തിരുവനന്തപുരം : പാല ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവേ കേരളത്തിന്റെ ശ്രദ്ധ തലസ്ഥാനത്തേയ്ക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് തീയതി കുറിച്ചിരുന്നു. ഇതോടെയാണ് മിനിതിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുന്നത്. വട്ടിയൂർകാവ്,കോന്നി,അരൂർ, എറണാകുളം,മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അരൂർ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളും യു.ഡി.എഫ് സിറ്റിംഗ് സീറ്റുകളായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടം നടക്കുക തലസ്ഥാനത്തെ മണ്ഡലമായ വട്ടിയൂർക്കാവിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഇവിടെ ത്രികോണമത്സരത്തിന്റെ വീറും വാശിയും പ്രകടമാവും.
വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഇരുപത്തിയെട്ട് അംഗങ്ങളിൽ ഇരുപത്തിയേഴു പേരും കുമ്മനത്തിനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വികാരം ബി.ജെ.പി ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നു ചേരുന്ന കോർ കമ്മിറ്റിയിൽ അറിയിക്കും. അതേ സമയം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ഇതു വരെ മനസ് തുറക്കാതിരുന്ന ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിവവിൽ തലസ്ഥാനത്തെ നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച ഒ.രാജഗോപാൽ മാത്രമാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുള്ളത്. കുമ്മനം മത്സരിക്കുകയാണെങ്കിൽ തലസ്ഥാനജില്ലയിൽ നിന്നും ഒരു ബി.ജെ.പി എം.എൽ.എ കൂടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികൾ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ7622 വോട്ടുകൾക്കാണ് കുമ്മനത്തെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ.മുരളീധരൻ രണ്ടാമതും ജയിച്ചു കയറിയത്. പാർട്ടി നിർദ്ദേശപ്രകാരം വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടി അദ്ദേഹം എം.പിയായതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി സജീവമായി പ്രചരണത്തിനിറങ്ങുമെന്ന് കെ.മുരളീധരൻ അറിയിച്ചിട്ടുമുണ്ട്.
വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ പരിഗണനയിൽ മുരളീധരന്റെ സഹോദരിയായ പദ്മജ വേണുഗോപാലിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. സി.പി.എം സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.