cannabis

മോറെ: കഞ്ചാവ് കൃഷി നിയമവിധേയമാക്കി അത് ചികിത്സാവശ്യത്തിനും വ്യാവസായികാവശ്യത്തിനും ഉപയോഗിക്കാൻ തങ്ങൾ ആലോചിക്കുന്നതായി മണിപ്പൂർ സർക്കാർ. സംസ്ഥാന മുഖ്യമന്ത്രി നോങ്‌തോമ്പാം ബിരൺ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വിഷയമാക്കിക്കൊണ്ടുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത മന്ത്രിസഭാ സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ബിരൺ സിംഗ് പറഞ്ഞു. കഞ്ചാവ് ചികിത്സാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുക എന്ന് ഉറപ്പ് വരുത്താൻ അതിന്റെ കൃഷി വ്യവസ്ഥാനുസൃതമായി മാത്രമേ നടപ്പാക്കുകയുള്ളൂ എന്നും മണിപ്പൂർ മുഖ്യമന്ത്രി ഉറപ്പ് നൽകി.

ചികിത്സാവശ്യത്തിനായി ഉത്തർ പ്രദേശ്. അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങളുടെയും, സാമൂഹിക പ്രവർത്തകരുടെയും, പൗര സമിതികളുടെയും സഹായത്തോടെ സംസ്ഥാനത്തിന് ഇതിലൂടെ സാമ്പത്തികമായും സാമൂഹികമായും വികസനം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിലെ ബി.ജെ.പി സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇത് അധികം വൈകാതെ മണിപ്പൂരിനെ ഏറ്റവും വികസിതമായ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിലേക്ക് എത്തുന്ന നികുതി വരുമാനം വർദ്ധിച്ചുവെന്നും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്നും ബിരൺ സിംഗ് പറഞ്ഞു. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് 'സ്റ്റാൻഡ് അപ്പ് മണിപ്പൂർ' എന്ന പദ്ധതിയുടെ കീഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ 'മൃദു' വായ്‌പകൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.