ന്യൂഡൽഹി: മദ്രാസ് ഹൈകോടതിയുടെ മുൻ ചീഫ് ജസ്റ്റിസായിരുന്ന വിജയ കെ. താഹിൽരമണിയെ സ്ഥലം മാറ്റാനുള്ള കാരണങ്ങൾ വ്യക്തമാക്കി കൊളീജിയത്തിന്റെ റിപ്പോർട്ട്. കേസുകൾ പരിഗണിക്കുന്നതിൽ ജസ്റ്റിസ് താഹിൽരമണി വീഴ്ചകൾ വരുത്തിയെന്നാണ് കൊളീജിയത്തിന്റെ പ്രധാന കണ്ടെത്തൽ. തമിഴ്‌നാട്ടിലെ ഭരണകക്ഷിയിൽ പെട്ട ഒരു നേതാവുമായുള്ള മുൻ ചീഫ് ജസ്റ്റിസിന്റെ അടുപ്പവും മേഘാലയ ഹൈ കോടതിയിലേക്കുള്ള താഹിൽരമണിയുടെ സ്ഥലം മാറ്റത്തിന് കാരണമായതായി കൊളീജിയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ദേശീയ ദിനപത്രമാണ് കൊളീജിയത്തിന്റെ തീരുമാനങ്ങൾ പുറത്ത് വിട്ടത്.
ഏറെ തിരക്കേറിയ മദ്രാസ് ഹൈക്കോടതിയിൽ താരതമ്യേന വളരെ കുറച്ച് സമയം മാത്രമാണ് താഹിൽരമണി ചിലവഴിച്ചിരുന്നതെന്നും ഉച്ചയ്ക്ക് ശേഷം കേസുകൾ പരിഗണിച്ചിരുന്നില്ലെന്നും മുൻ ചീഫ് ജസ്റ്റിസിന്റെ ഈ പെരുമാറ്റം മറ്റ് ജഡ്ജിമാരിലും സ്വാധീനം ചെലുത്തിയിരുന്നെന്നും കൊളീജിയം പറയുന്നു. തമിഴ്‌നാട്ടിലെ വിഗ്രഹമോഷണങ്ങൾ കണക്കിലെടുത്ത് അതിൽ അന്വേഷണം നടത്തുന്നതിനായി മുൻപുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി ഒരു ബെഞ്ച് രൂപീകരിച്ചിരുന്നു. എന്നാൽ ഈ ബെഞ്ച് ഏകപക്ഷീയമായി താഹിൽരമണി പിരിച്ചുവിടുകയായിരുന്നു.
ഇത് ഗുരുതര കൃത്യവിലോപമായാണ് കൊളീജിയം കണക്കാക്കിയത്. ചെന്നൈയിൽ താഹിൽരമണി രണ്ട് ഫ്‌ളാറ്റുകൾ വാങ്ങിയിരുന്നുവെന്നും എന്നാൽ ഈ കാര്യം സ്വത്തുവിവരത്തിൽ കാണിച്ചിട്ടില്ലെന്നുള്ളതും ഗുരുതര വീഴ്ചയായാണെന്ന് കൊളീജിയം അഭിപ്രായപ്പെട്ടു. താഹിൽരമണിയുടെ സ്ഥലംമാറ്റത്തിനുള്ള കാരണങ്ങൾ ആവശ്യമെങ്കിൽ പുറത്ത് വിടാമെന്ന് സുപ്രീം കോടതി സെക്രട്ടേറിയറ്റ് ജനറലിന്റെ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകൾ ഇനിയും പുറത്ത് വന്നിട്ടില്ല.