സൂപ്പർമാർക്കറ്റുകളിലും മറ്റും സുലഭമായി കിട്ടുന്ന ഒരു ഭക്ഷണവസ്തുവാണ് ന്യൂട്ടെല്ലയുടെ ഹേസൽനട്ട് ബട്ടർ. ബ്രെഡിലും മറ്റ് ഭക്ഷണസാധനങ്ങളിലും പുരട്ടി ഇത് കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വില വളരെ കൂടുതലാണെങ്കിലും ന്യൂട്ടെല്ലയുടെ ഹേസൽനട്ട് ബട്ടർ പലരും വാങ്ങി കഴിക്കാറുളളത്. പ്രത്യേകിച്ച് കുട്ടികൾ എന്നാൽ ഈ ഭക്ഷണവസ്തു എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ന്യൂട്ടെല്ല നിർമ്മിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളിൽ ഒന്ന് ഹേസൽനട്ടാണ്(ചെമ്പങ്കായ). ലോകത്തിൽ ഏറ്റവും കൂടുതൽ ഹേസൽനട്ടുകൾ കൃഷി ചെയ്യുന്ന രാജ്യമായ തുർക്കിയാണ് ന്യൂട്ടെല്ല ഹേസൽനട്ട് ബട്ടർ നിർമിക്കുന്ന ഫെറേറോ കമ്പനിയ്ക്ക് ഇത് നൽകുന്നത്. ലോകത്തിലെ 70 ശതമാനം ഹേസൽനട്ടുകളും തുർക്കിയിൽ നിന്നുമാണ് വരുന്നത്.
എന്നാലോ, ധനാഢ്യരായ കുടുംബങ്ങളുടെ കീഴിലുള്ള തുർക്കിയിലെ ഹേസൽനട്ട് പാടങ്ങളിൽ ജോലി ചെയ്യുന്നവരുടെ ദുരിതങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. ചെങ്കുത്തായ കുന്നുകളിൽ 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന ഇവരുടെ കഷ്ടതകൾ ന്യൂട്ടെല്ല പീനട്ട് ബട്ടർ ആസ്വദിച്ച് കഴിക്കുന്ന പലരും അറിയാറുപോലുമില്ല. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പോലും ഈ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട് എന്ന് മനസിലാക്കുമ്പോഴാണ് ഇവരുടെ കഷ്ടപ്പാടിന്റെ രൂക്ഷത ശരിക്കും മനസിലാക്കാൻ സാധിക്കുക.
തുർക്കിയുടെ തെക്ക് കിഴക്കൻ മേഖലകളിൽ നിന്നും വരുന്ന കുർദ് വംശജരായ തോട്ടങ്ങളിലെ പണിക്കാർ പലപ്പോഴും വരുമാനം കൂടുതൽ കിട്ടുന്നതിനുവേണ്ടി കുടുംബസമേതമാണ് ഈ തോട്ടങ്ങളിൽ ജോലി ചെയ്യുന്നത്. ഇവർക്ക് 65 മുതൽ 95 ലിറ വരെയാണ് ഒരു ദിവസത്തെ ജോലിയുടെ വേതനമായി ലഭിക്കുന്നത്. ഇത് ഏകദേശം 1200 രൂപ വരും.അത്ഭുതപ്പെടാൻ വരട്ടെ. ഇത് തുർക്കിയിലെ ഏറ്റവും കുറഞ്ഞ വേതനത്തിൽ നിന്നും വളരെ താഴെയാണ്.
ഏകദേശം 4 ലക്ഷം ഹേസൽനട്ട് പാടങ്ങളാണ് തുർക്കിയിലുള്ളത്. ഇവിടെയെല്ലാം ഇത്തരത്തിൽ മറ്റൊരു വരുമാന മാർഗം കാണാതെ, ദാരിദ്ര്യത്തിൽ പെട്ട് ഉഴലുന്ന ഇത്തരം കുടുംബങ്ങൾ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാൽ ഈ അനീതി തങ്ങളുടെ നിയന്ത്രണത്തിലല്ല നടക്കുന്നതെന്ന് പറഞ്ഞ് കൈകഴുകുകയാണ് ഫെറേറോ കമ്പനി ഏറെ നാളുകളായി ചെയ്യുന്നത്.
ന്യൂട്ടെല്ലയിൽ 13 ശതമാനം ഹേസൽനട്ടാണ് അടങ്ങിയിരിക്കുന്നത്. ബാക്കിയുള്ളത് പഞ്ചസാരയും, പാം ഓയിലും, കോകോയുമാണ്. ഇവയെല്ലാം ചേർന്നാണ് ന്യൂട്ടെല്ല ഹേസൽനട്ട് ബട്ടറിന് മറ്റൊന്നിനുമില്ലാത്ത രുചി നൽകുന്നത്. പ്രധാനമായും കൊഴുപ്പും പ്രോട്ടീനുമാണ് ന്യൂട്ടെല്ല കഴിക്കുന്ന ഒരാളിന് ലഭിക്കുക. അതുകൊണ്ട് ഇത് കഴിച്ച് ശീലിച്ചവർക്ക് അതിൽ നിന്നും പിന്തിരിയാൻ അൽപ്പം വിഷമം ഉണ്ടാകും. എങ്കിലും ഈ ഭക്ഷണവസ്തു ഏതൊക്കെ മാർഗങ്ങളിലൂടെയാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നതെന്നും, ആരുടെയൊക്കെ കണ്ണുനീർ അതിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നും അറിയുന്നത് നല്ലത് തന്നെയാണ്.