modi

ഇന്ത്യയും പാകിസ്ഥാനും ഇടയിലെ തർക്കവിഷയമായ ജമ്മു കാശ്മീർ മുമ്പില്ലാത്ത വിധം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്. ജമ്മു കാശ്മീരിന് ഭരണഘടന മുഖാന്തരം കൽപ്പിച്ച് നൽകിയിട്ടുള്ള പ്രത്യേക അധികാരങ്ങളെ ജനാധിപത്യത്തിന്റെ വഴികളിലൂടെ തിരികെയെടുത്ത് സംസ്ഥാനത്തിന്റെ അധികാരങ്ങൾ നൽകി വികസന വഴികളിലൂടെ ആനയിക്കുമെന്ന ശക്തമായ സന്ദേശമാണ് കേന്ദ്രസർക്കാർ നൽകിയത്. എന്നാൽ അയൽ രാജ്യമായ പാകിസ്ഥാന് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ നടപടികൾ അത്രവേഗം ദഹിക്കുന്നതായിരുന്നില്ല. സാമ്പത്തിക ഞെരുക്കവും, ഭരണപരാജയവും മറയ്ക്കുവാനായി പാക് ഭരണകൂടം പ്രത്യേകിച്ച് ഇമ്രാൻ ഖാൻ കാശ്മീർ പ്രശ്നത്തെ പ്രക്ഷോഭ വിഷയമാക്കുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കവേ പാകിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിലെ ഭൂമി എങ്ങനെ തിരികെ പിടിക്കാം എന്ന ചിന്തയിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും ചർച്ചകൾ മുന്നോട്ട്‌പോകുന്നത്.

india-pak

പാക് അധീന കാശ്മീർ ഇന്നല വരെ

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ പാക് അധീനകാശ്മീരിനെ സംബന്ധിച്ച് ഗൗരവമേറിയ ചർച്ചകൾ മുൻപുണ്ടായിരുന്നില്ല. ഇന്ത്യ സ്വന്തമാണെന്ന് കരുതി ഭൂപടത്തിൽ ഇപ്പോഴും ഉൾപ്പെടുത്തിയിട്ടുള്ള ഭൂമിയാണിത്. എന്നാൽ ഇന്ത്യയുമായുള്ള യുദ്ധാനന്തരം അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ട ലോക സമാധാനത്തിന്‌വേണ്ടി നിലകൊള്ളേണ്ട രാഷ്ട്രം എന്ന നിലയിൽ പാക് അധീന കാശ്മീരിൽ ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. എന്നാൽ കാശ്മീരിൽ അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളിൽ അപ്രതീക്ഷിതമായി പാകിസ്ഥാൻ പ്രതിഷേധത്തിന്റെ പുത്തൻ വഴികൾതേടിയതോടെയാണ് തടയിടാനായി പാക് അധീന കാശ്മീരിനെ ഇന്ത്യ ഉപയോഗിച്ച് തുടങ്ങിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പാക് അധീനകാശ്മീരിനെ കുറിച്ച് ഇനി ചർച്ചയാവാമെന്ന് ആദ്യമായി പാകിസ്ഥാന് മറുപടിയായി പ്രസ്താവന നടത്തിയത്. പിന്നാലെയാണ് മികച്ച നയതന്ത്രജ്ഞൻ കൂടിയായ വിദേശകാര്യമന്ത്രി ജയശങ്കർ പാക് അധീന കാശ്മീരിനെ കുറിച്ച് ആവർത്തിച്ച് ആവർത്തിച്ച് പൊതുമണ്ഡലത്തിൽ ചർച്ചാവിഷയമാക്കിയത്. അതേ സമയം മോദി മന്ത്രിസഭയിലെ ചില മന്ത്രിമാർ പ്രകോപന പരമായ പ്രസ്താവനയും ഈ വിഷയത്തിൽ എടുത്തിരുന്നു.

ബലം പ്രയോഗിച്ച് ഇന്ത്യ സ്വന്തമാക്കുമോ ?

