വേദാന്തസാരത്തിന്റെ അകംപൊരുൾ ആവാഹിച്ച തലയെടുപ്പിലാണ് നെട്ടയം ശ്രീരാമകൃഷ്ണാശ്രമ ക്ഷേത്രം. നൂറ്റാണ്ടിന്റെ ആദ്ധ്യാത്മിക പാരമ്പര്യം ലയിച്ചു ചേർന്ന ക്ഷേത്രവും ആശ്രമ പരിസരവും നവചൈതന്യത്തിന്റെ തിളക്കവുമായി നിൽക്കുന്നു. കാലം മങ്ങലേൽപ്പിച്ച ഒറ്റക്കൽ തൂണുകളും മണ്ഡപവും പുതുക്കി പണിതിരിക്കുന്നു. മൈലാടിയിൽ നിന്നെത്തിച്ച ശില്പികളും വാസ്തുവിദ്യാ വിദഗ്ദ്ധരുമാണ് നവീകരണത്തിന് നേതൃത്വം നൽകിയത്. പഴയമയുടെ ഗാംഭീര്യവും പുതുമയുടെ ചടുലതയും ഒത്തിണങ്ങിയ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകർമ്മം ഇക്കഴിഞ്ഞ അക്ഷയതൃതീയ ദിനത്തിൽ ശ്രീരാമകൃഷ്ണ മഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദയാണ് നിർവഹിച്ചത്.
ആശ്രമത്തിന്റെ പ്രധാന കവാടം കടക്കുമ്പോൾ ഇടതുഭാഗത്ത് താമരപീഠത്തിലാണ് ശ്രീരാമകൃഷ്ണദേവ പ്രതിഷ്ഠ. അഭിമുഖമായി ശാരദാദേവിയെയും പതിനാറ് സന്യാസി ശിഷ്യന്മാരെയും പ്രതിനിധാനം ചെയ്യുന്ന രീതിയിൽ രാമകൃഷ്ണമഠത്തിന്റെ വംശവൃക്ഷത്തിന്റെ ശില്പം ഒരുക്കിയിരിക്കുന്നു. ആശ്രമത്തിനുള്ളിൽ വിശാലമായ നടുമുറ്റം. ഇവിടെയാണ് പ്രത്യേക കൂടിച്ചേരലുകൾ നടക്കുക. ഇടതുവശത്തായി ദ്വാദശ ശിവക്ഷേത്ര സങ്കല്പത്തിലും വലതുവശത്ത് കാളിക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്ന സങ്കൽപ്പത്തിലും രണ്ടുവീതം മുറികളുണ്ട്. ദിവസവും രാവിലെ അഞ്ചിന് മംഗളാരതിയോടെ ആരംഭിക്കുന്ന പ്രാർത്ഥനാകർമങ്ങൾ ഉച്ചയ്ക്ക് 12ന് അവസാനിക്കും. വൈകിട്ട് നാലിന് വീണ്ടും ആരംഭിക്കുന്ന പ്രാർത്ഥന രാത്രി എട്ടുവരെ നീളും. ഗുരുപൂർണിമ, ശ്രീരാമകൃഷ്ണജയന്തി, ശാരദാജയന്തി, വിവേകാനന്ദജയന്തി, നവരാത്രി എന്നീ ദിവസങ്ങളിൽ പ്രത്യേക പൂജയുണ്ടാകും.
സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനമാണ് ശ്രീരാമകൃഷ്ണാശ്രമങ്ങളുടെ പിറവിക്ക് വഴിതെളിച്ചത്. 1892ൽ കേരള സന്ദർശനത്തിനെത്തിയ വിവേകാനന്ദ സ്വാമി, ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായാണ് മതസൗഹാർദ്ദത്തിന്റെയും വേദാന്തത്തിന്റെയും സേവനത്തിന്റെയും വഴിയിലേക്ക് സമൂഹം സഞ്ചരിക്കണമെന്ന് ഉദ്ഘോഷിച്ചത്. തുടർന്ന് 1904ൽ ശ്രീരാമകൃഷ്ണ പരമഹംസന്റെ പിൻഗാമിയായ സ്വാമി രാമകൃഷ്ണനാനന്ദ മദ്രാസിൽ നിന്നും തിരുവനന്തപുരത്തെത്തി നടത്തിയ പ്രഭാഷണങ്ങളെ തുടർന്ന് തിരുവനന്തപുരത്തും തിരുവല്ലയിലും ഹരിപ്പാടും വേദാന്ത സംഘം രൂപീകരിച്ചു. 1911ൽ വേദാന്ത സൊസൈറ്റിയുടെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തിയ സ്വാമി നിർമ്മലാനന്ദയുടെ നിർദ്ദേശാനുസരണമാണ് നെട്ടയത്ത് ശ്രീരാമകൃഷ്ണാശ്രമം ആരംഭിച്ചത്. ഗംഗാതീരത്തെ ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണദേവൻ ആരാധിച്ചിരുന്ന കാളീക്ഷേത്രത്തിന്റെ മാതൃകയിലുള്ള നിർമ്മാണമാണ് നെട്ടയത്തെ ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിലെ നാലാമത്തെ ശ്രീരാമകൃഷ്ണ ആശ്രമമാണിത്. സ്വാമി ഗോലോകാനന്ദയാണ്
ഇപ്പോഴത്തെ അദ്ധ്യക്ഷൻ.
