ഹരിതജീവിതത്തിന്റെ ഒാർമ്മകളിൽ കാൽചവിട്ടി നിന്നാണ് രജേഷ് അടൂരിലെ മഹാത്മാ ജനസേവനകേന്ദ്രം പണിതെടുത്തത്. അനാഥരുടെയും രോഗികളായി ഒറ്റപ്പെട്ടവരുടെയും ആലയമാണ് ഇന്ന് ഈ സ്ഥാപനം. പിന്നിട്ട കഠിനപാതകൾ പകർന്ന പാഠങ്ങളാണ് രാജേഷിന് മുന്നോട്ടുള്ള കാലടികളായത്. അനാഥത്വവും അവഗണനയും ഏറെ അനുഭവിച്ച കുട്ടിക്കാലമായിരുന്നു കൂടെയുണ്ടായിരുന്നത്. സ്കൂളിൽ പോകേണ്ട കുട്ടിയെ ഒരുക്കി വിടാൻ വീട്ടിൽ ആരുമില്ല. ഒരു ഷർട്ടും നിക്കറുമല്ലാതെ മാറിയിടാൻ ഒന്നുമില്ലാതിരുന്ന ബാല്യം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ വല്യമ്മ അലക്കിയിടുന്നത് ധരിച്ചാണ് പിറ്റേന്നും യാത്ര. ദാരിദ്ര്യത്തിന്റെ ഇരുൾ പരന്ന വീട്ടിൽ നിന്ന് രാവിലത്തെ പഴങ്കഞ്ഞി കഴിച്ച് മാത്രം ക്ളാസിൽ വന്നിരുന്ന കുട്ടിക്ക് പുസ്തകങ്ങളില്ലായിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിൽ അമ്മയും അച്ഛനും വേർപിരിഞ്ഞപ്പോൾ കുഞ്ഞുവിരലുകളിൽ പിടിച്ച് വല്യമ്മ ബന്ധുവീട്ടിലെത്തിച്ചു.
ആരുമില്ലാതെ പോയത് നോവായെങ്കിലും അവൻ നന്നായി പഠിച്ചു, ക്ളാസ് പരീക്ഷകളിൽ ഒന്നാമനമായി. ഒറ്റപ്പെടലുകളും അവഗണനകളും അവന് ജീവിതപാഠങ്ങളായി. അനാഥർക്ക് കരുതലിന്റെ കാവലാളായി കാലം ആ കുട്ടിയെ നടത്തിച്ചു. ആശ്രയമറ്റ നൂറുകണക്കിന് ആളുകൾക്ക് രാജേഷ് തിരുവല്ല നാഥനായി, മകനായി, അനുജനും ചേട്ടനുമായി.രാജേഷ് ചെയർമാനായ പത്തനംതിട്ടയിലെ അടൂർ മഹാത്മ ജനസേവന കേന്ദ്രം അനാഥരുടെയും രോഗികളായി ഒറ്റപ്പെട്ടവരുടെയും വീടായി. പിന്നിട്ട കഠിനപാതകൾ പകർന്ന പാഠങ്ങളാണ് രാജേഷിനെ മുന്നോട്ട് നയിക്കുന്നത്. അനാഥത്വവും വിശപ്പും അനുവഭവിച്ചാണ് കറ്റോട് തുണ്ടുപറമ്പിൽ കൃഷ്ണൻകുട്ടിയുടെയും പൊന്നമ്മയുടെയും ഏകമകൻ വളർന്നത്. കൊമ്പാടിയിലെ ബന്ധുവീട്ടിൽ നിന്ന് പഠനത്തിനായി മഞ്ഞാടി കരിമ്പറമ്പിൽ കെ.ടി.കോശിയുടെ പത്നി കുറേനാൾ ഏറ്റെടുത്ത് സംരക്ഷിച്ചു. പിന്നീട് സഹായകമായത് തിരുവല്ല ഡൈനാമിക് ആക്ഷനിലെ ഫാദർ ജോസഫും അന്നമ്മ ജോസഫുമായിരുന്നു.
