ന്യൂഡൽഹി: അറുന്നൂറോളോം ഇന്ത്യൻ സംഘടനകളുടെ സഹകരണത്തോടെ ടെക്സാസിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്ക് ഇനി 24 മണിക്കൂർ മാത്രം ബാക്കി. വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ നിരവധി ഉദ്യോഗസ്ഥരാണ് എത്തിയത്. ട്രേഡ് ആന്റ് ഇന്റർനാഷണൽ അഫേഴ്സ് ഡയറക്ടർ ക്രിസ്റ്റഫർ ഓൾസൺ, ഇന്ത്യയിലെ യു.എസ് അംബാസഡർ കെന്നത്ത് ജസ്റ്റർ, യു.എസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർദ്ധൻ എന്നിവർ മോദിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. അവർ മോദിക്ക് ആശംസകൾ കെെമാറുകയും ചെയ്തു. പൂച്ചെണ്ട് നൽകിക്കൊണ്ടാണ് മോദിയെ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കായി ആശംസയ്ക്കായി നൽകിയ പൂക്കളിൽ ചിലത് നിലത്തുതന്നെ വീഴുകയും ചെയ്തു.
നിലത്ത് ഉതിർന്നുവീണ പൂക്കൾ മോദി തന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് സമ്മാനിച്ചു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വീഡിയോ കണ്ട് പ്രധാനമന്ത്രിക്ക് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. "തനിക്ക് സമ്മാനിച്ച പൂച്ചെണ്ടിൽ നിന്ന് പൂക്കൾ താഴെ ഉതിർന്നു വീണപ്പോൾ അതെടുത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കെെമാറിയത് മോദിയുടെ ലാളിത്യം "-എന്നാണ് ഒരു കമന്റ്. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കൊടുക്കുന്നത് മികച്ച നേതാവിന്റെ ലാളിത്യമാണെന്നാണ് മറ്റൊരു കമന്റ്.
അമേരിക്കയിലെത്തിയ ശേഷം ഇപ്രകാരമായിരുന്നു മോദിയുടെ ട്വീറ്റ്. “ഹൗഡി ഹൂസ്റ്റൺ, ഏറെ ശോഭയാർന്ന ഒരു വൈകുന്നേരമാണിത്. ഏറെ ഊർജസ്വലമായ ഈ നഗരത്തിൽ നിന്നും ഇന്നും നാളെയും വിപുലമായ പരിപാടികൾ പ്രതീക്ഷിക്കുന്നു,” മോദി ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊഡാൾഡ് ട്രംപും പൊതുപരിപാടിയിൽ പങ്കെടുക്കും. നാളെ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ 27നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. ഹൗഡി മോദി പരിപാടിയിൽ ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്‌ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് മോദി പറഞ്ഞത്.
അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. 50,000ത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ ട്രംപ് എത്തുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ ഹൂസ്റ്റണിൽ പ്രമുഖ ഊർജകമ്പനികളുടെ സി.ഇ.ഒമാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ യു. എൻ കാലാവസ്ഥാ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ട്രംപ് നാളെ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ട്രംപ് - മോദി ഔദ്യോഗിക കൂടിക്കാഴ്ച.