howdy-modi

ഹൂസ്റ്റൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ഹൂസ്റ്റനിലെത്തിയ സാഹചര്യത്തിൽ പാകിസ്ഥാനിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ബലൂച്, സിന്ധ്, പഷ്‌തോ മേഖലയിൽ നിന്നുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യർത്ഥിച്ച് മോദിയും ട്രംപും ഒന്നിക്കുന്ന എൻ.ആർ.ജി സ്‌റ്റേഡിയത്തിൽ എത്തി നേതാക്കളെ കാണുമെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ബലൂചികൾക്കൊപ്പം നൂറോളം വരുന്ന സിന്ധികളും പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഈ ആവശ്യം ഉന്നയിച്ച് ഒത്തുചേരും.

പാക് ഭരണകൂടത്തിൽ നിന്ന് നിരന്തരം പീഡനം അനുഭവിക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങളും ഇവർ ഉയർത്തിക്കാട്ടും. തങ്ങൾ ഉയർത്തുന്ന പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് മോദിയുടെയും ട്രംപിന്റെയും ശ്രദ്ധ പിടിച്ചുപറ്റാണ് ഇവരുടെ ശ്രമം. പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താൻ, സിന്ധ് പ്രവിശ്യകളിൽ ഉള്ളവർ. അഫ്ഗാൻ അതിർത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബർ പക്തൂൺഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂൺ വിഭാഗക്കാർ. ഈ മൂന്ന് വിഭാഗക്കാരാണ് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഹൗഡി മോദി പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിഷേധമുയർത്തി വിഷയം ഇന്ത്യയുടെയും അമേരിക്കയുടെയും ശ്രദ്ധ്രയിൽപെടുത്താനാണ് ഇവർ ശ്രമിക്കുന്നത്. തങ്ങൾക്കെതിരെ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവർ പറയുന്നത്. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നൽകിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണൽ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു. നൂറിലധികം പ്രതിഷേധക്കരാണ് ഈ ആവശ്യം ഉന്നയിച്ച് മോദിയുടെ പരിപാടിയിൽ എത്തുന്നത്.