amith

മുംബയ്:പാക് അധിനിവേശ കാശ്‌മീർ ഉണ്ടാകാൻ കാരണം 1947ൽ ജമ്മുകാശ്‌മീരിൽ പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെയുള്ള ഇന്ത്യൻ

സേനയുടെ പോരാട്ടം അനവസരത്തിൽ അവസാനിപ്പിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വെടിനിറുത്തൽ പ്രഖ്യാപിച്ചതാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ആവർത്തിച്ച് കുറ്റപ്പെടുത്തി. ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതുമായി ബന്ധപ്പെട്ട് ബി. ജെ. പി മുംബയ് ഘടകം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്‌ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പും 64 അസംബ്ലി മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന ചടങ്ങ് ഫലത്തിൽ ഷായുടെ തിരഞ്ഞെടുപ്പ് യോഗമായി മാറി. തിരഞ്ഞെടുപ്പിൽ ബി. ജെ. പിയുടെ മുഖ്യവിഷയം കാശ്‌മീർരാഷ്‌ട്രീയം ആയിരിക്കുമെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ ലോക്‌സഭയിൽ നടത്തിയ ആദ്യ പ്രസംഗത്തിലും കാശ്‌മീർ പ്രശ്നത്തിന്റെ ഉത്തരവാദിത്വം നെഹ്രുവിനും കോൺഗ്രസിനുമാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

കാശ്‌മീരിനെ ഇന്ത്യയുമായി ഏകീകരിക്കാതിരുന്നതിന് കാരണക്കാരൻ നെഹ്രുവാണ്. ഇന്ത്യൻ പ്രദേശമായ കാശ്‌മീരിൽ 1947ൽ നുഴഞ്ഞുകയറിയ പാകിസ്ഥാനികൾ കൈയടക്കിയ പ്രദേശത്ത് നിന്ന് അവരെ തുരത്താൻ ഇന്ത്യൻ സേന പോരാടുമ്പോൾ നെഹ്രു അനവസരത്തിൽ വെടിനിറുത്തൽ പ്രഖ്യാപിക്കുകയായിരുന്നു. അതിനാലാണ് അധിനിവേശ കാശ്‌മീർ ഉണ്ടായത്. കാശ്‌മീരിന്റെ ഭാഗങ്ങൾ കൈയേറാൻ നെഹ്റു പാകിസ്ഥാനെ അനുവദിക്കുകയായിരുന്നു. നെഹ്രുവിന് പകരം ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ കാശ്‌മീർ പ്രശ്നം കൈകാര്യം ചെയ്‌തിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. വലിയ നാട്ടുരാജ്യങ്ങളായിരുന്ന ഹൈദരാബാദും ജുനഗഡുമൊക്കെ ഇന്ത്യയോട് ചേർത്തത് പട്ടേലാണ്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത് ചരിത്രസംഭവമാണെന്നും അമിത് ഷാ പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ ബി.ജെ.പി ദേശസ്‌നേഹം കാണുമ്പോൾ കോൺഗ്രസ് രാഷ്ട്രീയമാണ് കാണുന്നത്.

ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നിവയ്‌ക്കായാണ് ബി.ജെ.പിയുടെ പോരാട്ടം. കോൺഗ്രസ് ദേശസുരക്ഷയിൽ രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ ലക്ഷ്യം വോട്ട്ബാങ്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരതയെയും മനക്കരുത്തിനെയും ഞാൻ അഭിനന്ദിക്കുന്നു.

രാഹുൽ ഗാന്ധിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ മൂന്ന് തലമുറകളാണ് ആർട്ടിക്കിൾ 370 റദ്ദാക്കാനായി പോരാടിയത്. ഇത് നിങ്ങൾ കരുതുംപോലെ ഒരു രാഷ്ട്രീയ പ്രശ്‌നമല്ല. എല്ലാവരും പറഞ്ഞിരുന്നത് കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നാണ്. എന്നാൽ ആർട്ടിക്കിൾ 370 ഇതിന് തടസമായിരുന്നു. കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്ന് ഇനി അഭിമാനത്തോടെ പറയാം - അമിത് ഷാ പറഞ്ഞു.

 ഏത് വേണമെന്ന് തീരുമാനിക്കൂ

മുംബയ്: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയെപ്പോലെ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ട പാർട്ടിയെയാണോ കോൺഗ്രസിനെയും എൻ.സി.പിയെയും പോലെ കുടുംബകേന്ദ്രീകൃതമായ പാർട്ടികളെയാണോ പിന്തുണയ്ക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണമെന്ന് അമിത് ഷാ പറഞ്ഞു. അനുച്ഛേദം 370 ബി.ജെ.പി റദ്ദാക്കിയതിനെക്കുറിച്ചും തീരുമാനത്തെ എതിർത്ത എൻ.സി.പിയേയും കോൺഗ്രസിനെക്കുറിച്ചും പ്രതിപാദിച്ച് കൊണ്ട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടിയിൽ മഹാരാഷ്ട്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.