അച്ഛനെ പോലെ മകനും കുഞ്ഞുന്നാൾ മുതലേ കണ്ടിരുന്ന സ്വപ്നമായിരുന്നു സിനിമ. ഒടുവിൽ അച്ഛന് പിൻഗാമിയായി മകനും സിനിമയിലെത്തി. ഫൈനൽസ് കണ്ടിറങ്ങുന്നവരുടെ മനസിലേക്കാണ് മലയാളികളുടെ പ്രിയ നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് ഇടം നേടിയത്. സ്വയം മിനുക്കിയെടുത്ത നടന്റെ തിളക്കമുണ്ട് നിരഞ്ജിന്റെ മാനുവൽ എന്ന കഥാപാത്രത്തിന്.
'' മൂന്നാമത്തെ സിനിമയാണ് ഫൈനൽസ്. ഒരു നടൻ എന്ന നിലയിൽ ഞാൻ എന്നെ തന്നെ അംഗീകരിച്ച സിനിമ. അച്ഛനാണ് ആദ്യം ഫൈനൽസിന്റെ കഥ കേൾക്കുന്നത്. അത് കഴിഞ്ഞാണ് എന്നിലേക്ക് കഥയെത്തുന്നത്. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ചെയ്തുനോക്കൂവെന്നായിരുന്നു അച്ഛന്റെ മറുപടി. നടൻ എന്ന നിലയിൽ ഇത്തവണ എനിക്ക് തെളിയിക്കണമായിരുന്നു. ആ തീരുമാനം തെറ്റിയില്ല എന്ന് ഇപ്പോൾ ബോദ്ധ്യമായി. "" നിരഞ്ജ് സംസാരിക്കുന്നു.
ഫൈനൽസിലേക്ക്
ഒരുപാട് പ്രതിഭകൾക്കൊപ്പമായിരുന്നു ഫൈനൽസ് ചെയ്തത്. ഞാനാണെങ്കിൽ ഒരു തുടക്കാരനാണെന്ന ബോദ്ധ്യവുമുണ്ടായിരുന്നു. സുരാജേട്ടനൊപ്പവും രജിഷയ്ക്കൊപ്പവും പിടിച്ചു നിൽക്കാൻ കുറച്ചധികം പരിശ്രമിച്ചിട്ടുണ്ട്. പരമാവധി സിനിമയ്ക്ക് വേണ്ടി കൊടുത്തതിന്റെ സന്തോഷം തീർച്ചയായുമുണ്ട്. ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. സംവിധായകൻ അരുണേട്ടേന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഫൈനൽസ്. അച്ഛനാണ് നിർമ്മാണം. നല്ലൊരു ടീമിന്റെ വിജയം കൂടിയാണിത്. തടി കുറച്ചതായിരുന്നു ചിത്രത്തിന് വേണ്ടി നടത്തിയ പ്രധാന പരിശ്രമം. പിന്നെ കട്ടപ്പനയിലെ ഭാഷയും പഠിച്ചെടുത്തു.
സിനിമയാണ് ഇഷ്ടം
അഭിനയസാദ്ധ്യതയുള്ള ഏതു വേഷം കിട്ടിയാലും ഞാൻ ചെയ്യും. നായകൻ മാത്രം അടങ്ങുന്നതല്ലല്ലോ സിനിമ. വില്ലനും സഹതാരവും ഹാസ്യതാരവും ഒക്കെ ചിത്രത്തിന് വേണ്ടതാണ്. അതുകൊണ്ട് എനിക്ക് നായകവേഷം കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്ന് പറയില്ല. വ്യത്യസ്തമായ വേഷങ്ങൾ തേടി വരുന്നതിലാണ് സന്തോഷം. ആദ്യ ചിത്രം ബ്ലാക്ക് ബട്ടർഫ്ലൈയിൽ വില്ലനായിരുന്നെങ്കിലും രണ്ടാമത്തെ ചിത്രം ബോബിയിൽ നായകനായിരുന്നു. അന്ന് വില്ലനായപ്പോൾ നല്ല വേഷം തേടി വരില്ലേ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് ആ വേഷം ഇഷ്ടമായി. അതിലെ വില്ലനും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നു. ഇനിയും വ്യത്യസ്തമായ വേഷങ്ങൾ തേടിവരണമെന്നാണ് ആഗ്രഹം.
സ്വപ്നം കണ്ട സിനിമ
സ്കൂളിൽ പഠിക്കുന്ന സമയത്താണ് സിനിമാമോഹം മൊട്ടിട്ടത്. അന്ന് അച്ഛനോട് പറഞ്ഞപ്പോൾ ആദ്യം പഠിക്കൂ. പഠിച്ചു കഴിഞ്ഞിട്ടും ആ ഇഷ്ടം അതുപോലെയുണ്ടെങ്കിൽ അഭിനയിക്കാമെന്നാണ് പറഞ്ഞത്. മനസ് നിറയെ സിനിമയുള്ളതു കൊണ്ടാണ് ഞാൻ അഭിനയിക്കാനെത്തിയത്. അല്ലാതെ അച്ഛൻ സിനിമയിലായതു കൊണ്ടല്ല. പിന്നെ നമ്മുടെ തലയിൽ എഴുതിയിട്ടുണ്ടേൽ നമ്മൾ വരിക തന്നെ ചെയ്യും. സിനിമാക്കാരുടെ മക്കൾ മാത്രമല്ല ആഗ്രഹമുള്ള എല്ലാരും വരണമെന്നാണ് എന്റെ ആഗ്രഹം. കുഞ്ഞുന്നാളിലേ ഞാൻ കണ്ട സ്വപ്നം സിനിമയായിരുന്നു. നാലുപേരെങ്കിലും തിരിച്ചറിയുന്ന ഒരു അഭിനേതാവ് ആകണമെന്നാണ് ആഗ്രഹം.
