modi

വാഷിംഗ്ടൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടിയിലേക്ക് ലോകം കണ്ണുനട്ടിരുന്നപ്പോൾ, അപ്രതീക്ഷിതമായി ലഭിച്ച ഒരു കൗതുകക്കാഴ്ച ആഘോഷിക്കുകയാണ് സാമൂഹ്യമാദ്ധ്യമങ്ങൾ. പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെ ടെക്‌സാസ് ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ഇന്ത്യയിലെ യു.എസ് അംബാസഡർ കെന്നത്ത് ജസ്റ്റർ, യു.എസിലെ ഇന്ത്യൻ അംബാസഡർ ഹർഷ വർദ്ധൻ, യു.എസ് വ്യാപാര - രാജ്യാന്തര വകുപ്പ് തലവൻ ക്രിസ്റ്റഫർ ഓൾസൻ തുടങ്ങിയവരുൾപ്പെടെ വൻ ഉദ്യോഗസ്ഥനിരയാണ് എത്തിയത്. എല്ലാവർക്കും ഹസ്തദാനം നൽകി മുന്നോട്ടു നീങ്ങിയ മോദിക്ക് ഒരു ഉദ്യോഗസ്ഥ പൂച്ചെണ്ട് നൽകി. മോദി അതു സുരക്ഷാ ഉദ്യോഗസ്ഥനെ ഏല്പിക്കുമ്പോൾ ചെണ്ടിൽ നിന്ന് ഒരു പൂവ് താഴേക്കു വീണു. മറ്റൊരാൾക്ക് ഹസ്‌തദാനം നൽകിയ മോദി ആ കൈവിടാതെ കുനിഞ്ഞ് ആ പൂവ് എടുത്ത് സുരക്ഷാ ഉദ്യോഗസ്ഥനു കൈമാറി.

മോദിയെ അമേരിക്കയിൽ സ്വീകരിക്കുന്ന ഈ ദൃശ്യം ഉടനേ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രനേതാക്കളുടെ കൂടെയുള്ള ഉദ്യോഗസ്ഥരാണ് അത് പെറുക്കിമാറ്റുക. ഇവിടെ മോദി തന്നെ അത് ചെയ്യുകയായിരുന്നു.

സ്വച്ഛ് ഭാരത് ഒന്നാം മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു. ഇന്ത്യക്കാരിൽ ശുചിത്വബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വമെന്ന ആശയത്തോടുള്ള പ്രതിബദ്ധത മോദി ഒരിക്കൽ കൂടി തെളിയിച്ചെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങൾ പുകഴ്ത്തുന്നത്. ശുചിത്വഭാരത സന്ദേശം ലോകരാഷ്ട്രങ്ങൾക്ക് മുന്നിലും മാതൃകയായി ഉയർത്തിക്കാട്ടാനും മോദിയുടെ ഈ പ്രവൃത്തികൊണ്ട് സാധിച്ചെന്നും മറ്റുമുള്ള ട്വീറ്റുകളും മറുട്വീറ്റുകളും ട്വിറ്ററിലും നിറയുകയാണ് .

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യയും സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്വച്ഛ് ഭാരത് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് മോദിക്ക് ഗ്ലോബൽ ഗോൾകീപ്പേഴ്സ് പുരസ്കാരം നൽകാനിരിക്കുകയാണ്. നാളെ ലിങ്കൺ സെന്ററിലാണ് പുരസ്കാര ദാനം.