തിരക്കിട്ട ജീവിതത്തിൽ വയസായ മാതാപിതാക്കളെ നോക്കാനുള്ള സമയവും സൗകര്യവും അതിലപ്പുറം മനസുമില്ലാത്ത മക്കൾ മാതാപിതാക്കളെ നോക്കാൻ പൈസകൊടുത്ത് ജോലിക്കാരെ വയ്ക്കുന്നു. ഈ കാരണത്താൽ ഗാർഹിക തൊഴിലാളികളെ നൽകുന്ന ഏജൻസികൾ കൂണുപോലെ മുളച്ചു പൊന്തിയിരിക്കുകയാണ് കേരളത്തിൽ. പല സ്ഥാപനങ്ങളുംഹോംനഴ്സിംഗ് എന്തെന്നുപോലും അറിയാത്തവരെയാണ് ഹോം നഴ്സ് എന്ന ലേബലിൽ അയയ്ക്കുന്നത്. പല ഏജൻസികളും ജോലിക്കാർക്ക് പരിശീലനം നൽകുന്നുമില്ല. ജോലിക്ക് എടുക്കുന്നവരുടെയും ജോലിക്കു വിടുന്നവരുടെയും പക്കൽ നിന്നും പൈസ മാത്രമാണ് ഏജൻസികളുടെ ലക്ഷ്യം.
വയസായ മാതാപിതാക്കളുടെ ശരീരത്തിനൊപ്പം മനസും തളർത്തുന്ന നിലയിലാക്കുകയാണ് ഹോം നഴ്സുമാരെന്നു പറയുന്നവർ ചെയ്യുന്നത്. നടക്കാൻ അല്പം പ്രയാസമുള്ളവരെ ഏൽപ്പിച്ചാൽ ഇവർ പാംപേഴ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സാനിട്ടറി നാപ്കിൻ വച്ചു കെട്ടി കട്ടിലിൽത്തന്നെ കിടത്തി ചലനശേഷി ഇല്ലാത്തവരാക്കി മാറ്റുന്നു.
വയസായവരെയും രോഗികളെയും നോക്കാൻ പതിനഞ്ചുമുതൽ പതിനെട്ടായിരം രൂപ വരെയാണ് ഏജൻസികളുടെ നിരക്ക്. ഓരോ ജില്ലയിലും ഓരോ നിരക്കാണ്. ഇതൊക്കെ നിയന്ത്രിക്കാൻ വയസായവരുടെയും രോഗികളുടെയും പരിചരണത്തിനായി വിടുന്നവർക്ക് പരിശീലനം കൊടുക്കാൻ സർക്കാർ തലത്തിൽ ജെറിയാട്രിക് പരിശീലനകേന്ദ്രം തുടങ്ങണം. ഏജൻസികളെ ബോധവത്കരിക്കുകയും വേണം . എല്ലാ ഏജൻസികളെയും സർക്കാർ മേൽനോട്ടത്തിലാക്കി ജോലിക്കാരുടെ ശമ്പളം ഏകീകരിക്കുകയും വേണം.
കുസുമം. ആർ. പുന്നപ്ര