ഇഷ്ടവും അനിഷ്ടവും മുഖത്തു നോക്കി സംസാരിച്ചിരുന്നു പണ്ട്. വിരുദ്ധാശയങ്ങൾ മുഖാമുഖം നിന്ന് രൂക്ഷമായ തർക്കങ്ങളിലേർപ്പെട്ടു കൊണ്ടിരുന്നു. എല്ലാ എതിരഭിപ്രായങ്ങളെയും എല്ലാവരെയും മാനിച്ചുപോന്നു. അതൊന്നും കൈയാങ്കളിയിലെത്തിയിരുന്നില്ല. ഇപ്പോഴാരും മുഖത്ത് നോക്കി സംസാരിക്കുന്നില്ല. എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമ്പോൾ സുഖമല്ലേ എന്ന് ഫോണിൽ നിന്ന് മുഖമുയർത്താതെ കുശലമന്വേഷിച്ചു പോകുന്നവരായി മാറിയിരിക്കുന്നു നമ്മൾ. ആളുകൾക്ക് കൂടിയിരിക്കാനുള്ള ഇടങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു. വായനശാലകളും ചായക്കടകളുമൊക്കെ പണ്ട് അതിനുള്ള വേദികളായിരുന്നുവെങ്കിൽ ഇന്ന് അവനവനിലേക്ക് ചുരുങ്ങാനുള്ള അവസരം കൂടുതലാണ്. ആശയ സംവാദത്തിനുള്ള ഇടങ്ങൾ വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുപാട് നേരവും പരിശ്രമവും വേണ്ടിവരുന്ന ഏർപ്പാടാണത്.
കാരണം അത്രയധികം പിറകോട്ടു പോയിരിക്കുന്നു. സാംസ്കാരികോത്സവങ്ങളുടെ വേദികൾ അതിനുള്ള ഇടമായി മാറണം. ഒരു പുസ്തകോത്സവത്തിന്റെയോ സാംസ്കാരികോത്സവത്തിന്റെയോ വേദിയിൽ നമുക്ക് അനുവദിച്ചു തരുന്ന നിശ്ചിത സമയം ആളുകളുടെ മുഖത്ത് നോക്കി സംസാരിക്കാനുള്ള അവസരമായിട്ടാണ് കരുതുന്നത്. കുട്ടികളുടെ മുഖത്ത് പോലും കുസൃതി കാണുന്നില്ല. അവർ സദാ ഗൗരവക്കാരാണ്. പിറകിൽ പോയി നമ്മൾ ഒരു കുട്ടിയെ തട്ടിവിളിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കുസൃതി നിറഞ്ഞ ഒരു ചിരിയാണ്, പക്ഷേ വലിയ ഗൗരവത്തിലായിരിക്കും അവർ തിരിഞ്ഞുനോക്കുക. അതോടെ നമുക്ക് പിന്നൊന്നും പറയാനുണ്ടാകില്ല. ആ മുഖം മുതിർന്ന ആളുടേതു തന്നെയാണ്. ഈ കുട്ടികൾ വളർന്നു വലുതാകുമ്പോൾ അവരിൽനിന്ന് എന്താണ് നമുക്ക് പ്രതീക്ഷിക്കാനാകുക? തനിക്കു ചുറ്റുമുള്ള ലോകത്തിലെ പ്രശ്നങ്ങളിൽ തികഞ്ഞ ജാഗ്രതയുള്ള സിനിമാക്കാരനായ ഇന്ദ്രൻസ് താനുൾപ്പെടുന്ന സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ചും സിനിമയെക്കുറിച്ചും പറഞ്ഞു തുടങ്ങി.
