crime

മച്ചിലിപട്ടണം: 22കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആന്ധ്രയിലെ വനിതാ നഴ്സിംഗ് കോളേജ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറി എസ്.രമേശ്(42)​ആണ് അറസ്റ്റിലായത്. തന്നെ പീഡിപ്പിച്ചുവെന്നും ലെെംഗികമായി സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്.

ക്രിമിനൽ നിയമം,​ നിർഭയ ആക്ട് തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈ വകുപ്പുകൾ കൂടാതെ ലെെംഗിക പീഡനം,​ ക്രിമിനൽ ഭീഷണി ഈ വകുപ്പുകൾ കൂടി ചേർത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. പട്ടികജാതി പട്ടികവർഗ നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായിലാണ് സെക്രട്ടറിയുടെ ചേമ്പറിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പിന്നീട് യുവതി കോളേജ് ഹോസ്റ്റൽ ഒഴിയുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ ശനിയാഴ്ച പ്രാദേശിയ കോടതിയിൽ ഹാജരാക്കിയിരുന്നു. ആന്ധ്രാപ്രദേശ് വനിതാ കമ്മിഷൻ ചെയർപേഴ്സൺ വി.പദ്മ കോളേജ് സന്ദർശിച്ചു.