pakistan-bus

റാവൽപിണ്ടി: പാകിസ്ഥാനിൽ ബ്രേക്കുകൾ തകരാറിലായ ബസ് അപകടത്തിൽ പെട്ടു. പാകിസ്ഥാനിലെ റാവൽപ്പിണ്ടിക്ക് അടുത്തായുള്ള ചിലാസ് ജില്ലയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 22 പേർ മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം നടന്നത്. ചിലാസിലെ സ്കർദുവിൽ നിന്നും റാവൽപ്പിണ്ടിയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ബസ്. കൂറ്റൻ പാറക്കെട്ടുകളുള്ള ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥൻ അബ്‌ദുൾ വാഖീൽ പറയുന്നത്.

രക്ഷാപ്രവർത്തനം നടത്തുന്നതിന് വേണ്ടിയുള്ള സാമഗ്രികളും മറ്റ് ഉപകരണങ്ങളും ലഭിക്കാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിൽ ഇത്തരം അപകടങ്ങൾ സാധാരണയായി സംഭവിക്കാറുള്ളതാണ്. തകർന്നുകിടക്കുന്ന റോഡുകളിലൂടെ ട്രാഫിക് നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുക്കാതെ ജനങ്ങൾ യാത്ര നടത്തുന്നതാണ് അപകടങ്ങൾ സംഭവിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ മാസവും ഇത്തരത്തിൽ മലമ്പ്രദേശത്ത് കൂടി സഞ്ചരിക്കുകയായിരുന്ന മറ്റൊരു ബസ്‌, നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയും 24 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.