ആർട്ടിസ്റ്റുകളെക്കാൾ സംസാരിക്കുന്നത് ടെക്നീഷ്യന്മാരോട്
ആദ്യം മുതലേ എന്നോട് ടെക്നീഷ്യൻമാർക്കൊക്കെ വലിയ ഇഷ്ടമാണ്. അവരോട് എനിക്കും പ്രത്യേക സ്നേഹമാണ്. കൂടുതലും ഞാനവരോടാണ് അടുക്കാറുമുണ്ടായിരുന്നത്. കാരണം ഞാൻ ചെറുതിലേ ജോലി തുടങ്ങിയത് അവരുടെ കൂടെയാണ്. മനസുകൊണ്ട് അവിടെയാണ് ഇന്നും ഞാൻ. അത് മറ്റുള്ളവരോടൊന്നും സ്നേഹക്കുറവുണ്ടായിട്ടല്ല, അവരോടൊപ്പമാണ് കൂടുതൽ ജോലി ചെയ്തത്. അതുകൊണ്ട് എന്തോ അടുപ്പക്കൂടുതൽ. അവരോടൊപ്പം നിൽക്കുമ്പോൾ ആ അടുപ്പം പെട്ടെന്ന് കിട്ടും. അതിൽ നിന്ന് എന്റെ മനസും വളർന്നിട്ടില്ല. അറിവും കാര്യങ്ങളുമൊക്കെ അവരോട് യോജിച്ചു പോകുന്നതാണ്. ഒരു സെറ്റിൽ ഡയറക്ടറും ആർട്ടിസ്റ്റുകളും വരുന്നതിനു മുമ്പ് ടെക്നീഷ്യന്മാരും യൂണിറ്റുമൊക്കെ എത്തും. അങ്ങനെ നമ്മളൊക്കെ ഒത്തുകൂടി ചില്ലറ കളിയും ചിരിയും കാര്യങ്ങളുമൊക്കെ പറഞ്ഞിരിക്കുമ്പോഴായിരിക്കും ഓരോരുത്തരായി വരുന്നത്. അങ്ങനെയൊരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അല്ലാതെ ആരുമായും എനിക്ക് ഇഷ്ടക്കേടില്ല. ഇനി ഞാനറിയാതെ ആരെങ്കിലും അകലുന്നുണ്ടെങ്കിലേ ഉള്ളൂ.
അവസരം നിഷേധിക്കുന്നില്ല
കഴിവും പരിശ്രമവുമുള്ള ആർക്കും കടന്നുവരാവുന്ന മേഖലയാണ് സിനിമ. സിനിമ ഒരാളെ മോഹിപ്പിക്കുന്നുണ്ടെങ്കിൽ, ബാക്കി സൗകര്യങ്ങൾ ഒത്തുവരികയാണെങ്കിൽ ചെയ്യാവുന്നതേയുള്ളൂ. അതിനുവേണ്ടി പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ ആർക്കു വേണമെങ്കിലും കടന്നുവരാം. ആരും തടയില്ല. കഴിവുള്ള ആരുടെയെങ്കിലും അവസരം നിഷേധിക്കേണ്ട കാര്യമില്ല. മനസിൽ സിനിമയും കഥയുമുണ്ടെങ്കിൽ അതനുസരിച്ച് സ്വന്തം കഴിവും വച്ച് സിനിമ നന്നാക്കാം. ഇപ്പോൾ മൊബൈലിൽ തന്നെ എല്ലാ സൗകര്യവുമുണ്ട്. അതിൽ പഠിച്ച്, കുറേ കഴിഞ്ഞാൽ ഇതു തന്നെയാണ് അതുമെന്ന് മനസിലാകും. നിങ്ങൾ ഒരു സിനിമ എടുക്കുകയാണെങ്കിൽ ഇഷ്ടമുള്ളവരെ വച്ച് ചെയ്യാം. വേറെ ആര് കയറി ഇടപെടാനാണ്? പണം മുടക്കുന്നയാൾക്ക് ഇഷ്ടമുള്ളയാളെ വച്ച് സിനിമ ചെയ്യാം. അല്ലാതെ ആരെയെങ്കിലും സ്ഥിരമായി തടയാനോ അവസരം നിഷേധിക്കാനോ ആർക്കുമാകില്ല. അങ്ങനെയൊരു സമ്പ്രദായം ഇവിടെയില്ലല്ലോ.
