തിരുവനന്തപുരം : പള്ളിക്കൽ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തുന്ന പൊലീസിന്റെ നടപടികളിൽ വീഴ്ചകൾ തുടരുന്നു. ഒളിവിൽ പോയ പ്രതികളെ പിടികൂടുവാനായി കുടുംബത്തിലെ സ്ത്രീകളെ നിരന്തരം അപമാനിക്കുന്ന രീതിയാണ് തുടക്കം മുതൽ പൊലീസ് സ്വീകരിക്കുന്നത്. കൊല്ലം പരവൂരിലെ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിലെത്തി മൂന്ന് ദിവസമാണ് തുടർച്ചയായി പൊലീസ് ഭീഷണിപ്പെടുത്തിയത്. അർദ്ധരാത്രിയിലടക്കം വീട്ടിൽ കയറിയുള്ള പൊലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനു തുടർച്ചയായി പ്രതിയുടെ മകൾ ജോലി ചെയ്യുന്ന പൊതുമേഖല ബാങ്കിന് നോട്ടീസ് നൽകിയിരിക്കുകയാണ് പള്ളിക്കൽ പൊലീസ്. എസ്.ബി.ഐ മടവൂർ ശാഖ മാനേജർക്കാണ് പൊലീസ് നോട്ടീസ് കൈമാറിയിരിക്കുന്നത്. എന്നാൽ പൊലീസിന്റെ നടപടി തങ്ങളെ അപമാനിക്കാൻ വേണ്ടി കരുതിക്കൂട്ടിയുള്ളതാണെന്ന് പ്രതിയുടെ മകളായ രഞ്ജിനി സുഗതൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
പ്രതിയെ തേടി അർദ്ധരാത്രി ഭാര്യയും മറ്റ് കുടുംബാംഗങ്ങളും താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി ഫ്ളാഷ് റിപ്പോർട്ട് ചെയ്തിരുന്നു. സഹികെട്ട് പൊലീസിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ സ്ത്രീകളിൽ ഒരാളുടെ കൈക്ക് ഒരു ഉദ്യോഗസ്ഥൻ കടന്നുപിടിച്ചിരുന്നു. സന്ധ്യ മയങ്ങിയാൽ, നേരം പുലരും വരെ സ്ത്രീകളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ലെന്ന നിയമമുള്ളപ്പോൾ അറിഞ്ഞുകൊണ്ടായിരുന്നു പൊലീസിന്റെ അഴിഞ്ഞാട്ടം. അടിയന്തര ഘട്ടമാണെങ്കിൽ പോലും മജിസ്‌ട്രേറ്റിന്റെ അനുമതി വേണം.
തിരുവനന്തപുരം പള്ളിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന കേസിൽ പ്രതിയായ സുഗതകുമാറിന്റെ മകളുടെ വീട്ടിലാണ് അതിക്രമം നടന്നത്. സുഗതകുമാറിന്റെ കാൻസർ രോഗിയായ ഭാര്യക്ക് ചികിത്സ നിഷേധിച്ചെന്ന തർക്കമാണ് കേസിന് അടിസ്ഥാനമായ സംഭവം. സുഗതകുമാറും മകനും എൻജിനിയറിംഗ് കോളജിലെ അദ്ധ്യാപകനുമായ രഞ്ജീഷും ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. ഇതും പരിഗണിക്കാതെയാണ് പ്രതിയെ കിട്ടാൻ പ്രതിയുടെ കുടുംബത്തെ വേട്ടയാടുന്ന പഴയ പൊലീസ് മുറ വീണ്ടും അവർത്തിക്കുന്നത്.