കുഞ്ഞുങ്ങളുടെ ചർമ്മസംരക്ഷണം അമ്മമാരുടെ തലവേദനകളിലൊന്നാണ്. വരൾച്ച, ചർമ്മത്തിലുണ്ടാകുന്ന ചെറിയ കുരുക്കൾ, തടിപ്പ് എന്നിവ അമ്മയുടെ സ്വൈരം കെടുത്തും. കുഞ്ഞിനെ ശുദ്ധമായ തേങ്ങാപ്പാൽ തേച്ച് കുളിപ്പിക്കുന്നതിലൂടെ അലർജികളെയും അണുബാധകളെയും പ്രതിരോധിക്കാം. ചർമ്മത്തിന് മാർദ്ദവവും നിറവും ലഭിക്കും. ഉരുക്കുവെളിച്ചെണ്ണ ചർമ്മരോഗങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കുന്നതിനൊപ്പം ചർമ്മത്തിന് തിളക്കവും മൃദുത്വവും നിറവും നൽകും. ശരീരത്തിന് കുളിർമ പകരുന്നതിനാൽ ചൂടുകാലാവസ്ഥയിലും ഉത്തമം.
തണുപ്പ് കാലാവസ്ഥയിൽ ചർമ്മം വരളുന്നത് തടയാൻ ബദാം എണ്ണ തേയ്ക്കുക. ഇതിൽ വിറ്റാമിൻ ഇയും ധാരാളമുണ്ട്. വരൾച്ച പരിഹരിക്കാനും ചർമ്മത്തിലെ അണുബാധകൾ സുഖപ്പെടുത്താനും കഴിവുള്ള ഒലിവെണ്ണ പുരട്ടി കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുക. കുഞ്ഞുങ്ങളെ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിപ്പിക്കുക. പരമാവധി വെള്ള, ക്രീം എന്നീ നിറങ്ങൾ തിരഞ്ഞെടുക്കുക. പിങ്ക് , ഇളംമഞ്ഞ, ഇളംനീല പോലുള്ള നിറങ്ങളും ആവാം. കടുംനിറങ്ങൾ കഴിവതും ഒഴിവാക്കുക.