സ്ത്രീകൾ സംഘടിക്കുന്നത് നല്ലതാണ്
പണ്ടു കാലം മുതൽക്കേ സിനിമയിൽ സ്ത്രീകൾക്ക് ബഹുമാനം കിട്ടിപ്പോന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ത്രീകളെ ബഹുമാനിക്കുന്നവർ തന്നെയാണ് സിനിമാക്കാർ. സെറ്റിൽ ചെന്നാൽ തന്നെ വിളികളിലൂടെ അതറിയാം. അമ്മ, ചേച്ചീ എന്നൊക്കെ തന്നെയാണ് എല്ലാവരും മുതിർന്ന നടിമാരെ വിളിക്കുന്നത്. അങ്ങനെയാരു മര്യാദ സൂക്ഷിക്കുന്നുണ്ട്. അതുപോലെ ചെറുപ്പക്കാരായ നടിമാർക്കും സ്ത്രീയെന്ന തരത്തിലുള്ള മര്യാദ നൽകുന്നതിൽ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. മര്യാദ ഒരിടത്തും ഉടഞ്ഞതായി തോന്നിയിട്ടില്ല. പിന്നെ കുറേക്കൂടി സൗകര്യങ്ങളൊക്കെ വരുമ്പോൾ, കാലം മാറിയപ്പോൾ സ്ത്രീകൾ സംഘടിക്കുന്നതാണ്. വിമൻ കളക്ടീവിന്റെയൊക്കെ പ്രസക്തി അവിടെയാണ്. അത് നല്ല കാര്യമല്ലേ. സിനിമാ ഇൻഡസ്ട്രി ഭരിക്കുന്നത് ആണുങ്ങളാണെന്നൊന്നും തോന്നിയിട്ടില്ല. സിനിമയിൽ കാശ് കൈകാര്യം ചെയ്യുന്നത് കൂടുതലും ആണുങ്ങളാണ്. അതുകൊണ്ടാവാം കൂടുതൽ ആണുങ്ങൾ സിനിമയെടുക്കാനുമൊക്കെയായി ഇറങ്ങിത്തിരിക്കുന്നത്. സ്ത്രീകൾ അങ്ങനെ അധികം ഇറങ്ങുന്നത് കാണാറില്ല. വളരെ കുറച്ചു സ്ത്രീകളല്ലേ ഇൻഡസ്ട്രിയിൽ ഒള്ളൂ. എങ്കിലും ഇപ്പോൾ കൂടുതൽ സ്ത്രീകൾ വരുന്നുണ്ട്.
താരസംഘടനയായ അമ്മയിൽ ഇപ്പോൾ ഏതാണ്ട് തുല്യമാണ് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും എണ്ണം. ഇതൊന്നും സംവരണമൊന്നും നോക്കി ചെയ്യുന്നതല്ലല്ലോ. എപ്പോൾ വേണമെങ്കിലും പൊളിച്ചു കളയാവുന്നതേയുള്ളൂ ഈ സംഘടനയൊക്കെ. അതിന് അങ്ങനെയൊരു തൊഴിൽ സംഘടനയുടെ സ്വഭാവമൊന്നുമില്ല, ഒരു ചാരിറ്റി മാത്രമാണ്. എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതേയുള്ളൂ.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയുണ്ട്
കലാകാരന്മാരെ തടയുന്നത് ശരിയല്ല. യഥാർത്ഥ കലാകാരൻ കലയുടെ പൂർണതയ്ക്കു വേണ്ടി ചെയ്യുന്നത് സത്യസന്ധമായിട്ടായിരിക്കും. അതിനെ തടയരുത്. പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തോന്ന്യാസം കാണിക്കുന്നവരുമുണ്ട്. അവർ കലാകാരന്മാരിൽ പെടുന്നുമില്ല. പലപ്പോഴും പ്രമാദമായ ഒരു വിഷയം പറയുമ്പോൾ അതിന്റെ പൂർണതയ്ക്കായി കാണിക്കേണ്ട കാര്യങ്ങൾ കാണിക്കണം. പക്ഷേ അതിന്റെ മറവിൽ മുക്കാൽ പങ്കും വരുന്നത് വ്യാജമായിരിക്കും. അവരും പറയും ആവിഷ്കാര സ്വാതന്ത്ര്യമെന്ന്. അപ്പോൾ നിയന്ത്രിക്കാതിരിക്കാനും നിവൃത്തിയില്ല. ഇത് ഒന്നായി കൂടിയിരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്. 'ഭഗവദ് ഗീതയും കുറെ മുലകളും" എന്ന് പുസ്തകത്തിന് തലക്കെട്ടിടാൻ ഇപ്പോൾ മടിക്കും.