സഹായിച്ച മറ്റൊരാൾ കെ.ജെ. ജയിംസ് എന്ന ഉപദേശിയായിരുന്നു. തിരുവല്ല മഞ്ഞാടി എം.ടി.എച്ച്.എസിലെ അമ്മിണി ടീച്ചർ രാജേഷിന് അക്ഷരങ്ങൾ പഠിപ്പിച്ച അമ്മയാണ്. വിശന്ന് കരുവാളിച്ച കണ്ണുകൾക്ക് ജീവൻ നൽകിയത് സ്കൂളിന് മുന്നിലെ ഹോട്ടലുടമ കൃഷ്ണാജിയാണ്. ചോറ് പാത്രം താഴെ വീണപ്പോൾ പൊട്ടിക്കരഞ്ഞ കൂട്ടുകാരിയുടെ കണ്ണീരും വിശപ്പുമായിരുന്നു കാരുണ്യവഴിയിലെ ആദ്യകാൽച്ചുവട്. കുടുംബ കലഹങ്ങളുണ്ടാക്കുന്ന മദ്യാസക്തിക്കെതിരെ നാടിനെ ഉണർത്തിയതിലൂടെ രാജേഷ് തിരുവല്ലയെന്ന ജനസേവകൻ രൂപപ്പെട്ടു. പ്രദേശത്തെ നാൽപ്പത് വീടുകളിൽ നിന്നുളള യുവാക്കളെ സംഘടിപ്പിച്ച് സാമൂഹിക സേവനത്തിനായി സൗഹൃദ കലാസാംസ്കാരിക വേദി, സൗഹൃദ കലാനിലയം എന്നീ സംഘടനകൾ രൂപീകരിച്ചു. നാട്ടിൽ നൻമയുടെ വെളിച്ചമെത്തിക്കാൻ രാജേഷിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾക്ക് കഴിഞ്ഞു. കൊച്ചിയിലെ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളിലും മാദ്ധ്യമ മേഖലകളിലും സാന്നിദ്ധ്യമായി. ഒരുനാൾ കൊട്ടാരക്കര ആശ്രയയുടെ പ്രവർത്തകനായി. പിന്നീട് പത്തനാപുരം ഗാന്ധിഭവനിലും സേവനമനുഷ്ഠിച്ചു. 2013ൽ ആലപ്പുഴയിലെ കറ്റാനത്ത് വയോജനങ്ങളുടെ സംരക്ഷണത്തിനായി സ്നേഹഭവൻ ആശുപത്രി തുറന്നു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി 2014ൽ അടൂരിൽ മഹാത്മ ജനസേവന കേന്ദ്രത്തിന് ചിറ്റയം ഗോപകുമാർ എം.എൽ.എ തിരി തെളിച്ചു. അന്നത്തെ ജില്ലാ കളക്ടർ എസ്. ഹരികിഷോറിന്റെ നിർദ്ദേശ പ്രകാരം അനാഥയായ 104 വയസുളള ചക്കിയമ്മയെ ഏറ്റെടുത്തുകൊണ്ട് വൃദ്ധസദനം തുടങ്ങി. മൂന്നുവർഷം മഹാത്മയിൽ ജീവിച്ച ശേഷമാണ് അവർ യാത്രയായത്.
മഹാത്മ ഇന്ന് മുന്നൂറ്റമ്പതോളം വൃദ്ധർക്ക് സ്വന്തം വീടാണ്. മാനസിക, ശാരീരിക അസ്വസ്ഥതകളുമായി വീടുകൾക്കുള്ളിൽ പൂട്ടിയിട്ടും പുഴുവരിച്ചും ജീവൻ നിലനിറുത്തുന്നവരെ കണ്ടെത്തി ചികിത്സ നൽകി ഏറ്റെടുത്തു. അനുബന്ധ സ്ഥാപനങ്ങളായി കൊടുമണ്ണിൽ യാചക പുനരധിവാസ കേന്ദ്രവും കോഴഞ്ചേരിയിൽ വയോജന പുനരധിവാസ കേന്ദ്രവുമുണ്ട്. മുൻ പൊലീസ് ചീഫ് പി.എസ്. ശ്രീനിവാസും നഗരസഭ മുൻ സൂപ്രണ്ട് പ്രയദർശനും മാദ്ധ്യമ പ്രവർത്തകൻ സി.വി.ചന്ദ്രനും മഹാത്മ സെന്ററുകളുടെ നടത്തിപ്പിന് നേതൃനിരയിലുണ്ട്. ഉയർന്ന വിദ്യാഭ്യാസമുളളവരും ഉന്നതമേഖലകളിൽ ജോലി ചെയ്തവരും നിർദ്ധനർക്കും അനാഥർക്കുമൊപ്പം മഹാത്മ കേന്ദ്രങ്ങളിലുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് അഭയം തേടിയെത്തുന്നവരും ഏറെയുണ്ട്. ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുമാർ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ ജോലിയിൽ നിന്ന് വിരമിച്ചവർ മഹാത്മയിൽ സാന്ത്വന പരിചരണത്തിലും സേവന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.
