
1. ഇടത് പക്ഷത്തിന്റെ ശൈലിയില്‍ അതൃപ്തി പ്രകടിപ്പിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. ഇടത് പക്ഷത്തിന്റെ ശൈലി ഇനിയും മാറണം. എടാ, പോടാ ശൈലിയാണ് പാര്‍ട്ടിയില്‍ ഉള്ളത്. ജനങ്ങളോട് വിനീത വിധേയരായി ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയണം. കോന്നിയിലും അരൂരിലും ഹിന്ദുക്കള്‍ സ്ഥാനാര്‍ത്ഥികള്‍ ആവണം. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക മര്യാദയാണ്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥി ആയാല്‍ വിജയ സാധ്യത. മഞ്ചേശ്വരം കെ. സുരേന്ദ്രന് കിട്ടാക്കനി അല്ലെന്നും വെള്ളാപ്പള്ളി. ജനങ്ങള്‍ക്ക് മുന്നില്‍ ഞെളിഞ്ഞ് നില്‍ക്കാതെ വളഞ്ഞ് നില്‍ക്കാന്‍ നേതാക്കള്‍ പഠിക്കണം എന്നും വെള്ളാപ്പള്ളിയുടെ കൂട്ടിച്ചേര്‍ക്കല്‍.
2. വട്ടിയൂര്‍ക്കാവില്‍ താത്പര്യം പ്രകടിപ്പിച്ച് നേതാക്കള്‍ രംഗത്ത്. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്ന് മുന്‍ എം.പി പീതാംബര കുറുപ്പ്. തന്നെ പോലെ കാത്തിരിക്കാന്‍ തയ്യാറായ മറ്റൊരാള്‍ പാര്‍ട്ടിയില്‍ ഇല്ല. അതേസമയം, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണം എന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി.
3. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമ്മനത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നത് ആണ് നല്ലതെന്നും ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത് എസ്. സുരേഷ് മത്സരിക്കണം എന്നായിരുന്നു. കുമ്മനം മത്സരിക്കണം എന്ന് പി.എസ് ശ്രീധരന്‍ പിള്ളയെയും ജില്ലാ നേതൃത്വം അറിയിച്ചു. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും എന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
4. കോഴിക്കോട് എലത്തൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എസ്.കെ ബസാര്‍ രാജേഷ് ആണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനായ രാജേഷ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുക ആയിരുന്നു. കേസില്‍ അറസ്റ്റിലായ രണ്ട് സി.പി.എം പ്രദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. ശ്രീലേഷ് ,ഷൈജു എന്നിവര്‍ ആണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.
5. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറും ആയ രാജേഷിനെ സി.പി.എം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.
6. പാലായില്‍ വിധിയെഴുത്ത് നാളെ. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിക്കും. ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കി ഇരിക്കുന്നത്. 1,79,107 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്.രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്.
7. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി. ഇത് വഴി കള്ളവോട്ട് തടയാന്‍ ആകുമെന്നാണ് കമ്മിഷന്റെ പ്രതീക്ഷ.
8. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരാഴ്ച നീളുന്ന അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു. എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ ഹൂസ്റ്റണില്‍ എത്തിയ മോദി വന്‍കിട എണ്ണ കമ്പനികളുടെ മേധാവികളും ആയി കൂടിക്കാഴ്ച നടത്തി. ആഗോള എണ്ണ വില നിയന്ത്രിക്കേണ്ടതിനെ കുറിച്ചും ഇന്ത്യയുടെ ഊര്‍ജ മേഖലയിലുള്ള ആവശ്യങ്ങളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അമേരിക്കയിലെ 16 വന്‍കിട എണ്ണ കമ്പനികളുടെ മേധാവികളാണ് യോഗത്തില്‍ പങ്കെടുത്തത്.
9. അതേസമയം മോദിയുടെ ഹൗഡി മോദി പരിപാടി നടക്കുന്ന ഹ്യൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയതായി സംഘാടകര്‍ അറിയിച്ചു. 55,000 ത്തിലേറെ പേര്‍ പരിപാടിക്ക് എത്തും എന്നാണ് പ്രതീക്ഷ. അറുന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെ ആയാണ് ടെക്സാസിലെ ഇന്ത്യന്‍ സമൂഹം പരിപാടി ആസൂത്രണം ചെയ്യുന്നത്. അറുപതിലേറെ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും ഗവര്‍ണമാരും ചടങ്ങില്‍ പങ്കെടുക്കും.
10. ഇന്ത്യ, യു.എസ് ബന്ധത്തിലെ നിര്‍ണായക നാഴിക കല്ലാവും പരിപാടിയെന്ന് മോദി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെ ആണ് ട്രംപ് ചടങ്ങിന് എത്തുന്നത്. ഈ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റ് പക്ഷത്തുള്ള ഇന്ത്യന്‍ ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാര കരാറുകളില്‍ ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയേക്കും എന്ന് സൂചനയുണ്ട