നിർമാല്യത്തിന്റെ ക്ലൈമാക്സ് പോലൊന്ന് ഇപ്പോൾ എഴുതാൻ കലാകാരനും പേടിയാണ്. അത് എല്ലാവരുടേയും മനസ് അത്രയും മലിനമായിപ്പോയതുകൊണ്ടാണ്. ആരും ചിന്തിക്കാൻ തയ്യാറല്ല. അങ്ങനെ ഒരു സൃഷ്ടി ഉണ്ടായാൽ അതിന്റെ യഥാർത്ഥ വസ്തുതയെ ഉൾക്കൊള്ളാൻ ആരും തയ്യാറല്ല ഇപ്പോൾ. അത് മനസിലാക്കാനുള്ള ക്ഷമ ആരും കാണിക്കില്ല. ആരും മുഖത്ത് നോക്കി സംസാരിക്കുന്നില്ലല്ലോ ഇപ്പോൾ. ഇഷ്ടമുള്ളത് പറയൽ, സ്തുതി പറയൽ മാത്രമല്ലേയുള്ളൂ. പണ്ടൊക്കെ ഒരു ചായക്കടയോ വായനശാലയോ ഒക്കെ ഉണ്ടാകും. അവിടെ വളരെ നിശബ്ദമായി ആൾക്കാർ ഇരുന്ന് പത്രം വായിക്കും. അതു കഴിഞ്ഞാൽ അവര് തമ്മിൽ പല കാര്യങ്ങളിൽ ചർച്ച നടക്കും. പലപ്പോഴും മുഖത്ത് നോക്കി ദേഷ്യം വരുന്ന കാര്യങ്ങളായിരിക്കും പറയുക. പക്ഷേ അത് വ്യക്തിഹത്യയായി തോന്നുകയോ തിരിച്ച് ആക്രമിക്കുകയോ ചെയ്യുന്നില്ല. ഇപ്പോൾ അതു വല്ലതും നടക്കുമോ. വെട്ടിക്കളയില്ലേ. ഇപ്പോൾ അങ്ങനെയൊരു ചർച്ച നടക്കുന്നില്ല. എന്റെ അഭിപ്രായം നിങ്ങളോട് പറയാനോ, നിങ്ങളുടെ അഭിപ്രായം എനിക്ക് കേൾക്കാനുള്ള ക്ഷമയും സമാധാനവും ഇല്ലാതെ വരുമ്പോഴുള്ള മാറ്റമാണിത്. മറ്റൊന്നുമില്ല. ഫോണിനപ്പുറത്തേക്ക് ഒരു വ്യക്തിയെ ആരും അഭിമുഖീകരിക്കുന്നില്ല.
സിനിമയിൽ ആശയപരമായ ചർച്ചകൾക്കുള്ള ഇടമില്ല
സിനിമയ്ക്ക് അങ്ങനെ ചർച്ച ചെയ്യാനും ആശങ്ക പങ്കുവയ്ക്കാനുമുള്ള ഒരു പൊതു ഇടമൊന്നുമില്ല. അവരവരിലേക്ക് ചുരുങ്ങലാണ് ഇപ്പോൾ എല്ലാം. പിന്നെ ചർച്ചകൾ ഉണ്ട്. അത് ചില കൂട്ടുകാർ തമ്മിലുള്ള മനപ്പൊരുത്തമാണ്. നിങ്ങൾ നിങ്ങളുടെ നല്ല കൂട്ടുകാരുമായല്ലേ ഇത്തരം വിഷയങ്ങളൊക്കെ ചർച്ച ചെയ്യുകയും കൂടിയിരിക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള ചർച്ചകൾ സിനിമയിലും നടക്കുന്നുണ്ട്. അതിന്റെ ഗുണം അവരുടെ സിനിമയിലും കാണും.