ആശ്രമത്തിന്റെ പിറവി
1915 ഡിസംബർ 23 ന് റിട്ടയേഡ് ടെലിഗ്രാം മാസ്റ്റർ അരുണാചലംപിള്ള അഞ്ചേക്കർ സ്ഥലം സൗജന്യമായി നൽകി. 1916 ഡിസംബർ ഒമ്പതിനാണ് ശ്രീരാമകൃഷ്ണ മിഷന്റെ പ്രഥമ അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മാനന്ദ ആശ്രമക്ഷേത്രത്തിന് തറക്കല്ലിട്ടത്. തിരുവിതാംകൂർ ഭരണകൂടത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന എൻജിനിയർ ഋഷികേശ് ബാനർജിയും നിർമലാനന്ദ സ്വാമികളും ചേർന്നാണ് പ്ലാൻ തയാറാക്കിയത്. നിർമ്മലാനന്ദ സ്വാമി സംഭാവന ചെയ്ത ഒരു രൂപയാണ് ആദ്യ മൂലധനം. ഒരു സാധു സ്ത്രീ അവരുടെ ഏക സ്വത്തായിരുന്ന മൂക്കുത്തി ആശ്രമത്തിനായി നൽകിയതും എ.ആർ. രാജരാജവർമ്മയുടെ സ്മരണക്കായി ശ്രീകോവിലിൽ വെണ്ണക്കല്ല് പതിക്കാൻ സംഭാവന ചെയ്തതുമെല്ലാം തുടർന്നുണ്ടായ സംഭവങ്ങൾ. എട്ടു വർഷങ്ങൾക്ക് ശേഷം 1924 മാർച്ച് ഏഴിന് ശ്രീരാമകൃഷ്ണന്റെ 89ാം ജന്മോത്സവത്തോടനുബന്ധിച്ച് സ്വാമി നിർമലാനന്ദ ആശ്രമത്തിന്റെ പ്രതിഷ്ഠാകർമം നിർവഹിച്ചു.
തിരുവിതാംകൂർ ആരോഗ്യവിഭാഗത്തിൽ ഡയറക്ടറായിരുന്ന റാവു ബഹാദൂർ കെ.രാമൻതമ്പി 1937ൽ ശാസ്തമംഗലത്ത് രണ്ടു മുറികളുള്ള ചെറിയ വീട് വാങ്ങി ധർമ്മാശുപത്രി സ്ഥാപിച്ചു. നരേന്ദ്രമിഷന്റെ കീഴിലായി മാറിയ ആശുപത്രി പിന്നീട് ശ്രീരാമകൃഷ്ണാശ്രമം ജനറൽ ഹോസ്പിറ്റലായി വളർന്നു.1942 ൽ നെട്ടയം ആശ്രമവും ശാസ്തമംഗലം ആശുപത്രിയും ബേലൂർ മഠത്തിന്റെ കീഴിലായി. എല്ലാവർക്കും ആദ്ധ്യാത്മിക - ആരോഗ്യ വിദ്യാഭ്യാസം നൽകണമെന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം പിന്തുടർന്ന് രണ്ടു മേഖലകളിലും കേരളത്തിലെ മഠങ്ങൾ സജീവ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പിന്നാക്ക മേഖലകളിൽ ആരോഗ്യകേന്ദ്രങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യവും നൽകുന്നു. തിരുവനന്തപുരം, കായംകുളം, തിരുവല്ല, പാലാ, എറണാകുളം, കാലടി, ഹരിപ്പാട്, തൃശൂർ, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളാണ് ശ്രീരാമകൃഷ്ണ മഠത്തിനുള്ളത്.
