ആലപ്പുഴ: വീട്ടമ്മയെ പീഡിപ്പിച്ച് അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ വള്ളിക്കുന്നിലാണ് സംഭവം നടന്നത്. കറ്റാനം ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം സുനീഷ് സിദ്ധിക്കാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ വീട്ടമ്മയിൽ നിന്നും 50,000 രൂപ വരെ തട്ടിയെടുത്തതായും ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പീഡിപ്പിച്ച കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്നും ഇയാൾ പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് പറഞ്ഞിരുന്നു. ഏറെനാളായി ഇയാൾ തന്നെ ഭീഷണിപ്പെടുത്തി വരികയാണെന്നും ഒടുവിൽ ഇത് സഹിക്കാനാകാതെ വന്നപ്പോഴാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ പിടിയിലായ സുനീഷ് ഡി.വൈ.എഫ്.ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി പറയുന്നു.