padmaja-rajashekharan

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയിലെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ പറ‌ഞ്ഞു. മത്സരിക്കണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ ആഗ്രഹത്തെക്കുറിച്ച് മറുപടി പറയേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് പ്രവർത്തകരാണ് അഭിപ്രായങ്ങൾ മുന്നോട്ട് വച്ചതെന്നും അവർ അവരുടെ ആഗ്രഹമാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേർത്തു. പാർട്ടി ചോദിച്ചാൽ അഭിപ്രായം അറിയിക്കുമെന്നും വ്യക്തികളെ ആശ്രയിച്ചിട്ടല്ല മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.

"പാർട്ടിക്ക് വട്ടിയൂർക്കാവിൽ സാദ്ധ്യതയുണ്ട്. കഴിഞ്ഞതവണ തോറ്റത് സി.പി.എം വോട്ട് മറിച്ചതുകൊണ്ടാണ്. സി.പി.എം സഹായിച്ചിട്ടുണ്ടെന്ന് മുരളീധരൻ സമ്മതിച്ചതാണ്. ഇത് കേരളത്തിൽ കാലാകാലങ്ങളായി നടക്കുന്നതാണ്. അത് ഇപ്രാവശ്യവുമുണ്ടായേക്കും. വ്യക്തിയെ ആശ്രയിച്ചല്ല, ആശയത്തേയും ആദർശത്തേയും പാർട്ടി പരിപാടിയേയും ആശ്രയിച്ചാണ് ജയമുണ്ടാക്കേണ്ടതെ"ന്നും കുമ്മനം പറഞ്ഞു. പാർട്ടി നിർദേശിച്ചാൽ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം കുമ്മനം പ്രതികരിച്ചിരുന്നു. അതിനിടെ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകണമെന്ന വട്ടിയൂർക്കാവ് മണ്ഡലം സമിതിയുടെ നിലപാട് ജില്ലാ സമിതി അംഗീകരിച്ചിട്ടുണ്ട്.

അതേസമയം,​ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലും വ്യക്തമാക്കി. സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വഴിച്ചിഴയ്‌ക്കരുതെന്നും പത്മജ വ്യക്തമാക്കി. ''വട്ടിയൂർക്കാവിൽ മത്സരിക്കുന്ന കാര്യം ചോദിക്കുകയോ, ഞാനാരോടും പറയുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാൻ തൃശൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരികയാണ്. തിരുവനന്തപുരത്താണ് പഠിച്ചുവളർന്നത് എന്നതുകൊണ്ട്, അവിടുത്തെ പ്രവർത്തകരുമായൊക്കെ എനിക്ക് നല്ല ബന്ധമാണുള്ളത്. അങ്ങനെ വന്നതായിരിക്കാം പേര് എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്''-പത്മജ പറഞ്ഞു.

നേരത്തെ സഹോദരിയായ പത്മജ വേണുഗോപാലിനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടിരുന്നു. പത്മജയെ നിറുത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരൻ നിലപാട് വ്യക്തമാക്കിയത്. താൻ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തിൽ നിന്നുമൊരാൾ വട്ടിയൂർക്കാവിൽ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് പത്മജയുടെ പ്രതികരണം.