിലുകളും ജനലുകളും തുറന്നിടാതിരിക്കുന്നതും നല്ലതാണ്. ഭക്ഷണാവശിഷ്ടങ്ങളോ വെള്ളമോ നിലത്ത് തൂവിയാൽ അപ്പോൾ തന്നെ വൃത്തിയാക്കണം.