ഇവരുടെ കുടുംബാംഗങ്ങൾ മഹാത്മയിലെ സന്ദർശകരായെത്തുന്നു. കൂട്ടിരുന്നും കലാപരിപാടികൾ നടത്തിയും സന്തോഷ നിമിഷങ്ങളിൽ പങ്കാളികളാകുന്നു. കുട്ടികളുമായുള്ള ചങ്ങാത്തത്തിനുവേണ്ടി ബാലമാഹാത്മ്യം എന്ന പേരിൽ ആഴ്ച തോറും പരിപാടികളും നടത്തുന്നു. ജൻമദിനങ്ങളിലും വിവാഹ വാർഷികദിനങ്ങളിലും മാതാപിതാക്കളുടെ ചരമ വാർഷികങ്ങളിലും അന്നദാനവും സഹായങ്ങളുമായി എത്തുന്നവരാണ് മഹാത്മയുടെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്വാർത്ഥചിന്തകളില്ലാത്ത ജീവനക്കാർ ഇരുപത്തിനാല് മണിക്കൂറും അന്തേവാസികൾക്കൊപ്പമുണ്ട്. ശുചിത്വവും മികവുറ്റ നിലയിൽ സാന്ത്വന പരിചരണവും ചികിത്സയും നൽകുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് മഹാത്മ ജനസേവന കേന്ദ്രത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. ഓൾഡ് ഏജ് ഹോം, ബെഗ്ഗറി പ്രിവൻഷൻ ഹോം എന്നിവയ്ക്ക് സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായ ക്ളിനിക്കും, ജീവകാരുണ്യത്തിന്റെ സന്ദേശം പകരാൻ മാഹാത്മ്യം മാസികയും പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു. അനാഥർക്ക് സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്ത പദ്ധതിയാണ് ജീവകാരുണ്യം ഗ്രാമം. പത്തനംതിട്ട കൊടുമൺ കുളത്തിനാലിൽ ഇരുപത് വീടുകളുടെ നിർമാണം നടന്നുവരുന്നു. അടുത്ത വർഷം ജനുവരിയോടെ പൂർത്തിയാകും. ഒരു വീട്ടിൽ അഞ്ച് മുതൽ ഏഴ് വരെ അംഗങ്ങളുണ്ടാകും.
ആഡിറ്റോറിയം, വായനശാല, ഇരുപത് പേർക്ക് ഇരിക്കാവുന്ന മിനി സിനിമ തീയറ്റർ, യോഗ, പ്രാർത്ഥന ഹാളുകൾ, റെസ്റ്റോറന്റ്, ടെക്സ്റ്റൈൽസ്, ബാർബർ ഷോപ്പ്, പച്ചക്കറി തോട്ടം, അലങ്കാരവസ്തു നിർമാണം, പൂന്തോട്ടപരിചരണം എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞവർ സഹായഹസ്തമായി മാറിയിട്ടുണ്ട്. നാളിതുവരെ ലഭിച്ചിട്ടുള്ള സഹായങ്ങളിൽ നിന്ന് നീക്കിവച്ച തുക ഉപയോഗിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. നന്മയുള്ളവരുടെ കനിവ് പദ്ധതികളെ മുന്നോട്ട് നയിക്കുമെന്നാണ് രാജേഷ് തിരുവല്ലയുടെ പ്രതീക്ഷ. നിരാലംബരായവർക്കൊപ്പം താമസിക്കുന്നതാണ് രണ്ടു പതിറ്റാണ്ട് നീണ്ട സേവനകാലയളവിൽ തനിക്ക് വലിയ സന്തോഷം നൽകുന്നതെന്ന് രാജേഷ് തിരുവല്ല പറയുന്നു. അന്തേവാസികളുടെ പരിചരണത്തിൽ വിട്ടുവീഴ്ചയില്ല. ശുചീകരണവും ചികിത്സയും മരുന്നും എല്ലാവരിലും എത്തുന്നുണ്ടെന്ന് ഓരോ ദിവസവും ഉറപ്പുവരുത്തും. രാജേഷും ഭാര്യ സുജയും മക്കളും അടൂർ മഹാത്മയിലാണ് താമസം. അക്ഷയ് രാജ് (ബി.ഡി.എസ് വിദ്യാർത്ഥി), അക്ഷര രാജ് (ഐ.െഎ.ടി വിദ്യാർത്ഥി), അദ്വൈത്, അവന്തിക (സ്കൂൾ വിദ്യാർത്ഥികൾ) എന്നിവരാണ് മക്കൾ.
രാജേഷ് തിരുവല്ലയുടെ ഫോൺ: 8606207770.