താരസംഘടനയും അത്തരമൊരു പൊതുവേദിയല്ല. കാരണം ഞാൻ പറഞ്ഞില്ലേ, എല്ലാവരും അവരവരിലേക്ക് ചുരുങ്ങുകയാണ്. എല്ലാവരും തമ്മിൽ സൗഹൃദമൊക്കെയുണ്ട്. ഒരു മീറ്റിംഗ് വരുമ്പോൾ കൂടും. സൗഹൃദം പുതുക്കും എന്നല്ലാതെ ചർച്ചയുടെ തലത്തിലേക്കൊന്നും വളരാറില്ല. അങ്ങനെയൊരു കൂട്ടായ്മ ഉണ്ടെങ്കിൽ ഐ.എഫ്.എഫ്.കെ പോലെ വർഷാവർഷം സർക്കാർ നടത്തുന്ന മേളയിലൊക്കെ എല്ലാവരും വരേണ്ടതാണ്. അതാണ് ഇത്തരം ചർച്ചകൾക്ക് പറ്റിയ വേദി. പക്ഷേ അവിടെ എത്ര സിനിമാക്കാർ വരുന്നുണ്ട്? സിനിമയ്ക്കായി മാത്രമുള്ള ഒരു മേളയാണ്. നമുക്ക് പോകണം, നമുക്കൊന്നു കൂടിയേക്കാം, അല്ലെങ്കിൽ ആരൊക്കെ പോകുന്നുണ്ട് എന്നൊക്കെ അന്വേഷിക്കാം. അതൊന്നും ഇല്ലല്ലോ. സിനിമയുമായി ബന്ധപ്പെട്ട് നമ്മുടെ ചില ആനുകൂല്യങ്ങൾ, സിനിമ റിലീസ് ചെയ്യുമ്പോൾ തിയേറ്റർ കിട്ടണം അങ്ങനെ ചില ബഹളമൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും ഇങ്ങനെ സാംസ്കാരികമായി ചിന്തിക്കാനും അങ്ങനെയൊരു കൂടിച്ചേരലും ചർച്ചയുമൊന്നും നടക്കുന്നതായി തോന്നുന്നില്ല.
ഐ.എഫ്.എഫ്.കെ മഹത്തരമായ വേദിയാണ്
എന്റെയൊരു കുഞ്ഞറിവിൽ ഐ.എഫ്.എഫ്.കെ വളരെ മഹത്തായി എനിക്ക് തോന്നിയിട്ടുണ്ട്. എന്റെയും ശ്രദ്ധ ഒരുപാട് അങ്ങോട്ട് ആകർഷിച്ചിട്ടുണ്ട്. ഒരുപാട് ചെറുപ്പക്കാർ സിനിമയുമായി കടന്നു വരുന്നുണ്ട്. നമ്മളീ പറയുന്ന ബുദ്ധിയുള്ള സിനിമകൾ ചെയ്യാനുള്ള വിത്ത് വിതയ്ക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്. ഇപ്പോ നമ്മള് ഗോവ മേളയൊക്കെ കാണുന്നുണ്ട്. രാജ്യത്ത് നടക്കുന്ന വലിയ മേളയാണ്. പക്ഷേ അതിനേക്കാളും മുകളിലല്ല, എന്നാൽ ഒട്ടും താഴത്തുമല്ലാത്ത രീതിയിൽ നമ്മള് മേള സംഘടിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുറേക്കാലമായി ഞാൻ ഐ.എഫ്.എഫ്.കെയിൽ പോകുന്നുണ്ട്. ആദ്യമൊക്കെ കറങ്ങി നടന്നിട്ടേയുള്ളൂ. പാസ് ഒക്കെ എടുക്കും. അതിന്റെ ചിട്ടവട്ടമൊന്നും അറിയില്ലെങ്കിലും ആൾക്കൂട്ടത്തിലൊക്കെ പോയി എല്ലാം ശ്രദ്ധിക്കും. പിന്നീട് സിനിമ കാണാൻ തുടങ്ങി. ഞാനഭിനയിച്ച സിനിമകൾ ഫെസ്റ്റിവെലിൽ കാണിക്കുന്നതിനു മുമ്പേ ഞാൻ ഫെസ്റ്റിവെലിന്റെ കാഴ്ചക്കാരനായിരുന്നു.