ഇന്നല്ലെങ്കിൽ നാളെ പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാവും എന്ന് അസന്നിഗ്ദ്ധമായി ഇന്ത്യൻ വിദേശകാര്യമന്ത്രി പ്രസ്താവിക്കുമ്പോൾ, സൈന്യം എന്തിനും തയ്യാറാണെന്നും, സർക്കാരിന്റെ ഉത്തരവിനായി കാക്കുകയാണെന്നും കരസേനമേധാവി മുന്നറിയിപ്പ് നൽകുമ്പോൾ ബലപ്രയോഗത്തിലൂടെ ഇന്ത്യ പാക് അധീന കാശ്മീരിനെ സ്വന്തമാക്കുമോ എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. എന്നാൽ ഒരിക്കലും ഏകപക്ഷീയമായി ഇന്ത്യ ഇത്തരം ഒരു എടുത്തുചാട്ടം നടത്തില്ലെന്ന് വിശ്വസിക്കുന്നവരാണ് രാഷ്ട്രനയതന്ത്രത്തിൽ വ്യാപൃതരായിട്ടുള്ളവർ വിശ്വസിക്കുന്നത്. പാക് അധീന കാശ്മീരിലും ഗിൽജിത് ബാൾട്ടിസ്താനിലും ഇന്ത്യയുടെ അവകാശം മായ്ക്കാനാവാതെ നിലനിൽക്കുമ്പോഴും ശക്തി പ്രയോഗിക്കാൻ ഇന്ത്യ മടിക്കുന്നതിൽ കാരണങ്ങൾ പലതാണ്.

indian-army

ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നതിന് പകരമായി പാകിസ്ഥാനുമായി തർക്കിക്കുവാൻ, സംവദിക്കാനുള്ള ഒരു വിഷയമായി പാക് അധീന കാശ്മീരിനെ ഇന്ത്യ മാറ്റുവാനാണ് സാദ്ധ്യത കൂടുതൽ. അന്താരാഷ്ട്ര സമൂഹത്തിലടക്കം ഈ വിഷയത്തിൽ ചർച്ച മുറുകുമ്പോൾ ജമ്മുവിൻ മേലുള്ള പാകിസ്ഥാന്റെ ശ്രദ്ധ കുറയുവാനിടവരും. ജമ്മുവിലെ ഭീകരപ്രവർത്തനങ്ങൾ അതിർത്തിയിലേക്ക് എത്തിക്കുവാനും, ജമ്മുവിനെ സമാധാനമേഖലയാക്കി വികസനപ്രവർത്തനങ്ങൾ കൊണ്ടുവരാനുമാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. ജമ്മുകാശ്മീരിനെ സംബന്ധിച്ച് പാക് ഭാഗത്തുനിന്നുള്ള ചർച്ചകൾക്ക് മൂർച്ചയേറിയ മറുപടിയായി പാക് അധീന കാശ്മീരിനെ ഉപയോഗിക്കുന്നതിന് ഷിംല ഉടമ്പടി ഇന്ത്യയ്ക്ക് ഉറപ്പു നൽകുന്നുമുണ്ട്. തർക്കപ്രദേശങ്ങളെ സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും സമാധാനപരമായി ചർച്ചകൾ നടത്തണമെന്നാണ് ഇതിൽ പ്രസ്താവിച്ചിട്ടുള്ളത്. ഈ ഉടമ്പടിയിൽ വെള്ളംചേർത്ത് പലപ്പോഴും അമേരിക്കയേയും, യു.എൻ ഇടപെടലും പാകിസ്ഥാൻ ആവശ്യപ്പെടുന്നത് അവരുടെ ഭാഗത്ത് നിന്നും ഒന്നും നഷ്ടമാവില്ല എന്ന വിശ്വാസമാണ്. എന്നാൽ ഇതിനെ പരാജയപ്പെടുത്താൻ ഇനി ഇന്ത്യയ്ക്കാവുന്നത് പാക് അധീന കാശ്മീർ ചർച്ച വിഷയമാക്കുന്നതിലൂടെയാണ്.

