കിണർ കുഴിക്കുന്ന ജോലിയാണ് അശോകന്. വിദ്യാഭ്യാസം എസ്.എസ്.എൽ.സി വരെ. കൂലി വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയും.രണ്ടോ മൂന്നോ സ്ഥലത്ത് കുഴിച്ചിട്ട് വെള്ളം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എത്ര ഭീമമായ നഷ്ടമാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ താൻ വാങ്ങുന്ന കൂലി അധികമാണോ എന്ന് അശോകൻ ചോദിക്കും. ഭൂമിക്ക് പുറത്തുള്ള പണിയല്ല കുഴിക്കുള്ളിൽ. പത്തുമിനിട്ട് നിന്നു നോക്കണം. പലതരം ആൾക്കാരുടെ സ്വഭാവം പോലെയാണ് കുഴിക്കുന്തോറും മണ്ണിന്റെ സ്വഭാവം. ചിലത് വിശ്വസിക്കാൻ കൊള്ളാം. ചതിക്കുന്ന മണ്ണടരുകളുമുണ്ട്. ആഴത്തിൽ കുഴിച്ചു പോകുമ്പോഴാണ് ദൈവം തമ്പുരാന്റെ വികൃതികൾ അടുത്തറിയാൻ പറ്റുന്നതെന്നും അശോകൻ വിലയിരുത്താറുണ്ട്.
ടേപ്പും അളവുകോലുകളുമൊന്നും അശോകന് വേണ്ട. അതെല്ലാം മനക്കണക്കാണ്. കുഴിയെടുത്ത് ഉറയുമിട്ട് കിണറിന്റെ പണി പൂർത്തിയാകുമ്പോൾ കുറ്റമറ്റതായിരിക്കും. ജന്മനാതന്നെ സാങ്കേതിക വിദ്യ സിദ്ധിയായി ലഭിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. ഇരുന്നൂറോളം കിണറുകൾ ഇതിനകം അശോകൻ കുഴിച്ചിട്ടുണ്ട്.
ഭൂമിക്കടിയിലെ കാര്യങ്ങൾ മാത്രമല്ല നാട്ടുകാര്യങ്ങളിലും നല്ല നിരീക്ഷണമുണ്ട്. വയസ് അമ്പതായെങ്കിലും യുവതലമുറയുടെ ട്രെൻഡുകൾ അടുത്തറിയാം. സ്വന്തം വിലയിരുത്തലോടെ അത് അവതരിപ്പിക്കുന്നത് കേട്ടാൽ അതിശയിച്ചുപോകും.
അടുത്തിടെ പുതുതലമുറയിലെ പെൺകുട്ടികളും വന്ധ്യതാ ചികിത്സയും തമ്മിൽ ബന്ധപ്പെടുത്തി സ്വന്തമായി അശോകൻ ഒരു നിരീക്ഷണം നടത്തി. കല്യാണം കഴിഞ്ഞ് ആദ്യ ദിനങ്ങളിൽ തന്നെ പെണ്ണും ചെറുക്കനും ഒരു തീരുമാനത്തിലെത്തും. ജീവിതം അടിച്ചു പൊളിക്കാനുള്ളതാണ്. ആദ്യമേ കുട്ടികളായാൽ അത് നടക്കില്ല. ഒന്നോ രണ്ടോ വർഷം കഴിഞ്ഞു മതിയല്ലോ കുട്ടികൾ ഇതിനിടയിൽ ഗർഭിണിയായാൽ തന്നെ ചെക്ക് പോസ്റ്റിൽ തടയും. മാതാവുതന്നെ കൊലയാളിയാകും. ഭർത്താവ് കൊലയ്ക്ക് കൂട്ടുനിൽക്കും. വല്ല അസുഖമോ ആരോഗ്യപ്രശ്നങ്ങളോ ആണെങ്കിൽ മനസിലാക്കാം. പ്രകൃതിയെ കൊച്ചാക്കി വലിയ പ്ലാനിംഗ് നടത്തുന്നവർക്ക് പിന്നെ ആഗ്രഹിക്കുന്ന സമയത്ത് പ്രകൃതി ചെക്ക് പോസ്റ്റ് അടയ്ക്കും. പിന്നെ ചികിത്സ, ചെലവോട് ചെലവ്. ഒടുവിൽ നിരാശയും. കൊലയറയായ ഗർഭപാത്രത്തിൽ നശിപ്പിക്കപ്പെട്ട ഭ്രൂണത്തിന്റെ നിശബ്ദവിലാപമുണ്ടാകും. ജീവിതത്തിൽ കണക്കുകൂട്ടലാകാം. അമിതമായ കണക്കുകൂട്ടലുകൾ എപ്പോഴും തെറ്റിപ്പോകും. മനസിന്റെ ആഴങ്ങളും അശോകന് വശമാണെന്ന് അശോകന്റെ ഉദാഹരണം കേട്ടപ്പോൾ തോന്നിപ്പോയി.
(ഫോൺ : 9946108220)