സാങ്കേതിക വളർച്ചയ്ക്കൊത്ത് പുതിയ സിനിമ വളർന്നിട്ടില്ല
പുതിയ സിനിമകൾ കൊള്ളാം. ടെക്നിക്കലായി സിനിമ വളർന്നിട്ടുണ്ട്. എന്നാൽ ആ വളർച്ചയ്ക്കൊത്ത വിധം നമ്മുടെ സിനിമ വളർന്നിട്ടില്ല. പുതിയ സിനിമകളെയും സംവിധായകരെയും നിരന്തരമായി നിരീക്ഷിച്ചാലേ ഈ മാറ്റം വിലയിരുത്താനാകൂ. അതിന് അവർ കൂടുതൽ സിനിമകൾ ചെയ്യണം. എല്ലാത്തരം മാറ്റങ്ങളെയും ഉൾക്കൊണ്ട് സിനിമ ചെയ്യണം. ഒന്നോ രണ്ടോ സിനിമ കൊണ്ട് നിന്നു പോകരുത്. തുടരണം. ഇക്കാര്യത്തിൽ ജോഷി സാറാണ് മാതൃക. എത്ര കാലമായി അദ്ദേഹം സിനിമ ചെയ്യുന്നു. ക്ലാസിക്ക് സിനിമകളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. പക്ഷേ സിനിമാറ്റിക്കായി ഞെട്ടിച്ച ആളാണ്. ഇപ്പോഴും പുതിയ ആൾക്കാരെക്കാളും മിടുക്കോടെ അദ്ദേഹത്തിന് സിനിമ ചെയ്യാനാകുന്നുണ്ട്. ഓരോ തലമുറയുടെയും മാറ്റത്തെയും വളർച്ചയെയും കണ്ടു മനസിലാക്കിയതു കൊണ്ടാണത്. പുതിയ സിനിമകൾ കുറേക്കൂടി റിയലായി മാറിയിട്ടുണ്ട്. അങ്ങനെയുള്ള സിനിമകൾക്ക് സാദ്ധ്യതക്കുറവൊന്നും ഇല്ല. പക്ഷേ അവരു ചെയ്യുമ്പോഴും കുറേയൊക്കെ സിനിമാറ്റിക് ആകും. എല്ലാം അങ്ങനെ സ്വാഭാവികമാക്കാൻ പറ്റത്തില്ലല്ലോ. ചില കഥയ്ക്ക് അങ്ങനെ ചേരും. അത് അങ്ങനെ പാകം ചെയ്യുന്നതാണ്. സിനിമ ശരിക്കും റിയലല്ല. സിനിമ, സിനിമ തന്നെയാണ്. സിനിമ റിയലെന്ന് തോന്നിക്കാനല്ലേ പറ്റൂ. ചില വിഷയങ്ങൾ ട്രീറ്റ് ചെയ്യുമ്പോൾ അങ്ങനെ ചെയ്യാൻ പറ്റും എന്നാണ് തോന്നുന്നത്. അത് എല്ലാക്കാലത്തും അങ്ങനെയാണ്. പെരുവഴിയമ്പലവും ഫയൽവാനുമൊക്കെ വന്നപ്പോഴും സിനിമ അങ്ങനെ മാറി. അതിനു ശേഷവും സിനിമാറ്റിക്കും ഡ്രാമയുമെല്ലാം ഉണ്ടാകുകയും ചെയ്തു. അതങ്ങനെ മാറിയും മറിഞ്ഞും സംഭവിച്ചു കൊണ്ടിരിക്കും.
ആർട്ട് സിനിമയിൽ അഭിനയിക്കുന്നത് സാമ്പത്തികം നോക്കിയല്ല
ആർട്ട് സിനിമകളാണ് ഇപ്പോൾ കൂടുതൽ തേടിവരുന്നത്. എന്നാലും എല്ലാത്തരം സിനിമകളും ചെയ്യുന്നുണ്ട്. ആർട്ട് സിനിമകളിൽ അഭിനയിച്ചാൽ അത്രയും കാശ് കിട്ടില്ല, കുറേയധികം ആളുകൾ കാണില്ല എന്നൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണ് അഭിനയിക്കുന്നത്. പക്ഷേ ഇത്തരം സിനിമകൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കുറേപ്പേരുണ്ട്. കൂടുതലും ചലച്ചിത്ര മേളകളിലാണ് ഈ സിനിമകൾ കാണിക്കുന്നത്. ഇങ്ങനെയുള്ള സിനിമകൾ എടുക്കുന്നതും ഇതിനോട് ഇഷ്ടമുള്ളവർ തന്നെയാണ്. കാശ് പോയാലും നല്ല സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ. ഇത്തരം സിനിമകൾ ഇഷ്ടമുള്ളതു കൊണ്ടാണ് ഞാനും ചെയ്യുന്നത്. അത് സാമ്പത്തികം നോക്കിയിട്ടല്ല.
