സൂര്യോദയത്തിന് മുമ്പേ കുളിക്കണം എന്നാണ് പൊതുവെ പഴമക്കാർ പറയാറ്. ഹൃദയവിശുദ്ധി പോലെ തന്നെ പൗരാണികർ തങ്ങളുടെ ശരീരശുദ്ധിക്കും പ്രാധാന്യം കൽപ്പിച്ചിരുന്നു. എത്ര തണുപ്പാണെങ്കിലും രാവിലെ നേരത്തെ എണീറ്റ് അടുത്തുള്ള കുളത്തിലോ പുഴയിലോ പോയി മുങ്ങിക്കുളിക്കുന്നത് മലയാളിയുടെ ശീലമായിരുന്നു. രാവിലെ ഉണർന്നശേഷം അതിദൂരം നടന്നുപോയി മുങ്ങികുളിക്കണമെന്നു പറയാറുണ്ട്. മനസിന്റെയും ശരീരത്തിന്റെയും സുഖവും ആശ്വാസവും ലഭിക്കാനാണ് പഴമക്കാർ കുളിക്കാനായി നിറഞ്ഞൊഴുകുന്ന തോടിനെയും പുഴയെയുമൊക്കെ ആശ്രയിച്ചിരുന്നത്.
മാത്രമല്ല, മുങ്ങിക്കുളി പണ്ടുള്ളവർക്ക് ഒരു ശീലവുമായിരുന്നു. കൂടാതെ കേരളീയന്റെ പ്രഭാതകർമ്മങ്ങളിലാകട്ടെ എണ്ണ തേച്ചു കുളിക്ക് പ്രധാന സ്ഥാനമാണ് നൽകിവന്നിരുന്നത്. എന്നാൽ, ഇന്ന് ആ ശീലമൊക്കെ മാറി. എല്ലാവരും തിരക്കിന്റെ ലോകത്തിലാണ്. ജീവിത ശെെലികളും രീതികളും പാടെ മാറി. ഇപ്പോൾ കുളിക്കാനുള്ള സമയക്രമങ്ങളിൽ പോലും ചിട്ടയില്ല. എന്നാൽ പഴമക്കാർ അന്നു പറഞ്ഞതിൽ ചില കഴമ്പുകളുണ്ട്. പ്രധാനമായും 4 തരം സ്നാനമുണ്ടെന്നാണ് പറയപ്പെടുന്നത്. മുനിസ്നാനം,ദേവസ്നാനം,മാനവ സ്നാനം,രാക്ഷസസ്നാനം. രാവിലെ സ്നാനം ചെയ്യുന്നതിനെ കുറിച്ച് ധർമ്മശാസ്ത്രങ്ങളിൽ നാല് ഉപനാമം കൊടുത്തിട്ടുണ്ട്.
1-മുനിസ്നാനം
രാവിലെ 4 മണിക്കും 5 മണിക്കും ഇടയിൽ കുളിച്ചാൽ അത് മുനിസ്നാനം-സർവ്വോത്തമം എന്നാണ് പറയുന്നത്. വീട്ടിൽ, സുഖം, ശാന്തി, സമൃദ്ധി, വിദ്യ,ബലം,ഇവ പ്രദാനം ചെയ്യുന്നു.
2-ദേവസ്നാനം
രാവിലെ 5 മണിക്കും 6 മണിക്കും ഇടയിൽ ഉത്തമം. ജീവിതത്തിൽ യശസ്സ്,കീർത്തി ,ധനം, വെെഭവം,സുഖം,ശാന്തി, സന്തോഷം,ഇവ പ്രദാനം ചെയ്യുന്നു.
3-മാനവ സ്നാനം
രാവിലെ 6 മണിക്കും 8 മണിക്കും ഇടയിൽ-സാമാന്യം. കാമ സാഫല്യം,ഭാഗ്യം, നല്ല കർമ സുഖം, പരിവാരങ്ങളിൽ ഐക്യം തുടങ്ങിയ മംഗള ഫലങ്ങൾ പ്രദാനം ചെയ്യുന്നു.
4-രാക്ഷസസ്നാനം
8 മണിക്കു ശേഷമുള്ള സ്നാനം ഇത് ധർമ്മനിഷിദ്ധം. ദാരിദ്ര്യം, മാനഹാനി,ക്ലേശം,ധനഹാനി ഇവ പ്രദാനം ചെയ്യുന്നു.അതുകൊണ്ട് മനുഷ്യൻ 8 മണിക്കു ശേഷമുള്ള സ്നാനം വർജ്ജിക്കേണ്ടതാണ്.പണ്ടുകാലത്ത് സൂര്യോദയത്തിന് മുമ്പേ കുളിക്കണം എന്നുപറയാനുള്ള കാരണവും ഇതാണ്.