മംഗളകരമായ കാര്യങ്ങൾ കേൾക്കാനും പറയാനും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുകയെന്നത് മഹാഭാഗ്യമാണ്. അതിലൂടെയാണ് ജീവിതത്തിന് ഒരു പരിപൂർണതയും പരിസമാപ്തിയും ഉണ്ടാകുന്നത്. അതിനു കഴിയുന്നവരെയാണ് സമൂഹവും ലോകവും എക്കാലവും ശ്രദ്ധിക്കുക. അവരുടെ വാക്കുകൾക്ക് മറ്റുള്ളവരുടെ വാക്കിനെക്കാൾ തിളക്കവും മുഴക്കവും മൂല്യവും കാലാതിത്വവും ഉണ്ടായിരിക്കും. അതിനാൽ അവ ഒരുവന്റെ മനസിൽ നിന്നും മറ്റുള്ളവരുടെ മനസുകളിലേക്ക് പരന്നൊഴുകിക്കൊണ്ടിരിക്കും. എന്തുകൊണ്ടെന്നാൽ അത് ജീവിതത്തെ താങ്ങിനിറുത്തുന്ന സ്വച്ഛതയുടെ ഏറ്റവും ബലമുള്ള പീഠമായി ഏവർക്കും അനുഭവമാകുമെന്നതാണ്. അതിനു ദൃഷ്ടാന്തമാണ് ഉപനിഷത്തുകൾ പോലെയുള്ള ശ്രുതികളും ഗുരുദേവകൃതികളും വിശ്വോത്തരങ്ങളായ ക്ലാസിക് രചനകളുമെല്ലാം.
എന്നാൽ മംഗളകരമായ വാക്കുകൾ കേട്ടാലും നല്ലത് ചിന്തിക്കാത്തവരും നല്ലതല്ലാത്ത പ്രവൃത്തിയിലേർപ്പെടുന്നവരുമാണ് ഇന്നത്തെ സമൂഹത്തെ കൂടുതൽ ദുഷിപ്പിച്ചു കൊണ്ടിരിക്കുന്നത്. അവർക്കാകട്ടെ അവരുടെ ജീവിതത്തെപ്പറ്റി മാത്രമേ ചിന്തയുള്ളൂ. അതു ഏതുരീതിയിലും പോഷിപ്പിക്കുക എന്നതിനപ്പുറം ഒരു അജൻഡ അവർക്കില്ല. അതിലൂടെ തുറസായിരിക്കേണ്ട ജീവിതത്തിന്റെ വ്യാപ്തിയെ ചെടിച്ചട്ടിയിൽ നട്ടുവളർത്തുന്ന മരത്തെപ്പോലെ സ്വയം ചുരുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പറമ്പിൽ വളരുമ്പോഴാണ് ഏതൊരു ഫലവൃക്ഷത്തിനും അതിന്റെ സ്വാഭാവികമായ ഫലപ്രാപ്തിയിലെത്താനാകുന്നത് എന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും സാദ്ധ്യതകളാൽ സമ്പന്നമാകണം. എന്തെന്നാൽ സാദ്ധ്യതകളിൽ നിന്നാണ് സാദ്ധ്യതകൾ നിറവേറ്റപ്പെടുന്നത്. അതിനുള്ള വഴി തുറക്കാൻ നമുക്കു ഓരോരുത്തർക്കും നല്ല കാര്യങ്ങളുടെ കേൾവിയും പറയലും വിചാരവും ഉണ്ടായാൽ മതി.
'നല്ലതല്ല നല്ല കാര്യങ്ങൾ മറപ്പത് എന്ന ഗുരുദേവ വചനവും നല്ലതോതുവാൻ ത്രാണിയുണ്ടാകണം' എന്ന ചൊല്ലും നമ്മെ ഓർമ്മിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും ഇതാണ്. മംഗളകരമായ വാക്കുകൾ ശ്രവിക്കാനും മംഗളകരമായ കാഴ്ചകൾ കാണുവാനും കഴിയുമാറാകട്ടെ എന്ന ഉപനിഷത് വിചാരത്തിന് ഉള്ളടക്കമായിരിക്കുന്നതും നല്ല കാര്യങ്ങളുടെ കേൾവിയിലൂടെ ചിന്തയിലൂടെ വിചാരത്തിലൂടെ പ്രവൃത്തിയിലൂടെ കാഴ്ചയിലൂടെ മംഗളകരമായ ഒരു ലോകം സംസൃഷ്ടമാകട്ടെ എന്ന അനുഗ്രഹമാണ്.
