fire

കോഴിക്കോട് : സി.ഐ.ടി.യു പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ബി.ജെ.പി പ്രവർത്തകൻ മരിച്ചു. എലത്തൂർ എസ്.കെ ബസാറിലെ രാജേഷാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ രാജേഷിനെ മർദ്ദിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ റിമൻഡിലാണ്. എലത്തൂർ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷമുണ്ടായത്. രണ്ടാഴ്ച മുമ്പാണ് രാജേഷ് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെർമിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ അന്നു മുതൽ മറ്റു ഓട്ടോ ഡ്രൈവർമാരുമായി തർക്കത്തിലായിരുന്നു. സ്റ്റാന്റിലെ സി.ഐ.ടി.യു യൂണിയനിൽപെട്ടവർ ഓട്ടോ സ്റ്റാന്റിലിടുന്നത് തടഞ്ഞെങ്കിലും രാജേഷ് ഇത് അവഗണിച്ചു. നാല് ദിവസം മുമ്പ് രാജേഷിനെ വഴിയിൽ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവർമാർ മർദ്ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിൽ മനംനൊന്തായിരുന്നു രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണം ഊർജിതമല്ലെന്നാണ് രാജേഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.