ഏറ്റവുമിഷ്ടം രാമാനത്തിലെ കഥാപാത്രം
പത്ത് വർഷത്തോളമായി ഒട്ടേറെ ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്തു. എം.പി. സുകുമാരൻ സാർ സംവിധാനം ചെയ്ത രാമാനത്തിലെ കഥാപാത്രമാണ് അക്കൂട്ടത്തിൽ പ്രിയപ്പെട്ടത്. പുനത്തിലിന്റെ 'സ്മാരകശിലകൾ" നോവൽ സിനിമയാക്കിയതാണത്. ജീവനുള്ള ഒരു സിനിമയായിട്ട് തോന്നി. സുകുമാരൻ സാർ സിനിമ ചെയ്യുന്നതിന് ഒരു താളമുണ്ട്. ആ ശൈലി കൊണ്ടാണ് രാമാനം ഇഷ്ടമായത്. ഒട്ടും കൂടിപ്പോകുകയുമില്ല, കുറഞ്ഞു പോകുകയുമില്ല. പറയുന്ന വിഷയത്തിന്റെ മൂർച്ച വലുതായിരിക്കും. ഏറാമുള്ളാൻ എന്ന കഥാപാത്രമാണ് എന്റേത്. ഒരു ചെറിയ കഥാപാത്രമായിരുന്നു. അത് നന്നാക്കുന്ന രീതിയിൽ ചെയ്യിക്കാൻ സാറിനറിയാം. സാറിന് തൃപ്തി വരുന്നത്രയും സമയമെടുത്ത് ചെയ്യിക്കും. വളരെ ശ്രദ്ധിച്ചാണ് ചെയ്യുക. അതിനനുസരിച്ച് കഥാപാത്രമായി നിന്നുകൊടുക്കാൻ തന്നെ ഒരു സുഖമാണ്. ചെയ്തു വരുമ്പോൾ നമ്മളെക്കൊണ്ട് ഇത്രയുമൊക്കെ സാധിക്കുമോ എന്ന് അത്ഭുതം തോന്നും. നന്നായി ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞ കഥാപാത്രമാണ് മൺറോതുരുത്തിലേത്. നല്ല ആഴമുള്ളതാണ്. നമ്മുടെ സൗകര്യത്തിന് വേണ്ടി ആ ഡയറക്ടർ ഓരോ സീനും തുടർച്ചനോക്കിയാണ് ചെയ്തത്. സിനിമയ്ക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല. ലൊക്കേഷനൊക്കെ മാറി ആദ്യത്തെ സീനും അവസാനത്തെ സീനുമൊക്കെ സൗകര്യത്തിനനുസരിച്ച് എടുക്കേണ്ടി വരും. പക്ഷേ ഇത് തുടർച്ചയായി ചെയ്തതു കാരണം ആ ഒഴുക്കിനനുസരിച്ച് പോകാനായി.
ചന്ദ്രൻ നരിക്കോടിന്റെ 'പാതി"യിലെ കഥാപാത്രം നല്ലതായിരുന്നു. കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു. അത് എന്നെക്കൊണ്ട് പറ്റുമോ എന്നും ആവലാതിയുണ്ടായിരുന്നു. വലിയ ഗൗരവമുളള വേഷമാണ്. ഞാനീ കോമാളിത്തരമൊക്കെ ചെയ്തു നടക്കുന്ന ആളായതുകൊണ്ട് ആളുകൾ ആ ഗൗരവത്തിൽ എടുക്കുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. സിനിമ എന്ന നിലയ്ക്ക് പാതിക്ക് കുറച്ച് ന്യൂനതകളൊക്കെ സംഭവിച്ചു. കുറേക്കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചന്ദ്രൻ വലിയ ഉയരത്തിൽ വിലയിരുത്തപ്പെടുന്ന ഡയറക്ടറാകുമായിരുന്നു. 'ആളൊരുക്കം" തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. തിരക്കഥയിലെ മികവ് സിനിമയിലും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അത് അങ്ങനെ സംഭവിക്കുകയും ചെയ്തു. സിനിമ പകുതി പിന്നിട്ടാൽ കഥാപാത്രമായ പപ്പു പിഷാരടിക്ക് മിണ്ടാട്ടമില്ലെന്ന് ഓർക്കണം. അതൊരു വെല്ലുവിളിയായിരുന്നു.