അച്ഛന്റെ ഉപദേശങ്ങൾ
പലരും ചോദിക്കാറുണ്ട്, അച്ഛൻ നല്ല നടനായതുകൊണ്ട് വിമർശനങ്ങളൊക്കെ കേൾക്കേണ്ടി വരില്ലേ എന്ന്. അച്ഛൻ അഭിപ്രായങ്ങളൊക്കെ പറയും. എന്നു കരുതി എങ്ങനെ അഭിനയിക്കണം, ആ സീൻ എങ്ങനെ വേണം എന്നൊന്നും പറഞ്ഞു തരില്ല. ചെയ്തു പഠിക്കട്ടെ എന്നതാണ് അച്ഛന്റെ പോളിസി. അഭിനയം സ്വാഭാവികമാകണമെന്നു മാത്രമേ അച്ഛൻ പറഞ്ഞിട്ടുള്ളൂ. ആളുകളോട് പെരുമാറുന്ന രീതി വളരെ ശ്രദ്ധിക്കണമെന്ന് എപ്പോഴും പറയും. അതുപോലെ കൃത്യനിഷ്ഠ. അത് അച്ഛന് വലിയ നിർബന്ധമാണ്. അച്ഛനും അങ്ങനെയാണ്. മറ്റൊന്നിലും നിർബന്ധിക്കാറില്ല. നടനാകാൻ ത്യാഗം വേണം, ക്ഷമ വേണം എന്ന് കൂടെ കൂടെ ഓർമ്മിപ്പിക്കാറുണ്ട്.
സെലിബ്രിറ്റി ഇമേജില്ല
വീട്ടിൽ അധികം ചിട്ടയൊന്നുമില്ല. കോമഡിയൊക്കെ വീട്ടിലുമുണ്ട്. വളരെ കൂളായിട്ടുള്ള ഒരു ഫാമിലിയാണ് ഞങ്ങളുടേത്. അച്ഛന്റെ കോമഡിയൊക്കെ കണ്ട് വളർന്നതുകൊണ്ടാകും എന്റെയും വഴി അതു തന്നെയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്തേ ഞാൻ മിമിക്രിയും കോമഡിയുമായിട്ടൊക്കെ നടക്കും. ക്ലാസിനിടയിൽ മിമിക്രി കാണിക്കലും കോമഡി പറച്ചിലുമൊക്കെയായിരുന്നു എന്റെ പ്രധാന ഹോബി. പിന്നെ, സ്റ്റേജ് കണ്ടാൽ ഞാൻ അവിടെയുണ്ടാകും. പഠിത്തത്തേക്കാൾ ഞാനിഷ്ടപ്പെട്ടത് കലയായിരുന്നു. എന്നു കരുതി പഠിക്കാതിരുന്നിട്ടില്ല. ഇംഗ്ലണ്ടിൽ നിന്ന് ഇന്റർനാഷണൽ മാർക്കിറ്റിംഗിൽ പി. ജി കഴിഞ്ഞു. സിനിമ കണ്ട് വളർന്നൊരാൾ ആയതുകൊണ്ട് കാമറ കാണുമ്പോൾ ടെൻഷൻ ഇല്ലെന്നു കരുതരുത്. നല്ലതു പോലെ ടെൻഷനുണ്ടായിരുന്നു. സിനിമാനടന്റെ മകനായതു കൊണ്ട് പ്രത്യേക പരിഗണനയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സാദാ കുട്ടികളെ പോലെ തന്നെയാണ് ഞങ്ങളും വളർന്നത്. സെലിബ്രിറ്റി കുടുംബം എന്ന ഇമേജ് എങ്ങും ഉപയോഗിക്കാറില്ല. അതൊക്കെ അച്ഛന് നിർബന്ധമുള്ള കാര്യമാണ്.
പേര് സമ്മാനിച്ചത് തിക്കുറിശി
എനിക്ക് നിരഞ്ജ് എന്ന് പേരിട്ടത് തിക്കുറിശി സാറാണ്. സിനിമയിൽ കുറേ പേർക്ക് അദ്ദേഹം പേരിട്ടിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് പേരിട്ടപ്പോൾ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. ഇവൻ ഭാവിയിൽ ഒരു സിനിമാനടനാകും, പക്ഷേ അത് കാണാൻ ഞാൻ ഉണ്ടാകില്ല എന്ന്. അന്ന് തിക്കുറിശി സാർ പറഞ്ഞത് യാഥാർത്ഥ്യമായി.