ആലപ്പുഴ : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നാണക്കേടിന്റെ പടുകുഴിയിൽ നിന്നും കൈ പിടിച്ചുയർത്തിയത് ആലപ്പുഴ മണ്ഡലമാണ്. ആലപ്പുഴ കൂടി കൈവിട്ടിരുന്നെങ്കിൽ സമ്പൂർണ തോൽവി എന്ന പട്ടം ഇടതുമുന്നണിക്ക് ചാർത്തപ്പെട്ടേനെ. എന്നാൽ ആലപ്പുഴയിൽ നേടിയ വിജയത്തിന് ഇടതുമുന്നണിയുടെ നെഞ്ചിടിപ്പേറ്റുന്നത് കേരളം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സമയം അടുത്തതോടെയാണ്. ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭ മണ്ഡലത്തിലെ ജനകീയനായ എം.എൽ.എ എന്ന പേരു സമ്പാദിച്ച എ.എം.ആരിഫിനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചാണ് ഇടതുമുന്നണി മുഖം കാത്തത്. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തിയാണ് ആരിഫ് എം.പിയായി ഡൽഹിയിലേക്ക് പറന്നത്.
എ.എം. ആരിഫിനെ വിജയിപ്പിച്ചെടുത്തതിലൂടെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുഖം രക്ഷിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ തോറ്റ ഷാനിമോൾക്കും ആശ്വസിക്കാൻ ചിലത് ആ തിരഞ്ഞെടുപ്പിൽ സംഭവിച്ചിരുന്നു. അതിൽ ഏറ്റവും വലുതാണ് ആരിഫിന്റെ തട്ടകമായ അരൂരിൽ നേടിയ മേൽക്കൈ. അറുനൂറ്റി നാൽപ്പത്തിയെട്ട് വോട്ടുകളുടെ ലീഡാണ് ഇവിടെ സിറ്റിംഗ് എം.എൽ.എയായ ആരിഫിനെ പിന്തള്ളി ഷാനിമോൾ നേടിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അരൂരിലെ അട്ടിമറി ലീഡിൻെറ ബലത്തിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാനിമോളുടെ പേര് സജീവമാക്കുകയാണ്. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പുകളുടെ വീതം വയ്പ്പിൽ അരൂർ സീറ്റ് ഷാനിമോൾ ഉസ്മാന് കിട്ടുമോ എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയായിട്ടില്ല.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് മണ്ഡലങ്ങളിൽ അരൂർ മാത്രമാണ് ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ്. പൊതുവെ ഇടത് അനുകൂല മണ്ണായ ആലപ്പുഴയിൽ തോൽക്കുക എന്നത് ഇടത് മുന്നണിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയാവുമ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇടതുമുന്നണി ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സിറ്റിംഗ് സീറ്റ് കൂടെനിർത്താനുമാവും.