
പക്ഷികളുടെ ലോകത്തെ ഭീമൻ പക്ഷികളിൽ ഒന്നാണ് കഴുകന്മാർ. സാധാരണ ഗതിയിൽ നമ്മുടെ ചുറ്റുവട്ടത്തൊന്നും ഇവരെ കാണാൻ കിട്ടില്ല.  മനുഷ്യരിൽ നിന്ന് വളരെ ദൂരെ മാറി പാറകൾ നിറഞ്ഞ മലയോരത്തോ വെളിമ്പ്രദേശതൊക്കെയാണ്  ഇവരെ കാണുന്നത്.  ഇവർക്ക് പ്രത്യേക ജോലികളും പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്.  അതിലൊന്നാണ് പരിസര ശുചീകരണം. പരിസരത്തിന്റെ  ആരോഗ്യം കാത്തു സൂക്ഷിക്കുന്ന ചില കഴുകന്മാരെ പരിചയപ്പെടാം.
വലിപ്പം കൂടിയ കഴുകന്മാരിൽ ഒരിനമാണ് കരിങ്കഴുകൻ എന്നറിയപ്പെടുന്ന സിനറസ് വൾച്ചർ (ബ്ലാക്ക് വൾച്ചർ) പേര് സൂചിപ്പിക്കുന്നത് പോലെ നല്ല കറുത്ത ദേഹമാണ് ഇവരുടേത്. 
കറുത്ത കോട്ടും തലപ്പാവും ഒക്കെ ഉള്ള യൂറോപ്പ്യൻ പാതിരിമാരെപ്പോലെ തോന്നിപ്പിക്കുന്നതുകൊണ്ടാണ് ഇത്.  ഒന്നൊന്നര മീറ്റർ നീളം.12-14 സെമീവരെ തൂക്കം. തലയും കഴുത്തും തൂവലുകളില്ലാതെ തൊലി മാത്രമാണ്.  കറുപ്പ് കലർന്ന ബ്രൗൺ നിറത്തിലുള്ള തൂവലുകൾ നിറഞ്ഞ ദേഹം. തലയും കഴുത്തും നീലിച്ച ചാര നിറം. നരച്ച കറുപ്പ് നിറത്തിൽ വളഞ്ഞ കട്ടിയുള്ള വലിയ കൊക്ക്. ചിറകുകൾ വിടർത്തുമ്പോൾ ഏതാണ്ട് മൂന്നു മീറ്ററോളം വരും. ആണിനേക്കാൾ പെണ്ണിനാണ് വലിപ്പക്കൂടുതൽ. 
യൂറേഷ്യൻ വംശജരായ ഇവർ യൂറോപ്പിലും ഏഷ്യയിലും ഉള്ള മിക്ക വരണ്ട പ്രദേശങ്ങളിലും കാണുന്നു. സാധാരണ ഗതിയിൽ ചത്ത ജന്തുക്കളുടെ ശവശരീരമാണ് ഭക്ഷണമെങ്കിലും ഇടയ്ക്കൊക്കെ ഇവർ പാമ്പുകളെയും പിടി കൂടാറുണ്ട്.  ഇന്ത്യയുടെ മിക്കയിടങ്ങളിലും ചത്ത കന്നുകാലികളെ വലിച്ചെറിയുന്ന സ്ഥലങ്ങളുണ്ട്.അവിടെ ഇവർ ഉണ്ടാകും. വളരെ വൃത്തിയായി മാസം മുഴുവൻ കാർന്നെടുത്തു എല്ലുകൾ മാത്രം അവശേഷിപ്പിക്കുന്നതാണ് ഇവരുടെ രീതി. വളരെയധികം രോഗ പ്രതിരോധ ശേഷി ഉള്ളവരാണ് കഴുകന്മാർ. അല്ലെങ്കിൽ ബാക്ടീരിയ നിറഞ്ഞ ചത്തതും ചീഞ്ഞതും ആഹരിക്കുമ്പോൾ അവയും നശിച്ചുപോകാനിടയുണ്ട്.  ഇവയുടെ  ഈ ആഹാര രീതി കാരണമാണ് ഒരുപാടു അണുക്കൾ നമ്മളെ ബാധിക്കാതെ പോകുന്നത്. ലോകത്ത് കഴുകന്മാരുടെ എണ്ണം കൂടണം എന്ന് ഇതിൽ നിന്ന് മനസിലാവുമല്ലോ. കരിങ്കഴുകന്മാരുടെ രക്തത്തിൽ ഉള്ള പ്രത്യേക തരം ഹീമോഗ്ലോബിൻ ഉയർന്ന നിലയിലുള്ള ഓക്സിജൻ ആഗിരണം ചെയ്യാൻ ശേഷി ഉള്ളതാണ്. അതുകൊണ്ട് ഉയരം കൂടിയ പർവതത്തിനു മുകളിലും ഇവർ വളരെ നേരം ഒഴുകിപ്പറന്നു ഇര തേടാറുണ്ട്.
ഏകപത്നീവ്രതക്കാരായ  ഇവർ  പാറക്കെട്ടുകളിലും വന്മരങ്ങളിലുമാണ് കൂടുകെട്ടുന്നത്. നീളമുള്ള കമ്പുകളും ചുള്ളികളും ഉപയോഗിച്ചുണ്ടാക്കുന്ന കൂടിനു നല്ല വിസ്താരമുണ്ടാവും. ഏതാണ്ട് രണ്ടുമീറ്റർ വീതിയും മൂന്നുമീറ്റർ ആഴവും കാണും. എന്നാൽ മാത്രമേ പെൺപക്ഷിക്ക് അതിൽ ശരിയായി ഇരിക്കുവാൻ സാധിക്കുകയുള്ളൂ.സാധാരണ ഗതിയിൽ ഒരു മുട്ടയെ ഉണ്ടാവാറുള്ളൂ. അപൂർവമായി രണ്ടു മുട്ടകളും കാണാം. വെള്ളയിൽ ചുവപ്പും ബ്രൗണും പുള്ളിക്കുത്തുകൾ ഉള്ള മുട്ട. മുട്ടകൾ വിരിയാൻ 50-55 ദിവസം വേണം. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്കു പകുതി ദഹിപ്പിച്ച ഭക്ഷണം പുറത്തെടുത്തു അവയുടെ വായിൽവച്ച് കൊടുത്തു വളർത്തുന്നു.നാലു മാസത്തിൽ എത്തുന്നതോടെ പറക്കാറാവുന്ന കുഞ്ഞുങ്ങൾ ഏഴു മാസം എത്തുമ്പോൾ മാതാപിതാക്കളോട് വിട പറഞ്ഞു സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നു.
ലോകത്താകമാനമുള്ള 23 തരം കഴുകന്മാരിൽ 16 ഇനവും വംശനാശ ഭീഷണി നേരിടുന്നവരാണ്.