ഒരു പ്രശ്നം പരിഹരിക്കാൻ ആദ്യം വേണ്ടത്, പ്രശ്നത്തെ അംഗീകരിക്കുകയാണ്. എന്താണ് ഇന്ത്യൻ സമ്പദ്രംഗം അംഗീകരിക്കുന്ന പ്രശ്നം? 1991ലെ പോലെ ഒരു പ്രതിസന്ധിയിലല്ല സമ്പദ്രംഗം; മാന്ദ്യവുമില്ല. (തുടർച്ചയായ രണ്ടുപാദങ്ങളിൽ മൊത്ത ആഭ്യന്തര ഉത്പാദനം നെഗറ്റീവ് വളർച്ച കാണിക്കുമ്പോഴാണ് മാന്ദ്യം എന്ന് വിവക്ഷിക്കുന്നത്). 2000-01, 2013-14 വർഷങ്ങളിലെ പോലെ സാമ്പത്തിക വളർച്ചാ നിരക്കിൽ താഴ്ചയുണ്ടായിരിക്കുന്നു. വാഹന, റിയൽ എസ്റ്രേറ്റ് മേഖലകളിൽ തീർച്ചയായും പ്രശ്നം ഗുരുതരമാണ്.
വ്യത്യസ്ത നയങ്ങളിലൂടെ വളർച്ചയിലെ തളർച്ചയെ നേരിടാനാകും. റിസർവ് ബാങ്കിന് പലിശനിരക്കുകൾ കുറച്ച് ഡിമാൻഡും നിക്ഷേപവും ഉത്തേജിപ്പിക്കാം. ഉപഭോഗവും നിക്ഷേപവും വർദ്ധിപ്പിക്കാൻ നികുതികൾ കുറച്ച് സർക്കാരിന് പൊതുചെലവുകൾ വർദ്ധിപ്പിക്കാം. ബിസിനസ് രംഗത്ത് വിശ്വാസം വർദ്ധിപ്പിച്ച്, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനുള്ള നടപടികൾ, കയറ്റുമതി പ്രോത്സാഹനം തുടങ്ങിയ നടപടികളും സാദ്ധ്യമാണ്. ഇവയെല്ലാം ചേർന്നുള്ള ഒരു സമഗ്ര പദ്ധതി സാമ്പത്തിക വളർച്ച വീണ്ടെടുക്കാൻ സഹായിക്കും.
അവസരത്തിനൊത്ത് ഉയർന്ന് റിസർവ് ബാങ്ക് ഈവർഷം തുടർച്ചയായ നാലുതവണയായി പലിശനിരക്ക് മൊത്തം 1.10 ശതമാനം കുറച്ചു. ധനനയം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമേ ഫലവത്താകൂ. അതുകൊണ്ട്, കേന്ദ്രബാങ്കിന്റെ ഉദാര ധനനയത്തിന്റെ ഫലം വൈകാതെ സാമ്പത്തിക രംഗത്ത് ദൃശ്യമാകും.
സാമ്പത്തിക വളർച്ചയിലെ താഴ്ച അംഗീകരിക്കുന്നതിൽ സർക്കാർ അല്പം വൈകി. എന്നാൽ, യാഥാർത്ഥ്യം അംഗീകരിച്ചതോടെ ദുർബല മേഖലകൾക്ക് സഹായവുമായി എത്തുകയും ചെയ്തു. കോർപറേറ്റ് നികുതി കുത്തനെ കുറച്ചുകൊണ്ട് ധനമന്ത്രി നടത്തിയ പ്രഖ്യാപനം തീർച്ചയായും പുതിയ പാത വെട്ടിത്തുറക്കുന്നതാണ്.
സ്വകാര്യ നിക്ഷേപത്തിലുണ്ടായ ഇടിവാണ് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് താഴാനിടയാക്കിയത്. കഴിഞ്ഞ ആറുവർഷമായി തുടർച്ചയായി വളർച്ച കുറഞ്ഞു. ഇപ്പോൾ കോർപറേറ്ര് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ട ഇളവുകളും മറ്റ് ഉത്തേജക നടപടികളും നിക്ഷേപവും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കും.
നിലവിലെ 30 ശതമാനം കോർപറേറ്റ് നികുതി (സെസുകളും സർചാർജും ഉൾപ്പെടെ ഫലത്തിൽ 34.97 ശതമാനം) എന്നത് 22 ശതമാനം (സെസുകളും സർചാർജും ഉൾപ്പെടെ ഫലത്തിൽ 25.17 ശതമാനം) ആയി കുറയുന്നത് വികസ്വര വിപണികൾക്കും ഇതര ഏഷ്യൻ ശക്തികൾക്കും ഒപ്പം നിൽക്കാൻ നമ്മെ സഹായിക്കും. കോർപ്പറേറ്റുകളുടെ ലാഭത്തിന്റെ 65 ശതമാനം പുതിയ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു.
