ആലപ്പുഴ: സി.പി.എമ്മിന്റെ എടാ-പോടാ ശൈലി മാറണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ മത്സരിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നത് മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ ബി.ജെ.പി കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്നും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അവസരം കൊടുക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സംഘടനാപരമായി സി.പി.എമ്മിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപിടിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായിൽ എൽ.ഡി.എഫിന്റേത് മികച്ച പ്രവർത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തിൽ മാണി സി.കാപ്പൻ വിജയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നേതാക്കൾ ജനങ്ങളോട് വിനീത വിധേയരായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വട്ടിയൂർകാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്ക്. പാർട്ടി ജയസാദ്ധ്യത മുന്നിൽ കാണുന്ന ഇവിടങ്ങളിൽ മികച്ച സ്ഥാനാർത്ഥികളെ തന്നെ അവതരിപ്പിക്കണം എന്നതാണ് പൊതുവികാരം. ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് മഞ്ചേശ്വരത്ത് എല്ലാ പാർട്ടികളും നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളുടെയും നേതാക്കൾ. അരൂരിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുന്നണികൾ.