ടെഹ്റാൻ: ഇറാനു നേരെയുണ്ടാകുന്ന ചെറിയ ആക്രമണമുൾപ്പെടെയുള്ള ഏതു പ്രകോപനത്തിനും യാതൊരു ദയവുമില്ലാതെ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാനിയൻ സേന. സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് കൂടുതൽ സൈനികരെ എത്തിക്കുമെന്ന് അമേരിക്ക അറിയിച്ച സാഹചര്യത്തിലാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. ഈ മാസം 14നായിരുന്നു സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നടന്നത്.
'വളരെ കരുതി വേണം ഇറാനെതിരെയുള്ള നീക്കങ്ങൾ നടത്താൻ, ഒരു ചെറിയൊരു പ്രകോപനം പോലും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. പ്രകോപനമുണ്ടാക്കുന്നത് ആരു തന്നെയായാലും ശരി, അവരുടെ സർവനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യം.' ഇറാനിയൻ സേനയായ റവല്യൂഷനറി ഗാർഡ്സിന്റെ തലവൻ മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു.
യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും ഇറാൻ തന്നെയാണ് എണ്ണ ഉത്പാദക കേന്ദ്രങ്ങളിലെ രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്. ഈ ആരോപണം നിഷേധിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ആക്രമണത്തെ യെമൻ ജനതയുടെ പ്രതികരണമായി കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചത്. ഇതിനിടെയാണ് സൗദിയുടെ വ്യോമ പ്രതിരോധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സൈന്യത്തെ അമേരിക്ക അങ്ങോട്ടേക്ക് അയയ്ക്കുന്നത്. എത്രത്തോളം സൈനികർ സൗദിയിലേക്കെത്തിച്ചേരും എന്നുള്ള കാര്യം അമേരിക്ക വ്യകതമാക്കിയിട്ടില്ല.