balakot-

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന് പകരമായി ബലാക്കോട്ട് മലനിരകളിലെ ഭീകരകേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചാണ് ഇന്ത്യൻ വ്യോമസേന മറുപടി നൽകിയത്. ബലാക്കോട്ടിലെ ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രങ്ങളിൽ മിറാഷ് വിമാനമുപയോഗിച്ചുള്ള ഇന്ത്യൻ ആക്രമണത്തിൽ മുന്നോറോളം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം തകർത്ത ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ നാൽപ്പതോളം തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങൾ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിക്ക് ശേഷം ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടാൻ പാക് സൈന്യം കിണഞ്ഞ് പരിശ്രമിക്കുകയാണ്. അതിർത്തിയിൽ നിരവധി തവണയാണ് ഭീകരരെ കയറ്റിവിടാനുള്ള പാക് സൈനിക ശ്രമങ്ങളെ ഇന്ത്യൻ സൈന്യം ചെറുത്ത് തോൽപ്പിച്ചത്.

കാശ്മീരിലെ സംഭവവികാസങ്ങൾ യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ എത്തിച്ചുവെങ്കിലും ലോകരാഷ്ട്രങ്ങളുടെ പിന്തുണ പാകിസ്ഥാന് ഉറപ്പാക്കാനായില്ല. വീണ്ടും പഴയരീതിയിൽ തീവ്രവാദികളെ കൊണ്ട് കാശ്മീരിൽ അസ്ഥിരതയുണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ബലാക്കോട്ടിൽ മാത്രമല്ല അതിർത്തിയുമായി ചേർന്നു കിടക്കുന്ന പാക് അധീന കാശ്മീരിലും ഭീകരക്യാംപുകൾ പാക് സൈനിക പിന്തുണയോടെ തുറന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ബലാക്കോട്ടിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കുവാൻ ഉപയോഗിച്ച ബോംബുകൾ ഫലപ്രദമാണെന്ന് കണ്ട് കൂടുതൽ ബോംബുകൾ ഇസ്രായേലിൽ നിന്നും വാങ്ങുവാനായി ഇന്ത്യൻ വ്യോമസേന ഓർഡർ നൽകിയിട്ടുണ്ട്.