പുതിയ നിക്ഷേപകർക്ക് 15 ശതമാനം നികുതി എന്നത് പുതിയ നിക്ഷേപങ്ങൾക്ക് സഹായകമാകുകയും 'മേക്ക് ഇൻ ഇന്ത്യ"യ്ക്ക് വലിയ പിന്തുണയാകുകയും ചെയ്യും. മിനിമം ഓൾട്ടർനേറ്ര് ടാക്സിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇളവും നിക്ഷേപം വർദ്ധിപ്പിക്കാൻ പര്യാപ്തമാണ്. ധീരമായ ഈ പരിഷ്കരണ പദ്ധതികൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നൽകുന്ന മനഃശാസ്ത്രപരമായ പ്രചോദനം ഏറെ വലുതാണ്.
ധീരവും പരിഷ്കരണോന്മുഖവും പുതിയ വഴിത്താര വെട്ടിത്തുറക്കുന്നതുമായ ഈ പ്രഖ്യാപനങ്ങൾ ഓഹരി വിപണി അത്യാവേശത്തോടെയാണ് സ്വാഗതം ചെയ്തത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്സും പത്തുവർഷത്തെ ഏറ്റവും മികച്ച നേട്ടം കാണിച്ചിരിക്കുന്നു. വിപണിയിലെ നേട്ടങ്ങളുടെ സമ്പദ്ഫലങ്ങൾ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ഓഹരികളുടെയോ ഓഹരി അടിസ്ഥാനമായ ഫണ്ടുകളുടെയോ വില്പനയിലൂടെ ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾക്ക് വർദ്ധിപ്പിച്ച സർചാർജ് ബാധകമായിരിക്കില്ലെന്നതും ഈ വർഷം ജൂലായ് അഞ്ചിന് മുമ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങലിന് (ബൈ ബാക്ക്) നികുതിയില്ല എന്നതും മൂലധന വിപണിയുടെ കാഴ്ചപ്പാടിൽ തികച്ചും സ്വാഗതാർഹമാണ്.
വിപണിയിൽ പുതുതായി ഉണ്ടായിട്ടുള്ള ശുഭപ്രതീക്ഷയുടെ തംരംഗങ്ങൾ പുതിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിന്റെ (എഫ്.പി.ഐ) പുറത്തേക്കുള്ള ഒഴുക്ക് തടയുകയും രാജ്യത്തേക്കുള്ള മൂലധന പ്രവാഹത്തിന് വഴിതെളിക്കുകയും ചെയ്യും. സുധീരമായ ഈ പരിഷ്കരണ നടപടികളും റിസർവ് ബാങ്കിന്റെ ഉദാര ധനനയവും നല്ല മഴ ലഭിക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലുണ്ടാകാവുന്ന ഉണർവും ഒത്തുചേരുമ്പോൾ സാമ്പത്തിക വളർച്ച ഉയർന്ന നിലയിലേക്ക് തന്നെ വരും.
ആദായ നികുതി കൊടുക്കുന്നവർക്കും ഉപഭോക്താക്കൾക്കും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല എന്ന വിമർശനത്തിൽ കഴമ്പുണ്ട്. എന്നാൽ, വൻതോതിലുള്ള ധനക്കമ്മി കൂടുതൽ ഉദാരമായ നടപടികൾക്ക് സർക്കാരിനെ അനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 1.45 ലക്ഷം കോടി രൂപയുടെ വരുമാനം ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തേജക പദ്ധതി വളരെ വലുതു തന്നെയാണ്. ഇതോടൊപ്പം റിയൽ എസ്റ്റേറ്ര് രംഗത്തിന് അനുവദിച്ച 20,000 കോടി രൂപയുടെ പാക്കേജും ചേരുമ്പോൾ സാമ്പത്തിക മേഖലയ്ക്ക് മുന്നോട്ടുള്ള കുതിപ്പ് നൽകാൻ പര്യാപ്തമാണ്. റവന്യൂ കമ്മിയും അതിന്റെ ഭാഗമായി ധനക്കമ്മിയും വർദ്ധിക്കുന്നത് ചില പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ, സാമ്പത്തിക രംഗത്തെ കുതിപ്പ് റവന്യൂ കമ്മിക്ക് ഭാഗികമായെങ്കിലും പരിഹാരമാവും.
( ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ )