pandits-met-modi

ഹൂസ്റ്റൺ: ഒരു പുതിയ കാശ്മീർ നിർമ്മിക്കുമെന്ന വാഗ്ദാനം ഹൂസ്റ്റണിലും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൂസ്റ്റണിൽ മോദിയെ കാണാനെത്തിയ 17അംഗ കാശ്മീരി പണ്ഡിറ്റ് സംഘത്തോടാണ് ഇക്കാര്യം മോദി വീണ്ടും പറഞ്ഞത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്ക് പിന്നാലെയാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പണ്ഡിറ്റുകൾ മോദിയെ കാണാനെത്തിയത്. സർക്കാരിനോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് സംഘം മോദിയെ അറിയിച്ചു.


കാശ്‌മീരിലേക്ക് പണ്ഡിറ്റുകൾക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്നും ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ ഒരു ദൗത്യസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം അവർ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

പണ്ഡിറ്റുകൾ വളരെ വൈകാരികമായാണ് മോദിയുമായി സംസാരിച്ചതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മോദി അവരുടെ കൈകളിൽ പിടിക്കുന്നതും സംഘത്തിലെ ഒരാൾ അദ്ദേഹത്തിന്റെ കൈകളിൽ മുത്തമിടുന്നതും കാണാം. ആഹ്ലാദത്തോടെയാണ് മോദി നിവേദനം സ്വീകരിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ മാദ്ധ്യമങ്ങളെ അറിയിച്ചു. പ്രതിനിധി സംഘത്തോടൊപ്പം മോദി ഒരു സംസ്കൃതശ്ലോകം ചൊല്ലുകയുംചെയ്തു. “നമസ്തേ ശാരദാദേവി കാശ്‌മീരാ പുര വാസിനീ” (കാശ്‌മീരപുരത്തിൽ വസിക്കുന്ന ശാരദാദേവിക്ക് വന്ദനം) എന്നു തുടങ്ങുന്ന ശ്ലോകമാണ് ചൊല്ലിയത്. കാശ്മീരി പണ്ഡിറ്റുകളുമായി മോദി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യയുടെയും ഓരോ ഇന്ത്യക്കാരുടെയും വികസനത്തിനു അവരൊന്നടങ്കം പിന്തുണ അറിയിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.