ഇതെല്ലാം ഓർമ്മിപ്പിക്കുന്നത് നല്ലതു മാത്രമാണ് നമ്മെ എന്നും നിലനിറുത്തുന്നതും പോഷിപ്പിക്കുന്നതും ഒന്നിപ്പിക്കുന്നതും മോക്ഷസായൂജ്യത്തിലേക്ക് നയിക്കുന്നതുമെന്ന സത്യമാണ്. ഞാൻ മറ്റുള്ളവരുടെയും മറ്റുള്ളവർ എന്റെയും പൊതുനന്മയ്ക്കായി അനുഷ്ഠിക്കുന്നതും ചിന്തിക്കുന്നതും പറയുന്നതും എന്തെല്ലാമോ അതെല്ലാം തന്നെയാണ് നല്ലകാര്യങ്ങൾ. ഇന്ന് ആധുനിക മന:ശാസ്ത്രം കൈകാര്യം ചെയ്യുന്ന പോസിറ്റീവ് തിങ്കിംഗ് - അല്ലെങ്കിൽ ശുഭാപ്തി പരത നല്ലതിനെ കൈവരിക്കാൻ മനസിനെ പ്രാപ്തമാക്കുന്ന ഒരു വിചാരമണ്ഡലമായി ലോകത്ത് വളർന്നിട്ടുണ്ട്. സോദ്ദേശ്യതയാണ് അതിന്റെ കാതൽ. എന്നാൽ നല്ലത് കേൾക്കുന്നതിനെക്കാൾ നല്ലതല്ലാത്തത് കേൾക്കാനും പ്രചരിപ്പിക്കാനും താത്പര്യപ്പെടുന്നവർ ഏറി വരുന്നു എന്ന വാസ്തവികതയെ കാണാതിരിക്കാനാവില്ല. എങ്കിലും നല്ലത് പറയുന്നവരെയും കേൾക്കുന്നവരെയും കാണാനും കേൾക്കാനുമാണ് കാലം എന്നും കാത്തിരിക്കുന്നത്. അതിനു ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സന്റെ ഉറ്റമിത്രവും പോസിറ്റീവ് തിങ്കിംഗ് എന്ന ആശയത്തെ ആഗോളവത്കരിച്ച ലോകപ്രശസ്തചിന്തകനുമായിരുന്ന നോർമൻ വിൻസന്റ് പേളിന്റെ ജീവിതം. The Power of Positive Thinking എന്ന അദ്ദേഹത്തിന്റെ വിശ്രുതഗ്രന്ഥം പോലെ ആഗോളതലത്തിൽ ജനങ്ങളെ പ്രചോദിപ്പിച്ച മറ്റൊരു ഗ്രന്ഥം അപൂർവമായിരിക്കും.
ലോകജനതയെ ഇന്നും വായിക്കാനും കേൾക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പിറവിക്കു പിന്നിൽ ഒരു അനുഭവകഥയുണ്ട്. നല്ല ചിന്തയെ, നല്ല കേൾവിയെ ആഗ്രഹിക്കുന്നവരും ആശ്രയിക്കുന്നവരും പിന്തുടരുന്നവരും നിശ്ചയമായും അറിയേണ്ട ഒന്നാണിത്. സോദ്ദേശ്യമായ ചിന്തയുടെ അദ്ഭുതകരമായ ഒഴുക്കും പ്രചോദനാത്മകതയുടെ വിസ്മയകരമായ സ്വാധീനവും കൊണ്ട് വായനാലോകത്തെ വശീകരിച്ച ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതിയുമായി പേൾ ആദ്യകാലത്ത് പ്രസാധകരെത്തേടി വളരെ അലയുകയുണ്ടായി. എന്നാൽ ആരും അത് പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. ഒടുവിലൊരു ദിവസം അദ്ദേഹം വ്രണിതഹൃദയനായി ആ കടലാസുകെട്ടുകൾ തന്റെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു കളഞ്ഞു. അതുകണ്ട അദ്ദേഹത്തിന്റെ ഭാര്യ ആ കടലാസുകൾ ചവറ്റുകുട്ടയിൽ നിന്നും വീണ്ടെടുത്ത് ചുളിവുകൾ നീക്കി അടുക്കിവച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.
'നിങ്ങൾ ഇതിൽ നിന്നും പിന്തിരിയരുതെന്നാണ് എന്റെ അപേക്ഷ. എന്തെന്നാൽ നിങ്ങൾ പറയുന്നതിൽ ഈ ലോകത്തിനു കിട്ടുവാൻ ധാരാളം വിഭവങ്ങളുണ്ട്. അതു ലോകം കേൾക്കുമെന്ന് എനിക്കുറപ്പുണ്ട്.'
സത്യത്തിൽ ഈ വാക്കുകളാണ് വില്പനയിൽ റെക്കാഡ് ഭേദിച്ച ആ ഗ്രന്ഥത്തിന്റെ പിറവിക്കു കളമൊരുക്കിയത്. അപ്പോൾ നല്ലതിനെ കേൾക്കാൻ തുടക്കത്തിൽ ശ്രോതാക്കളില്ലെന്നു വന്നാലും അതു കേൾക്കാൻ കാതോർക്കുന്നവരുടെ ഒരു ലോകം ഉണ്ടാവുമെന്നുറപ്പാണ്. ആ സത്യമാണ് ഗുരുദേവൻ സദാചാരമെന്ന കൃതിയിലെ ഈയൊരു പദ്യത്തിലൂടെ നമുക്ക് നൽകുന്ന സന്ദേശവും.
പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണർക്കൊട്ടും
ചേരാ, നേരേ വിപര്യയം.