ചെറിയ ശരീരം കഥാപാത്രങ്ങൾക്ക് പരിമിതിയാണ്
നമ്മൾ ആഗ്രഹിച്ചാലും ചില കഥാപാത്രങ്ങൾ ചെയ്യാനാവില്ലല്ലോ. പല കഥാപാത്രങ്ങൾക്കും വലിയ ശരീരം വേണം. അതൊരു വാസ്തവമാണ്. അതാണ് ശരിയും. ഇതിഹാസ കഥാപാത്രങ്ങളൊക്കെ ചെയ്യണമെന്ന് ആഗ്രഹിച്ചാലും നമ്മളെക്കൊണ്ട് സാധിക്കുമോ? സാധിക്കും. ചിലപ്പോൾ കുചേലന്റെ വേഷമൊക്കെയായിരിക്കും കിട്ടുക. എങ്കിലും മനസുകൊണ്ട് ശക്തമായ കഥാപാത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് എപ്പോഴും. മൺറോതുരുത്തിലെ അപ്പൂപ്പൻ കഥാപാത്രത്തിന് എന്റെ ശരീരം പോരാ എന്ന് പറഞ്ഞവരുണ്ട്. വലിയൊരു തറവാട്ടിലെ കാരണവർ എന്നു പറഞ്ഞാൽ വലിയ ശരീരമുള്ള ആളു വേണമെന്നും ഞാൻ അഭിനയിച്ചാൽ നന്നാകില്ല എന്നും ചിലർ പറഞ്ഞു. ഇത് ഒരു ശീലത്തിന്റെ ഭാഗമാണ്. അത് മാറ്റാൻ നമുക്ക് പറ്റില്ലല്ലോ.
രാഷ്ട്രീയത്തിൽ അപചയമുണ്ട്
രാഷ്ട്രീയരംഗം പൊതുവിൽ മത്സരത്തിന്റേതായി മാറിയിട്ടുണ്ട്. ആരെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ അത് പരമാവധി പുറത്തു വരാതിരിക്കാനാണ് മറ്റുള്ളവരുടെ പരിശ്രമം. എല്ലാ രംഗത്തും സംഭവിച്ചിട്ടുള്ള ഒരു മൂല്യത്തകർച്ച രാഷ്ട്രീയത്തിലും സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഒരു ഐക്യമുള്ളതാണ് ആൾക്കാർക്ക് താത്പര്യം. അവരെ അങ്ങനെ കാണാനാണ് ജനത്തിന് ഇഷ്ടം. കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ബി.ജെ.പിയോ ഒക്കെ ആവട്ടെ, നല്ല കാര്യങ്ങൾ ആരു ചെയ്താലും പരസ്പരം അംഗീകരിക്കണം. ജനങ്ങൾക്കും അത് സന്തോഷമാണ്. നേതാക്കളുടെ പ്രവൃത്തികളൊക്കെ ജനം സദാ നിരീക്ഷിക്കുന്നുണ്ട്. ആശയപരമായ മത്സരം നല്ലതാണ്. പക്ഷേ അത് ഒരു കൊമ്പുകോർക്കലിലേക്ക് എത്തുന്നതാണ് ജനങ്ങളെ മടുപ്പിക്കുന്നത്. മനസുകൊണ്ട് ഇടതുപക്ഷം എന്ന ആശയത്തിലാണ് അന്നും ഇന്നും വിശ്വാസം. ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഇടതുപക്ഷത്തിൽ നിന്ന് അങ്ങനെ ഉണ്ടായിക്കൂടല്ലോ എന്നു തോന്നും. തിരുത്തിയാൽ നന്നായിരിക്കും എന്നു തോന്നും. അത് ഇടതുപക്ഷ മൂല്യങ്ങൾ അതുപോലെ നിലനിൽക്കണം എന്ന ആഗ്രഹം കൊണ്ടാണ്.
(ലേഖകന്റെ നമ്പർ: 9847404972)