പാക് അധീന കാശ്മീർ സ്വന്തമാക്കാൻ ബലം പ്രയോഗിക്കാൻ ഇന്ത്യ മടിക്കുന്നത് സമാധാന രാഷ്ട്രമെന്ന പ്രതിച്ഛായ കാരണവുമാണ്. ആണവരാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സൈനികമായി തീർക്കുന്നതിന് പിന്നിലെ അപകടം ലോകരാഷ്ട്രങ്ങൾ ഉയർത്തിക്കാട്ടുന്നതും ബലപ്രയോഗത്തിന് ഇന്ത്യയെ തടഞ്ഞേക്കും. അതേ സമയം പാകിസ്ഥാൻ ഭാഗത്തുനിന്നുമുള്ള പ്രകോപനങ്ങൾക്ക് മറുപടി നൽകാൻ തുനിഞ്ഞാൽ ആദ്യം ലക്ഷ്യം വയ്ക്കുന്നതും ഈ പ്രദേശങ്ങളാവും.

pok-

പാക് വിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടും

പാക് അധീന കാശ്മീരിലെ ജനവികാരം മുൻപത്തേക്കാളും തുറന്നുകാട്ടാൻ ഇനി ഇന്ത്യ ശ്രമിക്കും എന്നത് വ്യക്തമാണ്. പാക് ഭരണകൂടത്തിന് എതിരെ പാക് അധീന കാശ്മീരിൽ നിലനിൽക്കുന്ന അമർഷം ആളിക്കത്തിക്കുവാൻ ഇന്ത്യയ്ക്കാവും. ഇപ്പോൾ തന്നെ ബലൂചിസ്ഥാനിലെ വിഘടനപ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഏജൻസികളുടെ സഹായം ലഭിക്കുന്നതായി പാക് ആരോപണമുണ്ട്. അടുത്തിടെയായി പാക് അധീന കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും, സൈനിക അതിക്രമങ്ങളെ കുറിച്ചുമുള്ള വാർത്തകൾ മുമ്പത്തേക്കാളും ലോകശ്രദ്ധയിലെത്തുന്നുണ്ട്. കാശ്മീരിലെ യുവാക്കളെ രാഷ്ട്രത്തിനെതിരെ തിരിക്കുന്നതിൽ പാകിസ്ഥാന് അതേ നാണയത്തിൽ മറുപടി നൽകുവാൻ ഇന്ത്യയ്ക്ക് പാക് അധീനകാശ്മീരിലാവും.

നീണ്ടനാളത്തെ നിയന്ത്രണങ്ങൾക്കുശേഷം ജമ്മു കാശ്മീരിൽ വികസനത്തിന്റെ പുതുയുഗം പിറക്കുമ്പോൾ അസ്വസ്ഥമാവുന്നത് അതിർത്തിക്കപ്പുറമുള്ള പാക് അധീന പ്രദേശങ്ങളിലെ ജനമാവും. ഇന്ത്യയുടെ ഭാഗമാവാൻ അന്നവർ ആഗ്രഹിച്ചാൽ 1971ൽ സ്വാതന്ത്ര്യത്തിനായി കൊതിച്ച കിഴക്കൻ പാകിസ്ഥാനിലെ ജനതയെ സഹായിച്ചപോലെ ഇന്ത്യ നിർണായക നീക്കം നടത്തിയേക്കാം, ഒരു പുതു രാഷ്ട്ര പിറവിയായിരിക്കില്ല അന്നവിടെ സംഭവിക്കുക ചരിത്രത്തിനോട് ഒന്നായി ഇന്ത്യമഹാരാജ്യത്തിൽ അവർ ലയിച്ചേക്കാം. വിദേശകാര്യ മന്ത്രി പറഞ്ഞ വാക്കുകൾ ആവർത്തിക്കുകയാണെങ്കിൽ പാക് അധീനകാശ്മീരിലും ഇന്ത്യയ്ക്ക് നിയമപരമായി അവകാശം ലഭിക്കുന്ന ദിവസം വന്നുചേരും.