സ്വാമി വിവേകാന്ദനന്റെ വരവും ഡോ. പല്പുവും
1886-ലാണ് ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായത്. തുടർന്ന് ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുക്കുകയും കൊൽക്കത്തക്കടുത്ത് വരാഹനഗരത്തിൽ ശ്രീരാമകൃഷ്ണാശ്രമം ആരംഭിക്കുകയും ചെയ്തു. ഗുരുവിന്റെ ആശയ പ്രചാരണത്തിനു വേണ്ടിയുള്ള ഭാരതപര്യടനത്തിനായി വിവേകാനന്ദൻ 1888-ൽ യാത്ര തുടങ്ങി. രാമേശ്വരം വരെ സന്ദർശിച്ച് മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ 1890ൽ തുടങ്ങിയ രണ്ടാമത്തെ യാത്രക്കിടെ 1892 നവംബർ രണ്ടിന് ബാംഗ്ലൂരിൽ വച്ച് ഡോ. പല്പു വിവേകാന്ദനെ കണ്ടതോടെയാണ് പര്യടനത്തിൽ കേരളം ഇടം പിടിച്ചത്. ഈഴവരടക്കമുള്ള താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന പീഡനങ്ങൾ ഡോ .പല്പു ഹൃദയവേദനയോടെ വിവേകാന്ദനെ ധരിപ്പിച്ചു.
ജാതിയുടെ പേരിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടതിനാൽ മദിരാശിയിലെത്തിയാണ് പല്പു മെഡിക്കൽ ബിരുദം നേടിയത്. പിന്നീട് ഇംഗ്ലണ്ടിൽ പോയി ഉയർന്ന ബിരുദങ്ങൾ സമ്പാദിച്ചെങ്കിലും താഴ്ന്ന ജാതിക്കാരനായതിനാൽ ജോലി നിഷേധിക്കപ്പെട്ടതോടെ മൈസൂരിൽ സർക്കാർ സർവീസിൽ ജോലി ചെയ്തു. ഇതിനിടെയായിരുന്നു ചരിത്രപരമായ കൂടിക്കാഴ്ച. കേരളത്തിലെ സ്ഥിതി വിവേകാനന്ദനെ ദുഃഖിതനാക്കി. മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും പിന്നാക്കക്കാർക്ക് ലഭിക്കുന്നില്ലെന്ന അവസ്ഥ മനസിലാക്കിയ അദ്ദേഹം മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണെന്നും ഇവരുടെ വീടുകളത്രയും ഭ്രാന്താലയമാണെന്നും പറഞ്ഞു. തുടർന്ന് അദ്ദേഹം കന്യാകുമാരിയിലേക്കും പിന്നീട് ചിക്കാഗോയിലെ സർവമത സമ്മേളനത്തിലേക്കും പോയി.
ഗുരുവും ശിഷ്യനും
ഈശ്വരനെ കാണാൻ സാധിക്കുമോ? ജീവിതത്തിന്റെ അർത്ഥമെന്താണ്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു പിൽക്കാലത്ത് സ്വാമി വിവേകാനന്ദനായി മാറിയ നരേന്ദ്രനാഥ് ദത്ത എന്ന ബാലന്റെ മനസ്. നിരവധി സന്യാസിമാരെ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത് തന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ഹേസ്റ്റിയിൽ നിന്നായിരുന്നു ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസയെ കുറിച്ച് നരേന്ദ്രൻ അറിഞ്ഞത്. 1881-ൽ ശ്രീരാമകൃഷ്ണനെ നേരിട്ടുകണ്ട നരേന്ദ്രൻ അദ്ദേഹത്തിന് വേണ്ടി ഒരു കീർത്തനം ആലപിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ 'നീ വരാൻ ഇത്ര താമസിച്ചതെന്തേ?"എന്ന ചോദ്യത്തോടെയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഈശ്വരനെ കാണാൻ കഴിയുമോ എന്ന നരേന്ദ്രന്റെ ചോദ്യത്തിന് 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന് ആഗ്രഹിക്കുന്നവന് മുന്നിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും" എന്നായിരുന്നു മറുപടി. ഈ സമാഗമത്തിലൂടെ നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെയാണ് ശ്രീരാമകൃഷ്ണനിൽ കണ്ടത്. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടു.